വ്‌ളോഗര്‍ സഹോദരങ്ങളുടെ വിഡിയോകള്‍ മരവിപ്പിക്കാന്‍ പൊലിസ്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: വ്‌ളോഗര്‍ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനലിലെ വിഡിയോകള്‍ മരവിപ്പിക്കാന്‍ യൂട്യൂബിനെ അറിയിച്ചതായി പൊലിസ്. ആര്‍.ടി ഓഫിസില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ വ്‌ളോഗര്‍ സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരുടെ യൂട്യൂബ് ചാനലിലെ ഇതുവരെ അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ മുഴുവന്‍ പരിശോധിക്കാന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിക്കുമെന്നും കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിനു പുറത്തു യാത്രചെയ്ത സമയത്ത് ആംബുലന്‍സ് സൈറണ്‍ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോള്‍ നല്‍കാതെ പോയതും മാധ്യമപ്രവര്‍ത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഉള്‍പ്പെടെ മുഴുവന്‍ വിഡിയോകളും പരിശോധിക്കും. ഇവരുടെ പേജിലും പൊലിസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും സമൂഹമാധ്യമ പേജുകളിലും വന്ന കമന്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാനും സൈബര്‍ ആക്രമണത്തിനും ആഹ്വാനം നല്‍കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇത്തരത്തില്‍ ഓരോ കേസുകളെടുത്തു. മോശം കമന്റിടുന്ന കുട്ടികള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. ഇരുവരെയും പൊലിസ് മര്‍ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."