'നിരപരാധി, കേസ് രാഷ്ട്രീയപ്രേരിതം'; കെ.പി.സി.സിക്ക് വിശദീകരണം നല്കി എല്‍ദോസ് കുന്നപ്പിള്ളി
തിരുവനന്തപുരം: തനിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ വിശദീകരണം. ഒളിവിലിരുന്നുകൊണ്ടാണ് കെപിസിസിക്ക് എം.എല്‍.എ വിശദീകരണം നല്‍കിയത്. വക്കീല്‍ മുഖാന്തരം കെ.പി.സി.സി ഓഫിസില്‍ എത്തിക്കുകയായിരുന്നു.
താന്‍ നിരപരാധിയാണെന്ന് കെപിസിസിക്ക് നല്കിയ വിശദീകരണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് ചൂണ്ടിക്കാട്ടിയ എല്‍ദോസ് യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നടപടിയെടുക്കും മുന്‍പ് തന്നെ കൂടി കേള്‍ക്കണമെന്നും വിശദീകരണത്തില്‍ എല്‍ദോസ് ആവശ്യപ്പെട്ടു.
പരാതിക്കാരി ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും എല്‍ദോസ് തള്ളി. പിആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ താന്‍ പരിചയപ്പെടുന്നത്. പരാതിക്കാരിക്കെതിരെ രണ്ടു വാറന്റുകളുണ്ടെന്നും എല്‍ദോസ് ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്‍ദോസ് പറയുന്നു.
അതേസമയം, എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയില്‍ ഉച്ചയ്ക്ക് മൂന്നുമണിക്ക് വിധി പറയും. എംഎല്‍എക്കെതിരെ ചുമത്തിയ വധശ്രമം ഉള്‍പ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."