ബംഗാൾ ഉൾക്കടലിൽ 'സിത്രാങ് ' ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിനു ശേഷമുള്ള ആദ്യ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന് തായ്ലൻഡ് നിർദേശിച്ച സിത്രാങ് എന്ന പേരായിരിക്കും നൽകുക.
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലെത്തി ന്യൂനമർദമായി മാറും. തുടർന്നു വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദമായി പിന്നീട് ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കേരളത്തിലും മഴയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്ത് പരക്കെ കനത്തമഴ;
ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം • സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ഇന്നലെ വിവിധ ജില്ലകളിൽ അതിശക്ത മഴ ലഭിച്ചു.
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ലക്ഷദ്വീപ് തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള, കർണാടക തീരങ്ങളിൽ തടസമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."