HOME
DETAILS

ഭരണകൂടത്തിന്റെ ക്ഷുഭിത യൗവനം

  
backup
August 07 2021 | 19:08 PM

7896456345-2
വി അബദുല്‍ മജീദ്‌
 
കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ഗതികെട്ട് കഴിയുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍. ഇതിന്റെ പേരില്‍ നാടെങ്ങും ഭരണകൂടത്തിനെതിരേ രോഷം പുകയുന്നതിനിടയിലാണ് ഭരണകൂടത്തിന്റെ തലപ്പത്തു നിന്നു തന്നെ രോഷപ്പുക ഉയര്‍ന്നത്. സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ കൊവിഡ് അവലോകന യോഗത്തില്‍ ക്ഷോഭിച്ചതായാണ് വാര്‍ത്ത.
 
നിയന്ത്രണം ലംഘിച്ച് കട തുറന്നാല്‍ നേരിടാനറിയാമെന്നും അതു മനസിലാക്കി കളിച്ചാല്‍ മതിയെന്നും ഏതാനും ദിവസങ്ങള്‍ മുമ്പ് കച്ചവടക്കാരെ വെല്ലുവിളിച്ച മുഖ്യമന്ത്രി തന്നെ കച്ചവടക്കാരുടെ കഷ്ടപ്പാടോര്‍ത്ത് രോഷാകുലനായതില്‍ ഒരുപാടാളുകള്‍ മൂക്കത്തു വിരല്‍വയ്ക്കുകയുണ്ടായി. ഭരണകൂടത്തിനെതിരേ ഭരണത്തലവന്‍ തന്നെ രോഷംകൊള്ളുന്നതിന്റെ ഗുട്ടന്‍സ് പലര്‍ക്കും പിടികിട്ടാത്തതാണ് കാരണം.
 
എന്നാല്‍ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ സഞ്ചാരപഥങ്ങള്‍ അറിയാവുന്നവര്‍ക്ക് കാര്യം എളുപ്പത്തില്‍ പിടികിട്ടിക്കാണും. ഇഷ്ടത്തോടെയായാലും അല്ലെങ്കിലും ജനാധിപത്യമെന്ന ഭാരം പേറാന്‍ നിര്‍ബന്ധിതമാകുന്ന രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ചിലപ്പോള്‍ ഇങ്ങനെ ഡബിള്‍ റോളില്‍ അഭിനയിക്കേണ്ടിവരും. ജനങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് നേരിടുന്ന തീരുമാനങ്ങളിലും നടപടികളിലും പലപ്പോഴും ഭരണകൂടം ശാഠ്യത്തോടെ ഉറച്ചുനിന്നേക്കും. ജനവികാരം അതിരൂക്ഷമാകുകയും പിടിച്ചുനില്‍ക്കാനാവാതെ വരികയുമുണ്ടായാല്‍ തോറ്റു പിന്മാറുന്നു എന്ന തരത്തില്‍ അതു പിന്‍വലിക്കാന്‍ ഒരു ഭരണാധികാരിയും ഇഷ്ടപ്പെടുന്നില്ല. അത്തരം ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായി കാണിച്ച് തടിയൂരലാണ് പ്രതിച്ഛായയ്ക്കു നല്ലത്. അതിന് മികച്ച വാര്‍ത്താമൂല്യം കിട്ടാനുള്ള പി.ആര്‍ പ്രവര്‍ത്തനം ശിങ്കിടികള്‍ നടത്തുകയും ചെയ്യും.
 
അതുപോലെ ജനരോഷം ഭരണകൂടത്തിനു പരുക്കേല്‍പ്പിക്കുന്ന അവസ്ഥയൊഴിവാക്കി അതു ഭരണപക്ഷത്തു തന്നെ സമാഹരിച്ചുനിര്‍ത്താനും തന്ത്രശാലികളായ ഭരണാധികാരികള്‍ ശ്രമിക്കാറുണ്ട്. കെ. കരുണാകരനായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും മിടുക്കന്‍. അദ്ദേഹം ഭരണത്തിലിരുന്ന കാലത്തെല്ലാം എതിര്‍ഗ്രൂപ്പെന്ന പേരില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ സജീവമാകുമായിരുന്നു. അതിനെ ശക്തമായി അടിച്ചമര്‍ത്താതെ ഒരളവോളം രഹസ്യമായി പ്രോത്സാഹിപ്പിക്കാന്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഭരണപക്ഷത്തു തന്നെ ഒരു പ്രതിപക്ഷത്തെ അദ്ദേഹം സൃഷ്ടിച്ചെടുത്തിരുന്നു. കരുണാകര ഭരണത്തിനെതിരേ വലിയ ജനരോഷമുണ്ടാകുന്ന വിഷയങ്ങളില്‍ ആദ്യം ചാടിവീണിരുന്നത് കോണ്‍ഗ്രസിലെ തന്നെ ഈ പ്രതിപക്ഷമായിരുന്നു. ഇടതുകക്ഷികളുള്‍പ്പെട്ട സാങ്കേതിക പ്രതിപക്ഷത്തിന് ലഭിച്ചിരുന്നത് രണ്ടാം റോള്‍ മാത്രമാണ്.
 
കോണ്‍ഗ്രസിലെ ആ പ്രതിപക്ഷം പിന്നീട് പിടിവിട്ട് ശക്തിപ്രാപിച്ചൊരു ഘട്ടത്തില്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകേണ്ടിവന്നത് വേറെ കാര്യം. അതുതന്നെ സംഭവിച്ചത് ഏറെക്കാലം മുഖ്യമന്ത്രിക്കസേരയിലും പ്രതിപക്ഷനേതാവിന്റെ പദവിയിലുമൊക്കെ ഇരുന്നതിനു ശേഷമാണ്. സാധാരണ ഗതിയില്‍ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് അധികാരത്തിലിരിക്കാന്‍ സാധിച്ചതിനേക്കാളധികം കാലം കരുണാകരന് അതു സാധിച്ചത് ഈ കളിയുടെ ഫലംകൊണ്ടു കൂടിയാണ്. കേരളത്തിനു പുറത്തും കോണ്‍ഗ്രസ് ഈ തന്ത്രം പയറ്റിയിട്ടുണ്ട്. പണ്ട് കോണ്‍ഗ്രസ് ചെയ്ത പല കാര്യങ്ങളും ഇത്തിരി വൈകി ചെയ്തു ശീലിച്ചൊരു പാര്‍ട്ടിയുടെ നേതാവാണല്ലോ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി.
1970കള്‍ മുതല്‍ രാജ്യത്തെ രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ വലിയ ഇടംനേടിയ ഒന്നാണ് 'ക്ഷുഭിത യൗവനം' എന്ന സങ്കല്‍പ്പം. രാഷ്ട്രീയത്തിലും സിനിമയിലും സാഹിത്യത്തിലുമൊക്കെ അതിന് വലിയ മാര്‍ക്കറ്റുണ്ടായിരുന്നു. വ്യക്ത്യാരാധനയ്ക്ക് വലിയ ഇടമുള്ള ഇന്ത്യന്‍ രാഷ്ട്രീയ മാര്‍ക്കറ്റില്‍ നേതാക്കളുടെ ഇത്തരം ക്ഷോഭങ്ങള്‍ക്ക് ഇന്നും മികച്ച സ്വീകാര്യതയുണ്ട്. നാളെ കര്‍ഷകസമരം ഇനിയും ശക്തിപ്പെടുകയും പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ മറ്റു മാര്‍ഗമില്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ഒരു ക്ഷുഭിതയുവാവ് പ്രത്യക്ഷപ്പെട്ടേക്കാം. കര്‍ഷകരുടെ ദുരിതത്തിന്റെ പേരില്‍ അദ്ദേഹം രോഷംകൊണ്ട് സംസാരിച്ചേക്കാം. എന്നിട്ട് നിയമങ്ങള്‍ പിന്‍വലിച്ചേക്കാം. പി.ആര്‍ പ്രവര്‍ത്തനത്തില്‍ വലിയ മിടുക്കുള്ള സംഘ്പരിവാര്‍ നിയന്ത്രിത മാധ്യമ സംവിധാനങ്ങള്‍ അതിനു വേണ്ടത്ര പ്രചാരം നല്‍കിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷ ശബ്ദങ്ങള്‍ അപ്രസക്തമായേക്കാനും കര്‍ഷകരോഷം പോലും ബി.ജെ.പി അക്കൗണ്ടില്‍ വോട്ടായി ചെന്നുവീഴാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ ഇന്ദ്രജാലങ്ങള്‍ ഇങ്ങനെയൊക്കെയാണ്. 
 
വിദഗ്ധര്‍ വാഴുന്ന കേരളം
 
നിങ്ങളൊരു വീടുണ്ടാക്കിനോക്കൂ. ബന്ധുക്കളിലും നാട്ടുകാരിലും സുഹൃത്തുക്കളിലുമൊക്കെ ധാരാളം സിവില്‍ എന്‍ജിനിയര്‍മാരുണ്ടെന്ന് ബോധ്യപ്പെടും. അടിത്തറ പണിയുന്നതു മുതല്‍ പെയിന്റിങ് ജോലികള്‍ വരെയുള്ളവയ്ക്ക് അവര്‍ വിദഗ്‌ധോപദേശം തരും. എപ്പോഴെങ്കിലും നമ്മുടെ വാഹനം സ്റ്റാര്‍ട്ടാവാന്‍ ഇത്തിരി പ്രയാസം നേരിട്ടാല്‍ നാട്ടില്‍ ധാരാളം ഓട്ടൊമൊബൈല്‍ എന്‍ജിനിയര്‍മാരുണ്ടെന്ന് മനസിലാകും. വഴിയേ പോകുന്ന പലരും വണ്ടിയുടെ സാങ്കേതിക തകരാറുകളെല്ലാം ഒറ്റനോട്ടത്തില്‍ കണ്ടെത്തി പറഞ്ഞുതരും. പറമ്പില്‍ ഇത്തിരി കപ്പയോ ഒരു മുരട് വാഴയോ നടാനിറങ്ങിയാല്‍ അതു കാണുന്ന മിക്കയാളുകളുകളും മികച്ച കൃഷി വിദഗ്ധരായിരിക്കും. ജീവിതത്തില്‍ ഒരു മുളകുതൈ പോലും നടാത്തവരാണെങ്കിലും എങ്ങനെ വളമിടണമെന്നും വിളകളെ എങ്ങനെ പരിപാലിക്കണമെന്നുമൊക്കെ അവര്‍ വിശദമായി പറഞ്ഞുതരും.
നമ്മുടെ നാട്ടില്‍ ഏറ്റവുമധികം വിദഗ്ധരുള്ളത് ആരോഗ്യമേഖലയിലാണ്. നമ്മളൊന്നു തുമ്മിയാല്‍, ചുമച്ചാല്‍, അല്ലെങ്കില്‍ ദേഹത്തെവിടെയെങ്കിലും വേദനയുണ്ടെന്നു പറഞ്ഞാല്‍ ഒരു പരിശോധനയുമില്ലാതെ തന്നെ ധാരാളമാളുകള്‍ രോഗം കണ്ടെത്തി ചികിത്സ പറഞ്ഞുതരും. 
 
ഇതൊക്കെ നാടന്‍ വിദഗ്ധരുടെ കാര്യമാണ്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ധാരാളം ആരോഗ്യ വിദഗ്ധരുമുണ്ട് നമ്മുടെ നാട്ടില്‍. വലിയ ഡിഗ്രികളും സര്‍ക്കാര്‍ സര്‍വിസില്‍ അതിനൊത്ത പദവികളുമുള്ളവര്‍. കൊവിഡ് വന്നതില്‍ പിന്നെ അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ നാടു ഭരിക്കുന്നത് അവരാണ്.
 
കൊവിഡ് വ്യാപിക്കാതിരിക്കാന്‍ അവര്‍ ഓരോ ഘട്ടത്തിലായി ഓരോ ഉപദേശം നല്‍കി. സര്‍ക്കാര്‍ അത് അക്ഷരംപ്രതി അനുസരിച്ചു. ഗത്യന്തരമില്ലാതെ ജനങ്ങളും അതുതന്നെ ചെയ്തു. രണ്ടാം തരംഗമുണ്ടായപ്പോള്‍ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ അടച്ചിടണമെന്നും വെള്ളിയാഴ്ച തന്നെ വൈകുന്നേരം അഞ്ചു മണിവരെ മാത്രമേ തുറക്കാവൂ എന്നും വ്യവസ്ഥ വന്നു. വെള്ളിയാഴ്ചകളില്‍ കമ്പോളങ്ങളില്‍ സൂചികുത്താനിടമില്ലാത്ത വിധം ജനത്തിരക്കുണ്ടായി. കൊവിഡ് വ്യാപനത്തിന് ഒട്ടും കുറവുണ്ടായതുമില്ല. തിരക്കു കുറയ്ക്കാന്‍ എല്ലാ ദിവസവും കൂടുതല്‍ സമയം കടകള്‍ തുറക്കുന്നതല്ലേ നല്ലതെന്ന് സാമാന്യ ബുദ്ധി വച്ച് നാട്ടുകാര്‍ ചോദിച്ചിട്ടും ഫലമുണ്ടായില്ല. കാരണം വിദഗ്ധര്‍ അത് അംഗീകരിച്ചില്ല.
 
ഒടുവില്‍ ജീവിതം വഴിമുട്ടിയ നാട്ടുകാരുടെ പ്രതിഷേധത്തിനു വഴങ്ങി നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തയാറായപ്പോഴേക്കും വീണ്ടും വന്നു വിദഗ്‌ധോപദേശം. കടകളില്‍ ജോലി ചെയ്യാനും അവിടങ്ങളില്‍ പോയി സാധനങ്ങള്‍ വാങ്ങാനും വാക്‌സിനെടുത്തതിന്റെയോ അല്ലെങ്കില്‍ മൂന്നു ദിവസം മുമ്പു വരെ നടത്തിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെയോ അതുമല്ലെങ്കില്‍ കൊവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയതിന്റെയോ ഒക്കെ രേഖ വേണമെന്ന്. ഇടംവലം നോക്കാതെ സര്‍ക്കാര്‍ അത് ഉത്തരവായി ഇറക്കുകയും ചെയ്തു. അങ്ങനെ കടകള്‍ തുറന്നുകഴിഞ്ഞപ്പോഴാണ് അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാകുന്നത്. മൂന്നു ദിവസം കൂടുമ്പോള്‍ ടെസ്റ്റ് നടത്തല്‍ സാധാരണക്കാര്‍ക്ക് എളുപ്പമുള്ള കാര്യമല്ല. വാക്‌സിനെടുക്കാന്‍ ആഴ്ചകളായി ശ്രമിച്ചിട്ടും മഹാഭൂരിപക്ഷം ആളുകള്‍ക്കും അതു സാധിച്ചിട്ടുമില്ല.
 
ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ കേരളത്തിലെ പകുതിയിലേറെ ആളുകള്‍ക്ക് കടകളില്‍ ജോലി ചെയ്യാനോ അവിടെ ചെന്ന് സാധനങ്ങല്‍ വാങ്ങാനോ ആവില്ല. ഇതും വലിയ പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്ന് ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത. എന്നിട്ടും ഉത്തരവ് തിരുത്തിയിട്ടില്ല. വിദഗ്ധരുടെ മനസ് വേദനിക്കരുതല്ലോ.
 
ഇങ്ങനെയൊക്കെയാണെങ്കിലും വിദഗ്ധരെന്നു പറയപ്പെടുന്ന ഇക്കൂട്ടര്‍ക്ക് വൈദഗ്ധ്യമില്ലെന്നൊന്നും പറയാനാവില്ല. വന്‍കിട ഓണ്‍ലൈന്‍ വ്യാപാര മേഖലകളിലേക്ക് നോക്കൂ. സാധാരണക്കാരുടെ കടകള്‍ പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലും ആ മേഖലയില്‍ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. അവിടെ കാണാം ഈ വിദഗ്ധരുടെ വൈദഗ്ധ്യം.   
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago