ആദ്യം അധിക്ഷേപം പിന്നെ അംഗീകാരം; വന്ദന കത്താരിയ ഇനി ഉത്തരാഖണ്ഡ് വനിത ശിശു വികസന, ശാക്തീകരണ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍
ഡെറാഡൂണ്‍: ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയ്ക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി വന്ദന കതാരിയയെ തെരഞ്ഞെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചതാണ് ഇക്കാര്യം.
ഒളിമ്പിക് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ വന്ദനക്കും കുടുംബത്തിനും നേരെ വന്‍തോതില്‍ ജാതിയധിക്ഷേപം ഉയര്‍ന്നിരുന്നു. ഹരിദ്വാറിലെ റോഷന്ബാദിലെ വീട്ടിന് സമീപം സവര്‍ണ ജാതിയില്‍പ്പെട്ട രണ്ടുപേര്‍ പടക്കംപൊട്ടിച്ച് തോല്‍വി ആഘോഷിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. ദലിത് താരങ്ങള്‍ ഇന്ത്യയിലുള്ളതിനാലാണ് ഇന്ത്യ തോറ്റതെന്ന് അവര്‍ ആരോപിച്ചതായും വന്ദനയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
നേരിട്ട ജാതീയധിക്ഷേപങ്ങള്ക്ക് മറുപടി പറഞ്ഞുകൊണ്ട് താരം തന്നെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് വേണ്ടിയാണ് നാമെല്ലാവരും കളിക്കുന്നതെന്നും എന്തൊക്കെ സംഭവിച്ചാലും ജാതിയുമായി ബന്ധപ്പെടുത്തിയുള്ള കമ്മന്റുകള്‍ നടത്തരുതെന്നും വന്ദന പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് താരത്തിന് അംഗീകാരവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുള്ളത്.
നേരത്തേ, ഉത്തരാഖണ്ഡ് കായിക മന്ത്രി അരവിന്ദ് പാണ്ഡെ വന്ദനയുടെ വീട് സന്ദര്‍ശിക്കുകയും മികച്ച ഭാവി ആശംസിക്കുകയും ചെയ്തിരുന്നു. യുവജനങ്ങള്‍ക്ക് മാതൃകയാണ് വന്ദനയെന്നും എല്ലാവരും വന്ദനയില്നിന്ന് പഠിക്കണമെന്നും ഉത്തരാഖണ്ഡില്‍നിന്നുള്ള താരങ്ങള്‍ക്ക് പ്രചോദനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
ടോക്കിയോയില്‍ ഹാട്രിക് നേടി ഇന്ത്യയുടെ സെമി വരെയുള്ള മുന്നേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വന്ദന. ഒളിംപിക്സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വന്ദന കതാരിയ. മികച്ച പ്രകടനം കാഴ്ചവെച്ച വന്ദനക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 25ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.
സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ഇന്ത്യ പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."