രണ്ടു പതിറ്റാണ്ടിന്റെ പ്രാര്‍ഥന; ഉമ്മയ്ക്കരികില്‍ മകനെത്തി
സ്വന്തം ലേഖകന്‍
തൃക്കരിപ്പൂര്‍: ഉമ്മുകുല്‍സുവിന്റെ പ്രാര്‍ഥന സഫലമായി. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടിറങ്ങിയ മകന്‍ സജീര്‍ രോഗശയ്യയിലായ ഉപ്പയുടെയും രണ്ടു പതിറ്റാണ്ടിലധികം തനിക്ക് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരുന്ന ഉമ്മ ഉമ്മുകുല്‍സുവിനും അരികിലെത്തി. സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗമവേദിയായി തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുനത്തില്‍ ഉമ്മുകുല്‍സുവിന്റെ വീട്. കഴിഞ്ഞവര്‍ഷം തൃക്കരിപ്പൂര്‍ 24 വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഉമ്മുകുല്‍സു നല്‍കിയ കുറിപ്പാണ് രണ്ടു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടത്.
22 വര്‍ഷം മുന്‍പ് വീടുവിട്ട സജീര്‍ തിരുവനതപുരത്ത് ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി നോക്കി വരികയായിരുന്നു. വാട്‌സ്ആപ്പ് പോസ്റ്റര്‍ ശ്രദ്ധയില്‍പെട്ട ഇതേ ഹോട്ടലിലെ ക്യാഷര്‍ സജീറിനെ കാണിച്ചു. പോസ്റ്ററിലുളളത് താനാണെന്ന് മനസിലായ സജീര്‍ പോസ്റ്ററിലുള്ള സഹോദരന്‍ സഹീറിന്റെ നമ്പറിലേക്ക് ബന്ധപ്പെടുകയും ചെയ്തതോടെയാണ് 22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായത്. എന്നാല്‍ മാതാപിതാക്കളുമായും മറ്റു വീട്ടുകാരുമായി സംസാരിച്ച സജീര്‍ ഉടുമ്പുന്തലയിലെ വീട്ടിലെത്താന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു.
22 വര്‍ഷത്തെ കാത്തിരിപ്പിനെക്കാളും നീണ്ടതായിരുന്നു തമ്മില്‍ സംസാരിച്ച ശേഷമുളള ഒരു വര്‍ഷത്തെ കാത്തിരിപ്പെന്ന് ഉമ്മുകുല്‍സു പറഞ്ഞു. ഇന്നലെ സജീര്‍ വരുമെന്ന അറിയിപ്പ് ലഭിച്ചതിനാല്‍ കാലത്ത് മുതല്‍ ഉടുമ്പുന്തല പുനത്തിലെ വീട്ടിലെ ഉമ്മറത്ത് ഉമ്മുകുല്‍സു മകനെ കാണാനായി കാത്തിരിപ്പിലായിരുന്നു.
ഉമ്മയ്ക്കരികില്‍ മകന്‍ എത്തിയതോടെ നിമിഷങ്ങള്‍ വേണ്ടിവന്നില്ല കണ്ണീരില്‍ കുതിര്‍ന്ന സന്തോഷത്തിനുളള വേദിയായി മാറുന്നതിന്. സജീര്‍ തിരുവനന്തപുരത്ത് വീട് വച്ച് ഭാര്യ സജ്‌നയ്ക്കും മക്കളായ റിഹാനും ജഹാനയുമൊത്ത് കഴിഞ്ഞുവരികയാണ്. കൊവിഡ് മഹാമാരിയ്ക്ക് അയവ് വന്നാല്‍ കുടുംബവുമൊത്ത് വന്ന് ജന്മനാട്ടിലെ കുടുംബക്കാരെ പരിചയപ്പെടുത്തി ബന്ധം നിലനിര്‍ത്തുമെന്ന് സജീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."