പയർ പേൻ/മുഞ്ഞ കൊണ്ട് പൊറുതി മുട്ടിയോ..തുരത്താൻ ഇതാ ചില മാർഗങ്ങൾ
ഇളംതണ്ടിലും പൂവിലും ഞെട്ടിലും കൈയിലും കൂട്ടംകൂടി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്ന പയർ പേൻ/മുഞ്ഞ വല്ലാത്ത തലവേദനയാണ് കർഷകർക്ക്. കറുത്തനിറത്തിലാണ് ഇവ പറ്റിപ്പിടിച്ചിരിക്കുക. അതിവേഗം ഇവ പെറ്റുപെരുകും. തുടർന്ന് പൂവ് കൊഴിയും, കായ്കൾ ഉണങ്ങി കേടാകും. മുഞ്ഞയോടൊപ്പം ധാരാളം ഉറുമ്പുകളും പതിവുകാഴ്ചയാണ്. ഉറുമ്പുകളാണ് ഇവയെ ഒരു ചെടിയിൽനിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നത്.
നിയന്ത്രണം ഇങ്ങനെ
ഇവയെ നിയന്ത്രിക്കാൻ ജൈവമാർഗങ്ങൾ തന്നെ ധാരാളമുണ്ട്. കുറച്ചുചെടികളേ ഉള്ളൂവെങ്കിൽ ഒരു പഴയ ടൂത്ത് ബ്രഷോ പെയിന്റ് ബ്രഷോകൊണ്ട് വള്ളികളിൽ പറ്റിയിരിക്കുന്ന മുഞ്ഞമൂട്ടകൾ തൂത്തു കളയാം. സ്‌പ്രേ ജെറ്റ് വഴി ശക്തിയായി വെള്ളം ചീറ്റുന്നതും മുഞ്ഞകളെ അകറ്റും. പയർചെടിയിൽ പുളിയുറുമ്പുകളെ കയറ്റിവിട്ടും മുഞ്ഞകളെ അകറ്റാം.
കഞ്ഞിവെള്ളം നേർപ്പിച്ച് (ഒരു ലിറ്റർ കഞ്ഞിവെള്ളം മൂന്നുലിറ്റർ വെള്ളത്തിൽ കലർത്തിയത്) ചെടിയിൽ നന്നായി തളിക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോൾ കഞ്ഞിവെള്ളത്തിന്റെ പാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഇതിനുപുറമേ നാറ്റപ്പൂച്ചെടിസോപ്പ് മിശ്രിതം ഫലപ്രദമാണ്. രാവിലെ ചെടികളിൽ ചാരം തൂകുന്നത് മുഞ്ഞകളെ നിയന്ത്രിക്കും. 150 ഗ്രാം കാന്താരി മുളക് 10 ലിറ്റർ വെള്ളത്തിൽ അരച്ചുകലക്കി അരിച്ച് ചെടിയിൽ തളിക്കാം.
വേപ്പധിഷ്ഠിത കീടനാശിനികൾ ഏതെങ്കിലും നാലുമില്ലി ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചും തളിക്കാം.
വേപ്പിൻകുരുസത്ത് അഞ്ചുശതമാനം വീര്യത്തിൽ തളിക്കുന്നതും മുഞ്ഞനിയന്ത്രണത്തിന് ഉപകരിക്കും.
വെർട്ടിസീലിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 10 ദിവസം ഇടവിട്ട് തളിക്കുന്നതും നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."