കിഷന്‍ഗഞ്ചില്‍ നിന്ന് പ്രതീക്ഷാപൂര്‍വം
ശാക്കിര്‍ മണിയറ
ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത ഒരാള്‍ക്ക് നിങ്ങള്‍ എല്ലാ ദിവസവും മീന്‍ പിടിച്ചു നല്‍കുകയാണെങ്കില്‍ അയാള്‍ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ മീനിനായി കാത്തിരിക്കും. അതേസമയം നിങ്ങളയാള്‍ക്ക് മീന്‍ പിടിക്കുന്ന രീതി പഠിപ്പിച്ചു കൊടുക്കുകയാണെങ്കില്‍ അതുവച്ച് അയാള്‍ ജീവിതകാലം മുഴുവന്‍ ഉപജീവനമാര്‍ഗം കണ്ടെത്തും. ശാക്തീകരണമാണ് ഏറ്റവും വലിയ വിപ്ലവമെന്നു പറയുന്ന ഒരു ചൈനീസ് പഴമൊഴിയാണിത്. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ബിഹാറിലെ ന്യൂനപക്ഷങ്ങളുടെ ദയനീയ മുഖങ്ങളെക്കുറിച്ചും വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ നല്ല പ്രഭാതങ്ങളെക്കുറിച്ചുമുള്ള വര്‍ത്തമാനം പറയുമ്പോള്‍ ഈ പഴമൊഴിക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.
സ്വപ്‌നങ്ങളില്ലാത്ത ബാല്യങ്ങള്‍
ബിഹാറിലെ ഒരു സുപ്രഭാതക്കാഴ്ചകളില്‍ നിന്നു തുടങ്ങാം. പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മുളങ്കാടുകളിലും വലയോരങ്ങളിലും അഭയംതേടുന്ന മനുഷ്യരെക്കാണാം. തങ്ങളെക്കാള്‍ രണ്ടോ മൂന്നോയിരട്ടി വലുപ്പം വരുന്ന കാലികളുമായി വീടുവിട്ടിറങ്ങുന്ന പയ്യന്മാരെക്കാണാം. പണിയായുധങ്ങളുമായി പാടത്തേക്ക് നിരനിരയായി നീങ്ങുന്ന കുട്ടികളെക്കാണാം. വൈകുന്നേരം വരെ, ചിലപ്പോള്‍ രാത്രിയോളം തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ച് വീട്ടിലേക്കു തിരിക്കുക, കിട്ടിയ ഭക്ഷണം കൊണ്ട് വിശപ്പടക്കുക, കിടക്കുക, അടുത്ത ദിവസമുണര്‍ന്ന് അതേപടി തുടരുക. ഒരെണ്ണയിട്ട യന്ത്രംപോലെ ദിനേന പ്രവര്‍ത്തിക്കുകയാണ് ഇവിടത്തെ ചെറിയ മക്കള്‍. ഇതിനപ്പുറം മറ്റൊന്നും സ്വപ്‌നം കാണാനാവാത്തവിധം അവരുടെ ലോകം ചുരുക്കപ്പെട്ടിരിക്കുന്നു.
കൃഷിയാണ് മുഖ്യ വരുമാനമാര്‍ഗം. ഹരിതവും സുവര്‍ണവും മഞ്ഞയും വര്‍ണങ്ങള്‍ മാറിമാറിയണിയുന്ന പാടങ്ങള്‍ പല കാലങ്ങളിലായി കാണാം. ചോളവും നെല്ലും കടുകും കരിമ്പും മറ്റു പച്ചക്കറികളും മനംകുളിര്‍ക്കുന്ന കാഴ്ചകള്‍ സമ്മാനിക്കും. ഷീറ്റുമേഞ്ഞ കൂരകളും മുളകള്‍ കൊണ്ട് മനോഹരമായ രൂപങ്ങള്‍ തീര്‍ത്ത കുടിലുകളും ചളിയും ചാണകവും ചേര്‍ത്തുപിടിപ്പിച്ച വീടകങ്ങളും നിറഞ്ഞതാണ് ഗ്രാമക്കാഴ്ചകള്‍. കാലികളും ആടുകളും നായ്ക്കളും വീടുകള്‍ക്കകത്തും പുറത്തുമായി അലസമായി അലഞ്ഞുനടക്കുന്നതു കാണാം. ചിലപ്പോള്‍ ഇവയ്‌ക്കൊപ്പം തന്നെ അന്തിയുറങ്ങുന്ന ബാല്യങ്ങളും.
സ്‌കൂള്‍ വിദ്യാഭ്യാസം വെറുമൊരു സ്വപ്‌നം മാത്രമായ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് രാജ്യത്തുള്ളതെന്ന് പറയാറുള്ളവരാണ് നാം. എന്നാല്‍ ബിഹാറിനെക്കുറിച്ചു പറയുമ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്തവരാണ് ഇവിടെയുള്ളതെന്നു പറയേണ്ടിവരും. അത്രമേല്‍, ഇല്ലായ്മയും പിന്നാക്കാവസ്ഥയും പിടികൂടിയൊരു ജനത. പക്ഷേ, കേരളത്തെക്കാള്‍ എത്രയോ ഇരട്ടി തുകയാണ് ഇവിടെ ഒരു പൗരന് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഒന്നും ഫലപ്രദമാവുന്നില്ലെന്ന് മാത്രം. ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലുമെത്താതെ പലതും പല കൈകളിലും കറങ്ങിത്തിരിയുന്നു. പാലങ്ങളും റോഡുകളും നിരന്തരം ഉയര്‍ന്നുവരുന്നു, എന്നാല്‍ വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ക്കു മാത്രം പണം ഇല്ലാതെ വരുന്നു.
വെളിച്ചംവീശുന്ന ഇടപെടലുകള്‍
ചടങ്ങുപോലെ നല്‍കിപ്പോരുന്ന എന്തോ ഒന്നുമാത്രമാണ് കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം. ആവശ്യങ്ങളൊക്കെ കഴിഞ്ഞ് ഒഴിവുപോലെ സ്‌കൂളില്‍ വന്ന് സൗകര്യം പോലെ വിദ്യാര്‍ഥികളെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകര്‍. ചോദിക്കാനും പറയാനും ആരുമില്ല. എന്നാലും കിട്ടാനുള്ളത് കൃത്യത്തിന് കൈയ്യില്‍ കിട്ടുകയും ചെയ്യുമല്ലോ എന്ന ഭാവം! സര്‍ക്കാരി സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുകയെന്ന ചിന്ത അവിടെ നിന്നാണ് ഉയര്‍ന്നുവരുന്നത്. ഖുര്‍ത്വുബക്ക് (കൊര്‍ഡോബ) കീഴിലെ മോഡല്‍ വില്ലേജ് പ്രൊജക്ടുകളുടെ ഭാഗമായി നടത്തുന്ന അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണ്. അപ്പോള്‍ മാത്രമേ പ്രായം നാല്‍പതും അന്‍പതും പിന്നിട്ടിട്ടും മാതൃഭാഷയില്‍ സ്വന്തം പേരു കുറിക്കാന്‍ പരസഹായം തേടേണ്ടി വരുന്ന ആള്‍ക്കാര്‍ ഇല്ലാതാവൂ. 'മുഛേ ലിഖ്‌നാ നഹീ ആതാ ഹേ ബേഠാ' (എനിക്കെഴുതാനറിയില്ല മോനേ) എന്ന് നിസഹായത നിറഞ്ഞ പുഞ്ചിരിയോടെ പറയുന്നവര്‍ ഇല്ലാതാവൂ.
പഠനത്തെക്കുറിച്ചു ചോദിച്ചാല്‍ നിഷ്‌കളങ്കമായൊരു പുഞ്ചിരി മാത്രം തിരിച്ചുതരാനോ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടാനോ മാത്രമേ ഇവിടത്തെ കുട്ടികള്‍ക്കറിയൂ. രക്ഷിതാക്കളെപ്പോലെ വളരണം, കുറേയേറെ കൃഷി ചെയ്യണം, കുറേയേറെ ഭൂമികള്‍ വാങ്ങിക്കൂട്ടണം, കീശ നിറക്കണം. കുട്ടികളുടെ സ്വപ്‌നത്തിന്റെ അതിരുകള്‍ ഇതൊക്കെയാണ്. പുത്തനുടുപ്പും പുത്തന്‍ ബാഗുകളും പുസ്തകങ്ങളുടെ സുഗന്ധവും നിഷേധിക്കപ്പെട്ട ലക്ഷങ്ങള്‍ ഇവിടെ ഇനിയുമുണ്ട്. അതില്‍ വിവിധ പ്രായക്കാര്‍ വരും. പുസ്തകങ്ങളും പെന്‍സിലുകളും കാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ തിളക്കം കാണാം, ഭാവിയുടെ വജ്രരേഖകളാണത്. പലരുടെയും അനാസ്ഥ തല്ലിക്കെടുത്തിയ വെളിച്ചമാണത്. ഒരവസരം കിട്ടിയാല്‍ പുറത്തുവന്ന് രാജ്യത്ത് മുഴുവന്‍ വെളിച്ചം വീശാന്‍ മാത്രം ഉഗ്രശക്തിയുള്ള തിളക്കമാണത്.
കൊര്‍ഡോബ
പുനര്‍ജനിക്കുന്നു
നാടിന്റെ തുടിപ്പുകളറിയുന്ന, ഭൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധമുള്ള പള്ളി ഇമാമുമാര്‍ക്കാണ് ഇവിടെ വിപ്ലവം സാധ്യമാവുക. അവരിലൂടെ മാത്രമാണ് മോഡേണിസത്തിന്റെ നല്ലവശങ്ങള്‍ സാധാരണക്കാരില്‍ എത്തുക. പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാവണം, മതവും ഭൗതികവും കരിയറും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളാവണം. പക്ഷേ, ഇടയനില്ലാതെ അലക്ഷ്യമായി സഞ്ചരിക്കുന്ന ആട്ടിന്‍പറ്റമാണിന്ന് ഇവിടത്തെ ജനത. നിമിഷനേരങ്ങള്‍ മാത്രം മതി വഴിതെറ്റാനും ലക്ഷ്യസ്ഥാനത്തു നിന്ന് വ്യതിചലിക്കാനും. ഓരോരുത്തരും സ്വയേഷ്ടപ്രകാരം നടന്നുനീങ്ങുന്നു. എവിടേക്കെന്നൊന്നുമില്ല! ഇനി പുതിയ ഇടയന്മാര്‍ പിറക്കണം, പുതിയ പാത വെട്ടിത്തെളിക്കണം, പരസ്പരം പങ്കിട്ടും കൈമാറിയും ലക്ഷ്യസ്ഥാനം വരെ ഒരേ മെയ്യും മനസുമായി സഞ്ചരിക്കണം. അതാണ് ഖുര്‍ത്വുബയിലൂടെ സാധ്യമാവാന്‍ പോവുന്നത്.
ഇവിടെ മതവും ഭൗതികവും കുട്ടികള്‍ ഒരുമിച്ച് അഭ്യസിക്കുന്നു. പണിയായുധങ്ങള്‍ക്കു പകരം പഠനസാമഗ്രികള്‍ കയ്യിലേന്തുന്നു. ഖുര്‍ആനും ഗണിതവും സാമൂഹികശാസ്ത്രവും ഐ.ടിയും ഒരു കുടക്കീഴില്‍ ലഭ്യമാകുന്നു. പുതിയ ചിന്തകളുടെയും അറിവുകളുടെയും അതിവിശാലമായ ലോകത്തേക്ക് വിദ്യാര്‍ഥികള്‍ ആനയിക്കപ്പെടുന്നു. ദിശാബോധം നഷ്ടപ്പെട്ട, നേതൃരാഹിത്യം കൊണ്ടുവലയുന്ന തങ്ങളുടെ ജനതയുടെ നോവറിഞ്ഞ് അവര്‍ക്ക് രക്ഷയുടെ തണല്‍ വിരിക്കാന്‍ ഈ മക്കള്‍ പ്രാപ്തരാക്കപ്പെടുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ നാളെയുടെ വസന്തത്തിന് ഇവിടെ വേദിയൊരുങ്ങുന്നു. മുസ്‌ലിം സ്‌പെയിനിന്റെ സുവര്‍ണാധ്യായമായ ഖുര്‍ത്വുബ ഇവിടെ പുനര്‍ജനിക്കുന്നു. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ത്വുബ പുതിയ കൂടൊരുങ്ങുന്ന കാത്തിരിപ്പിലാണ്. സുമനസുകള്‍ കൂടെയുണ്ടെങ്കില്‍ തകര ഷീറ്റിന്റെ ചുവട്ടില്‍ നിന്ന് പുതിയ ഇടത്തേക്ക് ഈ ദൗത്യസംഘം ചേക്കേറും. അതോടെ വിപ്ലവത്തിന് വേഗതയേറും. പ്രതീക്ഷയുടെ ആകാശത്ത് കണ്ണുംനട്ട് നമുക്ക് കാത്തിരിക്കാം, പ്രാര്‍ഥിക്കാം, പ്രവര്‍ത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."