വില്‍പനയില്‍ വന്‍ ഇടിവ് പൂട്ടിയത് 1000ലധികം മെഡിക്കല്‍ സ്റ്റോറുകള്‍
ജാഫര്‍ കല്ലട
നിലമ്പൂര്‍: കൊവിഡ് കാലത്ത് ഇതര രോഗങ്ങള്‍ക്കുള്ള മരുന്നുവില്‍പന കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ആയിരത്തോളം മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് പൂട്ടുവീണു. കൊവിഡ് വ്യാപകമായ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരുന്നുവില്‍പനയില്‍ 45 ശതമാനം ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.
സാമൂഹിക അകലവും മാസ്‌കും ജീവിതത്തിന്റെ ഭാഗമായതും പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകള്‍ ഇല്ലാതായതും മറ്റ് രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിച്ചതാണ് മലയാളിയുടെ മരുന്ന് ഉപയോഗം കുറയാന്‍ കാരണം.
ലോക്ഡൗണ്‍ കാലത്തുപോലും മുടക്കമില്ലാതെ പ്രവര്‍ത്തിച്ചിട്ടും ചെലവും വരുമാനവും ഒത്തുപോകാത്തതാണ് മെഡിക്കല്‍ സ്‌റ്റോറുകള്‍ പൂട്ടാന്‍ കാരണമെന്നാണ് മരുന്നു വ്യാപാരികളുടെ സംഘടനാ നേതാക്കള്‍ പറയുന്നത്.
ഡ്രഗ് ലൈസന്‍സുള്ള 25000 മെഡിക്കല്‍ സ്‌റ്റോറുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഓണ്‍ലൈനായി മരുന്നു വാങ്ങുന്നവരുടെ എണ്ണം കൂടിയതും വില്‍പനയെ ബാധിച്ചു.
ആന്റിബയോട്ടിക്കുകളും ശ്വാസകോശ, ശിശു രോഗങ്ങള്‍ക്കുള്ള മരുന്നുകളുമാണ് മെഡിക്കല്‍ സ്‌റ്റോറുകളിലെ വില്‍പനയുടെ മുഖ്യപങ്കും.
കുട്ടികള്‍ക്കുള്ള മരുന്നു മാത്രം ഒരു വര്‍ഷം 4000 കോടി രൂപയുടെ വില്‍പനയാണ് സംസ്ഥാനത്ത് നടന്നിരുന്നത്. ഇത് 1500 കോടിയായി കുറഞ്ഞു.
ഓണ്‍ലൈന്‍ പഠനവുമായി വീടുകളിലൊതുങ്ങിയതോടെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞതായി ശിശുരോഗ വിദഗ്ധരും പറയുന്നു.
സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ പലതരം രോഗങ്ങളും ഇതിനുള്ള മരുന്നുകളുടെ വ്യാപാരവും സജീവമായിരുന്നു. എന്നാല്‍ മലിനീകരണവും പൊടിയും നിറഞ്ഞ പുറത്തെ അന്തരീക്ഷവുമായുള്ള ഇടപഴകല്‍ ഇല്ലാതായത് കുട്ടികളുടെ ആരോഗ്യസുരക്ഷയ്ക്ക് ഏറെ സഹായിച്ചിട്ടുണ്ട്.
ഹൃദ്‌രോഗം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, വൃക്കരോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില്‍പനയാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."