പെരിയ ഇരട്ടക്കൊല കേസ്: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി
കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലിസ് സ്റ്റേഷന് കോംപൗണ്ടില്‍ സൂക്ഷിച്ചിരുന്ന വാഹനം കാണാതായി. കേസിലെ എട്ടാം പ്രതിയും വെളുത്തോളി സ്വദേശിയുമായ സുബീഷിന്റെ ബൈക്കാണ് ബേക്കല്‍ പൊലിസ് സ്റ്റേഷനില്‍ നിന്ന് കാണാതായത്. കാണാതായ ബൈക്കിന് വേണ്ടി കാസര്‍കോഡ് ജില്ലയിലാകെ പൊലിസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്.
കൊല നടന്ന ദിവസം സുബീഷ് ഈ ബൈക്കാണ് ഉപേയാഗിച്ചിരുന്നത്. 2019 മേയ് 17നാണ് വെളുത്തോളിയില്‍ നിന്നും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ബൈക്ക് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ശേഷം വാഹനം ബേക്കല്‍ പൊലിസിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളാണ് ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും കണ്ടെടുത്തിട്ടുള്ളത്. കോടതിയില്‍ അപേക്ഷ നല്കി ഈ വാഹനങ്ങളും മറ്റ് തൊണ്ടിമുതലുകളും ഫോറന്‍സിക് പരിശോധന നടത്താന്‍ സി.ബി.ഐ തയാറെടുത്തിരിക്കെയാണ് എട്ടാം പ്രതിയുടെ ബൈക്ക് കാണാതായിരിക്കുന്നത്. എന്നാല്‍ ബൈക്ക് കാണാതായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എവിടെയോ വാഹനം ഉണ്ടായേക്കാം എന്നുമാണ് പൊലിസിന്റെ അനൗദ്യോഗിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."