സഹിഷ്ണുത വേണം രാഷ്ട്രീയത്തിലും
കെ.എൻ.എ ഖാദർ
സി.പി.ഐ രൂപീകൃതമായിട്ട് 96 വർഷങ്ങൾ കഴിഞ്ഞു. 1925 ഡിസംബർ 26നു കാൺപൂരിൽ ചേർന്ന ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ യോഗത്തിൽവച്ചാണ് പാർട്ടി ജനിക്കുന്നത്. ഇടതുപക്ഷ മതേതര ബദൽ മുന്നണിയായി ഫാസിസത്തെ നേരിടാനാണ് വിജയവാഡയിൽ സമാപിച്ച പാർട്ടി കോൺഗ്രസ് തീരുമാനിച്ചു പിരിഞ്ഞത്. ആ മുന്നണിയിൽ കോൺഗ്രസിനുള്ള സവിശേഷ സ്ഥാനവും പ്രാമുഖ്യവും എടുത്തുപറയണമെന്ന കേരള പ്രതിനിധികളുടെ ആവശ്യം പാർട്ടി കോൺഗ്രസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇടതുപക്ഷ മതേതര ബദൽ എന്ന മുദ്രാവാക്യത്തിൽ അതും അന്തർലീനമാണെന്ന് പുതിയ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.
2025ൽ നൂറു വയസു തികയുന്ന പാർട്ടി ഇത്രകാലം സ്വപ്‌നംകണ്ട ദേശീയ ജനാധിപത്യ മുന്നണിയോ, ബദലോ ഇതുവരെ ഉണ്ടായിട്ടില്ലല്ലോ. ഇനിയും പ്രത്യേകിച്ചൊന്നും സംഭവിക്കാനിടയുമില്ല. അതു സാധ്യമാകത്തക്ക ശക്തിയോ ജനപിന്തുണയോ, ആശയപരമായോ സംഘടനാപരമായ ആരോഗ്യമോ ആ പാർട്ടിക്കില്ലതാനും. എങ്കിലും പാർട്ടി ശ്രമിക്കട്ടെ. ഫാസിസത്തിനൊരു ബദലുണ്ടായാൽ നല്ലതാണല്ലോ. ബിഹാറിലെ നിധീഷ് കുമാറിനും പശ്ചിമബംഗാളിലെ മമതാ ബാനർജിക്കും തമിഴ്‌നാട്ടിലെ സ്റ്റാലിനും തെലങ്കാനയിലെ ചന്ദ്രശേഖർ റാവുവിനും ഇത്തരം അജൻഡകൾ ഉണ്ടാവാം. അവരുടെ പാർട്ടികൾക്ക് പാർട്ടി കോൺഗ്രസോ, രേഖകളോ, എഴുതപ്പെട്ട പ്രത്യയശാസ്ത്രങ്ങളോ നമ്മുടെ അറിവിലില്ല. തീർത്തും വ്യക്തിനിഷ്ഠമായ ആഗ്രഹാഭിലാഷങ്ങളും ജനപിന്തുണയുമാണ് അവരുടെയെല്ലാം ശക്തി. ഒറ്റക്കോ, കൂട്ടായോ അവരെല്ലാം ഏതെങ്കിലും രൂപത്തിലോ, പേരുകളിലോ ബദൽനയങ്ങളുള്ള ഒരു മുന്നണിയോ, ഒന്നിലേറെ മുന്നണികളോ ഉണ്ടാക്കി ഫാസിസത്തെയും വർഗീയതയെയും ചെറുക്കുമെങ്കിൽ അതും നല്ലതുതന്നെ.
കോൺഗ്രസ് പാർട്ടിയും രാജ്യത്തെ ഒരു ദേശീയകക്ഷിയെന്ന നിലയിൽ അവരുടേതായ ചില പ്രവർത്തനങ്ങൾ നടത്തിവരുന്നത് ആശാവഹമാണ്. സി.പി.എം നേരത്തെ കണ്ണൂർ കോൺഗ്രസിൽവച്ച് ഫാസിസത്തെ നേരിടാൻ ചില പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഇവരെല്ലാം പറയുന്ന കാര്യങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നതു തന്നെയാണ്. അവരുടെയൊക്കെ മാർഗങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പരിപാടികളിലും സിദ്ധാന്തങ്ങളിലും വ്യതിരിക്തതയും കാണും. പക്ഷേ, എന്തെങ്കിലുമൊന്ന് നടന്നുകാണാൻ ഇന്ത്യൻ ജനത കാത്തിരിക്കുകയാണ്. ഈ പാർട്ടികളെയെല്ലാം ഒന്നിച്ചുനിർത്താൻ ആർക്കു കഴിയും? ഇവരൊക്കെ തമ്മിൽ ചില വിട്ടുവീഴ്ചകൾ ചെയ്തും പൊരുത്തപ്പെട്ടും തൽക്കാലം ഇന്ത്യൻ ജനതയ്ക്കു വേണ്ടി ചില ത്യാഗങ്ങൾ സഹിക്കട്ടെ. ശക്തമായ ബദലുണ്ടാക്കാൻ എന്നാണ് തയാറാവുകയെന്നതും ശരാശരി ഇന്ത്യക്കാരന്റെ ദുഃഖമാണ്. ആരിൽനിന്നും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യമാണ്. അതിന്റെയെല്ലാം സ്വാഭാവിക പരിണാമം കോൺഗ്രസിലൂടെ നടക്കുമെങ്കിൽ നല്ലത്. ഇപ്പോഴും ഈ വിഷയത്തിനു നേതൃത്വം കൊടുക്കാൻ കൂടുതൽ യോഗ്യത ആ പാർട്ടിക്കു തന്നെയാണ്.
ഒറ്റതിരിഞ്ഞുനിന്ന് പരസ്പരം കലഹിക്കുന്ന കാലത്തോളം മതസൗഹാർദം, സഹിഷ്ണുത തുടങ്ങിയ പദങ്ങൾ ക്ലീഷെയായി മാറിക്കഴിഞ്ഞു. സകലരും പറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ അധരസേവയിൽ അവ ചിലപ്പോൾ ഒതുങ്ങിപ്പോവുന്നു. രാഷ്ട്രീയപാർട്ടികൾ തമ്മിൽ സൗഹാർദവും പരസ്പരം സഹിഷ്ണുതയും വച്ചുപുലർത്തണം. നേതാക്കൾ തമ്മിലുള്ള സ്‌നേഹബന്ധങ്ങളും പരസ്പര സഹായങ്ങളും മാത്രം മതിയാകില്ല. അനുയായികൾ കഴിവതും തമ്മിലടിക്കാതെ പൊതുകാര്യങ്ങൾക്കായി ഒരുമിച്ചു നിൽക്കുക തന്നെ വേണം. മതേതര ജനാധിപത്യ ഇന്ത്യയെന്ന സങ്കൽപ സാക്ഷാൽക്കാരത്തിനെങ്കിലും അത്രയും ആവശ്യമാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ രാജ്യത്തിനു മുന്നിൽ വ്യക്തമായ ഒരു മതേതരവഴി തെളിഞ്ഞു വന്നിട്ടില്ല. ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുകയാണ്. അതിവേഗം കോൺഗ്രസും ഇതര മതേതര കക്ഷികളും ഒന്നുചേർന്ന് ജനങ്ങളെ നിയിക്കാൻ തയാറാവുന്നില്ലെങ്കിൽ അവർ ചിതറിപ്പോവും. രാഷ്ട്രീയ കക്ഷികളിൽ അവർക്കു വിശ്വാസം നഷ്ടപ്പെടും. അതിന്റെ പ്രത്യാഘാതം അഭിലഷണീയമാവുകയില്ല. ഫലത്തിൽ വർഗീയതയ്ക്കും ഏകാധിപത്യത്തിനും അതു വളമായിത്തീരും. ഇന്ത്യയിലെ മതേതരകക്ഷികൾ സ്വയം തീർത്ത തടവറകളിൽനിന്ന് മോചനം നേടി അവരും രാജ്യവും ജനതയും ജനാധിപത്യവും ഭരണഘടനയും നിലനിൽക്കാൻ ചിലതു ചെയ്യണം. സംസ്ഥാനങ്ങളിൽ തുടരുന്ന ചേരിപ്പോരുകൾ ഉപേക്ഷിക്കണം. ദേശീയതലത്തിൽ ചിന്തിക്കുകയും രാജ്യതാൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകുകയും വേണം. ഒറ്റയും തെറ്റയുമായി ചില സംസ്ഥാനങ്ങളിൽ കിട്ടാനിടയുള്ള സീറ്റുകൾക്കു വേണ്ടി രാജ്യതാൽപര്യം ബലികൊടുക്കരുത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രപോലുള്ള മഹാ പ്രക്ഷോഭയാത്രകളും എല്ലാ മതേതര കക്ഷികളും നേതാക്കളും ഒരുമിച്ചു നയിക്കണം. ഇന്ത്യയിൽ അതു ചെന്നെത്താത്ത ഗ്രാമങ്ങളോ, പട്ടണങ്ങളോ ഉണ്ടാവരുത്. സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള പ്രാദേശിക കക്ഷികൾ വിചാരിച്ചാൽ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും അതു മഹാപ്രകമ്പനം സൃഷ്ടിക്കും. ദേശീയതലത്തിൽ ഒരു ഫാസിസ്റ്റ് വിരുദ്ധ മഹാസംഗമത്തിൽ എല്ലാവരും ഒരുമിച്ചുചേരണം. ഇന്ത്യയുടെ തലസ്ഥാനത്ത് മതേതരശക്തികളുടെ ഒത്തുചേരൽ ജനങ്ങളിൽ ആത്മവിശ്വാസം വളർത്തും.
ഇപ്പോഴത്തെ ഭരണം മാറ്റി ഒരു മതേതര ഭരണം സ്ഥാപിക്കാൻ ഈ ശക്തികൾക്കു കഴിയുമെന്ന തോന്നൽപോലും ജനങ്ങളെ ഇളക്കിമറിക്കും. ഒറ്റതിരിഞ്ഞുനിന്നു പരസ്പരം കലഹിക്കുന്ന കാലത്തോളം മതസൗഹാർദം, സഹിഷ്ണുത തുടങ്ങിയ പദങ്ങൾ ക്ലീഷെയായി മാറിക്കഴിഞ്ഞു. സകലരും പറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ അധരസേവയിൽ അവ ചിലപ്പോൾ ഒതുങ്ങിപ്പോവുന്നു. രാഷ്ട്രീയപാർട്ടികൾ തമ്മിൽ സൗഹാർദവും പരസ്പരം സഹിഷ്ണുതയും വച്ചുപുലർത്തണം. നേതാക്കൾ തമ്മിലുള്ള സ്‌നേഹബന്ധങ്ങളും പരസ്പര സഹായങ്ങളും മാത്രം മതിയാകില്ല. അനുയായികൾ കഴിവതും തമ്മിലടിക്കാതെ പൊതുകാര്യങ്ങൾക്കായി ഒരുമിച്ചു നിൽക്കുകതന്നെ വേണം. മതേതര ജനാധിപത്യ ഇന്ത്യയെന്ന സങ്കൽപ സാക്ഷാൽക്കാരത്തിനെങ്കിലും അത്രയും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."