HOME
DETAILS
MAL
ബഹുവര്‍ണ കുറുക്കന്‍
backup
August 08 2021 | 01:08 AM
മെലിഞ്ഞ ഒരു കുറുക്കന്‍ ഇരതേടി നടക്കുന്ന നേരം പല വര്‍ണങ്ങളിലുള്ള ചായങ്ങള്‍ നിറച്ചുവച്ച പാത്രങ്ങളില്‍ വീഴാന്‍ ഇടയായി. ഇരയൊന്നും തടയാതെ നടന്നുക്ഷീണിച്ച കുറുക്കന്‍ വെളിച്ചമുള്ള ഒരിടത്ത് ഇരുന്ന് അല്‍പനോരം വിശ്രമിച്ചു. അപ്പോഴാണ് അവന്‍ തന്റെ ദേഹത്തിനു വന്ന നിറവ്യത്യാസങ്ങള്‍ ശ്രദ്ധിച്ചത്. ഇടതുഭാഗം ചുവപ്പ്, വാല്‍ പച്ച, നെഞ്ച് നീല. തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു മൊത്തത്തിലുള്ള ശരീരഘടന കണ്ടപ്പോള്‍ കുറുക്കനു നല്ല ചന്തം തോന്നി.
താന്‍ മയിലിനെ പോലെ മനോഹാരിതയുള്ള ഒരു മൃഗമായി മാറിയതായി കുറുക്കന്‍ വിചാരിച്ചു. ഇപ്പോള്‍ ഞാന്‍ ആ പഴയ കുറുക്കനല്ല! സ്വര്‍ഗത്തില്‍ നിന്നു വന്നിറങ്ങിയ പുതിയ ഒരു ജീവിയാണ്. അവന്‍ അത്മഗതം ചെയ്തു.
ഒരു പ്രതാപിയെ പോലെ അവന്‍ വനത്തിലെ തന്റെ സുഹൃത്തുക്കള്‍ക്കരിലേക്ക് നടന്നു. കൂട്ടുകാര്‍ തന്നെ സംശയദൃഷ്ടിയോടെ നോക്കുന്നത് അവന്‍ കണ്ടതായി ഭാവിച്ചില്ല. പഴയ ചങ്ങാതിമാരെ അവന്‍ അവഗണിച്ചു. ഗര്‍വ് നടിച്ചു.
കുട്ടിക്കാലത്തേ അവനെ പരിചയമുള്ള ചങ്ങാതിമാര്‍ ചോദിച്ചു: 'നീ എന്തു ചായമാണ് ദേഹത്ത് തേച്ചിരിക്കുന്നത്? ഇതെവിടെ നിന്നു കിട്ടി?'. അവനൊന്നും മിണ്ടിയില്ല. അവര്‍ വീണ്ടും ചോദിച്ചു: 'നീ നിന്റെ പഴയ കൂട്ടുകാരെയെല്ലാം മറന്നതുപോലെ തോന്നുന്നുവല്ലോ. ഞങ്ങളെപ്പോലെ ഒരു കുറുക്കന്‍ മാത്രമാണ് നീ എന്ന കാര്യം മറക്കേണ്ട. എന്താണ് നിന്റെ തലയില്‍ കയറിക്കൂടിയത്?' ഇതുവരെയില്ലാത്ത ഈ ഗര്‍വും ധാടിയും പെട്ടെന്ന് എവിടെ നിന്ന് വന്നു.?'- ചങ്ങാതിമാരുടെ ഈ സംസാരം തന്നോടല്ല എന്ന ഭാവത്തില്‍ അവന്‍ ധിക്കാരത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു നടന്നു.
അവന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരന്‍ അടുത്തുചെന്നു ശാന്തമായി പറഞ്ഞു: 'സത്യത്തില്‍ എന്താണു നിനക്ക് പറ്റിയത്? നിന്റെ ശരീരത്തില്‍ ഈ തേച്ചുപിടിപ്പിച്ചതെന്താണ്? നീ വല്ല ചതിയിലും അകപ്പെട്ടോ? അതോ ഞങ്ങളെ കളിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും ഉപായം ഒപ്പിച്ചതാണോ? ഞങ്ങള്‍ നിന്നോട് അസൂയപ്പെടണം എന്നു നീ വിചാരിക്കുയാണോ?' സൂഹൃത്ത് തുടര്‍ന്നു: 'ആര്‍ക്കും നിന്നോട് ഒരു മതിപ്പും തോന്നുന്നില്ല എന്നു നീ മനസിലാക്കണം. ആരും നിന്നെ ശ്രദ്ധിക്കുന്നുപോലുമില്ല. നിന്റെ യഥാര്‍ഥ നിറം വൈകാതെ തന്നെ നീ മനസിലാക്കും'.
ഈ വാക്കുകള്‍ പക്ഷേ, നിറംമാറിയ കുറുക്കനില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. തന്റെ ഔദ്ധത്യത്തിന്റെ കുതിരപ്പുറത്ത് അവന്‍ സവാരി തുടര്‍ന്നു. അവന്റെ മനസ് അവനോട് ഇങ്ങനെ പറഞ്ഞു: 'നോക്കൂ നീ എത്ര സുന്ദരനാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ ആണ് നിന്റേത്. ഇങ്ങനെയുള്ള ഒരു ജീവിയെ നീ എന്നെങ്കിലും എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല. പല വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍ നൃത്തംചെയ്യുന്ന ഉദ്യാനം പോലെയാണ് നീയിപ്പോള്‍. ദൈവത്തിന്റെ സ്വന്തക്കാരനാണു നീ. അവന്‍ മോടിപിടിപ്പിച്ചിരിക്കുന്നു'.
പെട്ടെന്ന് അവന്‍ മറ്റു കുറുക്കന്മാരെ നോക്കി പ്രസ്താവിച്ചു: 'നിങ്ങള്‍ താണതരം മൃഗങ്ങള്‍ ഇനി മേല്‍ എന്നെ കുറുക്കന്‍ എന്നു വിളിക്കരുത്'. പിന്നീട് അവന്‍ ചോദിച്ചു. 'എന്നോളം സൗന്ദര്യമുള്ള കുറുക്കന്‍മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?'
'കുറുക്കന്‍മാര്‍ അവന്റെ ചുറ്റും കൂടി. നീ കുറുക്കനല്ലെങ്കില്‍ പിന്നെ ആരാണ്?'- അവര്‍ ചോദിച്ചു.
'ഞാന്‍ ആണ്‍മയിലാണ്. വ്യാഴം ഗ്രഹത്തേക്കാള്‍ ശോഭയുള്ള ആണ്‍മയില്‍'
'ശരി. ആണ്‍മയിലാണെങ്കില്‍ നീ ആണ്‍മയിലിനെ പോലെ ഒരു പാട്ട് പാട്'.
'ഇല്ല അതെനിക്കു പറ്റില്ല'.
കുറുക്കന്‍മാരെല്ലാം ഉറക്കെ ചിരിച്ച് അവിടെ നിന്നു പിരിഞ്ഞുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."