നിയമലംഘന വിഡിയോ വ്ളോഗര്‍ സഹോദരങ്ങളുടെ മൊഴിയെടുത്തു
കണ്ണൂര്‍: ആര്.ടി ഓഫിസില്‍ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന പരാതിയില്‍ അറസ്റ്റുചെയ്ത ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനല്‍ ഉടമകളും വ്ളോഗര്‍ സഹോദരങ്ങളുമായ എബിന്, ലിബിന് എന്നിവരില്‍ നിന്നു ടൗണ്‍ പൊലിസ് മൊഴിയെടുത്തു.
ജാമ്യവ്യവസ്ഥ പ്രകാരം ഇന്നലെ രാവിലെ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ഇരുവരില്‍ നിന്നും മൊഴിയെടുത്തത്.
ചാനലില്‍ അപ്ലോഡ് ചെയ്ത കഞ്ചാവ് ചെടിയും തോക്കും പ്രദര്‍ശിപ്പിച്ചുള്ള വിഡിയോയെക്കുറിച്ച് പൊലിസ് ചോദിച്ചറിഞ്ഞു.
കഞ്ചാവ് ചെടിയുമായുള്ള വിഡിയോ അസമില്‍ നിന്നും തോക്ക് പിടിച്ചുള്ള വിഡിയോ ചിത്രീകരിച്ചതു ബിഹാറില്‍ നിന്നുമാണെന്ന് ഇവര്‍ പൊലിസിനോടു പറഞ്ഞു.
നിയമലംഘന വിഡിയോയും യൂട്യൂബ് ചാനലിലുണ്ടെന്നും ഇതിനെതിരേ നടപടിയെടുക്കാന്‍ മാര്‍ഗങ്ങള്‍ തേടുമെന്നും ടൗണ്‍ പൊലിസ് അറിയിച്ചു.
അതേസമയം ആര്.ടി ഓഫിസില്‍ സംഘര്ഷരംഗങ്ങള് ചിത്രീകരിച്ചതിനു വ്ളോഗര്‍ സഹോദരങ്ങളില്‍ നിന്നു പിടിച്ചെടുത്ത മൂന്നു മൊബൈല്‍ ഫോണും ഒരു കാമറയും പരിശോധനയ്ക്കായി പൊലിസ് ഫോറന്‍സിക് ലാബിലേക്കു കൈമാറി.
എ.ആര് ക്യാംപില്‍ സൂക്ഷിച്ചിരിക്കുന്ന രൂപമാറ്റം വരുത്തി വാന്‍ ലൈഫിനു സജ്ജമാക്കിയ 'നെപ്പോളിയന്' എന്ന പേരുള്ള ഇവരുടെ ടെംപോ ട്രാവലര്‍ വാഹനം കോടതിയില്‍ ഹാജരാക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."