ലോകകപ്പ് ആവേശം സി.പി.എമ്മിലും; ചേരി തിരിഞ്ഞ് വാദങ്ങളുമായി നേതാക്കളും
തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിന് നാളുകള്‍ എണ്ണി കഴിയുകയാണ് ഓരോ ഫുട്ട്‌ബോള്‍ ആരാധകരും. പതിവ് പോര്‍വിളികളും വാഗ്വാദങ്ങളും ആരാധകര്‍ക്കിടയില്‍ ആരംഭിച്ചു കഴിഞ്ഞു. ഫുട്ട്‌ബോള്‍ ആവേശത്തിന് യുവത്വവും വാര്‍ദ്ധക്യവുമൊന്നും മാനദണ്ഡമല്ലെന്നതുപോലെ തന്നെയാണ് മേഖലയും. സി.പി.എമ്മിലും ലോകകപ്പ് ആവേശം ഉണര്‍ന്ന് കഴിഞ്ഞു.
''ഇത്തവണ ബ്രസീല്‍ പിടിക്കുമെന്ന'' വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് പാര്‍ട്ടിയിലെ ഫുട്ട്‌ബോള്‍ പോരിന് തുടക്കമിട്ടത്. മുന്‍ മന്ത്രിമാരായ എം.എം മണിയെയും കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ശിവന്‍കുട്ടിയുടെ ഈ പോസ്റ്റ്. എന്നാല്‍ ആര്‍ജന്റീനയുടെ കടുത്ത ആരാധാകനായ മണിയാശാനെ ഇത് ചൊടിപ്പിച്ചു. ''ബ്രസീല്‍ തിരിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് പിടിക്കാതിരിക്കട്ടെ, സെമിവരെയെങ്കിലും എത്തണേ'' എന്ന പ്രാര്‍ത്ഥനയാണ് മണിയാശാന്‍ ശിവന്‍കുട്ടിയുടെ പോസ്റ്റിന് മറുപടിയായി നല്‍കിയത്. തൊട്ടു പിന്നാലെ ആശാന് പിന്തൂണയുമായി ''ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു'' എന്ന അഭിപ്രായത്തോടെ വി.കെ പ്രശാന്ത് എം.എല്‍.എയും കളത്തിലിറങ്ങി. ഇവര്‍ക്ക് പിന്തുണയുമായി തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫും കല്യാശേരി എം.എല്‍.എ എം.വിജിനും രംഗത്തെത്തിയതോടെ ഒറ്റപ്പെട്ടു നിന്ന് ശിവന്‍കുട്ടിയെ പിന്തുണച്ച് സച്ചിന്‍ ദേവ് എം.എല്‍.എയുമെത്തി.
എന്നാല്‍ രണ്ടു കൂട്ടരെയും തള്ളിക്കൊണ്ടാണ് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്റെ വരവ്. ''കപ്പ് മഞ്ഞക്കുമില്ല, നീലക്കുമില്ല, ഇംഗ്ലണ്ടിനുതന്നെ'' എന്ന് ശ്രീനിജനും വ്യക്തമാക്കി. സിപിഎം നേതാക്കളുടെ സോക്കര്‍ യുദ്ധം മുറുകുന്നതിനിടെ, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും നിലപാട് പ്രഖ്യാപിച്ച് രംഗത്തിറങ്ങി. ''കോപ്പ അമേരിക്ക കീഴടക്കി, ഫൈനലിസിമയും നേടി, അര്‍ജന്റീന തന്നെ ലോകകപ്പിലും മുത്തമിടും, വാമോസ് അര്‍ജന്റീന''എന്ന് ജയരാജനും നയം വ്യക്തമാക്കി. എന്നാല്‍ ജയരാജനെ തള്ളിക്കൊണ്ട് ''ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല സഖാവേ'' എന്ന വ്യക്തമാക്കിയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."