മദ്യം വാങ്ങാനെത്തുന്നവര്‍ കന്നുകാലികളോ? ; മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും തിരക്കുമാറിയിട്ടില്ലെന്നും കന്നുകാലികളോട് പെരുമാറുന്നതുപോലെയാണ് ബെവ്കോയില്‍ എത്തുന്നവരോട് പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു.
പൊലിസ് ബാരിക്കേഡ് വെച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കടകളില്‍ പോകുന്നവര്‍ വാക്‌സീന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സീന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്‌സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സീന്‍ എടുക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മറുപടി നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."