ഷാഫി ഇലന്തൂരിലെത്തിച്ച സ്ത്രീകളെ ചോദ്യംചെയ്തു രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾകൂടി കണ്ടെത്തി
സ്വന്തം ലേഖിക
കൊച്ചി • ഇരട്ടനരബലികേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരിലെ ഭഗവൽ സിങ്ങിൻ്റെ വീട്ടിൽ നേരത്തെ എത്തിച്ച രണ്ട് സ്ത്രീകളെ അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സ്വദേശികളായ സ്ത്രീകളെ താൻ മുമ്പ് ഇലന്തൂരിലെത്തിച്ചിട്ടുണ്ടെന്ന ഷാഫിയുടെ മൊഴിയെതുടർന്നാണ് പൊലിസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇവർക്കൊപ്പം പോയ ഒരുപുരുഷനെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ലൈംഗികവൃത്തിയ്ക്കുവേണ്ടിയാണ് ഇലന്തൂരിൽ പോയതെന്നാണ് സ്ത്രീകൾ മൊഴി നൽകിയിരിക്കുന്നത്. ഷാഫിയുടെ വെള്ള സ്കോർപിയോ വാഹനത്തിലാണ് ഇലന്തൂരിൽ പോയതെന്നും ഇവർ പൊലിസിനോട് പറഞ്ഞു.
അതിനിടെ ഷാഫിയെ ഇന്നലെ ചങ്ങനാശ്ശേരിയിലും തെളിവെടുപ്പിനായി എത്തിച്ചു. കൊല്ലപ്പെട്ട പദ്മയുടെ വെള്ളിപാദസരം എറിഞ്ഞെന്ന് ഷാഫി പറഞ്ഞ എ.സി കനാലിലാണ് തെളിവെടുപ്പ് നടത്തിയത്. പാദസരം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് വൈകുന്നേരത്തോടെ ഷാഫിയെ തിരിച്ച് എറണാകുളത്ത് എത്തിച്ചു.
അതിനിടെ ഷാഫി ഫേസ് ബുക്കിൽ രണ്ട് വ്യാജ അക്കൗണ്ടുകൾകൂടി തുടങ്ങിയിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തി. സജ്നമോൾ, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകൾ നിർമിച്ചത്. കേസിലെ മുഖ്യ തെളിവുകളടങ്ങിയ പത്മയുടെ ഫോൺ കണ്ടെത്താനും പൊലിസ് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."