കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത 40,000 പേര്‍ക്ക് കൊവിഡ്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 40,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പിടിപെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ബ്രേക്ത്രൂ ഇന്‍ഫെക്ഷന്‍ (വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് സ്ഥിരീകരിക്കല്‍) സംബന്ധിച്ച കേസുകളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അവയുടെ ജനിതകഘടന തരംതിരിച്ച് വിശകലനംചെയ്യണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.
വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് സ്ഥിരീകരിക്കുന്ന കൂടുതല്‍ കേസുകളും പത്തനംതിട്ടയിലാണ്. ജില്ലയില്‍ മാത്രം 20,000 ല്‍ അധികം പേരില്‍ ബ്രേക്ത്രൂ ഇന്‍ഫെക്ഷന്‍ കണ്ടെത്തി. ഇതില്‍ 14,974 പേര്‍ ആദ്യ ഡോസും 5,042 ആളുകള്‍ രണ്ടുഡോസും എടുത്തവരാണ്.
ഓണം പ്രമാണിച്ച് ഇളവുകള്‍ നല്‍കിയ കേരളത്തില്‍ വ്യാപനം കൂടിയിട്ടുണ്ടെന്നും പ്രതിരോധനടപടികളില്‍ വന്‍വീഴ്ചയുണ്ടായെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ കാര്യക്ഷമമല്ലാത്തതാണ് രോഗവ്യാപനം കുറയാത്തതിനു കാരണമെന്നാണ് സംസ്ഥാനം സന്ദര്‍ശിച്ച് മടങ്ങിയ കേന്ദ്രസംഘം മന്ത്രാലയത്തെ അറിയിച്ചത്.
രോഗബാധിതരെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും വീടുകളില്‍ പാര്‍പ്പിച്ചാണ് നിരീക്ഷിക്കുന്നത്. ഇതു കാര്യക്ഷമമല്ലാത്തത് ടി.പി.ആര്‍ നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമ, നഗര അന്തരം ഇല്ലാത്തത് തീവ്രത വര്‍ധിക്കുന്നതിനുള്ള മറ്റൊരു കാരണമാണെന്നും കേന്ദ്രസംഘം ചൂണ്ടിക്കാട്ടി. പ്രാദേശിക ലോക്ഡൗണ്‍ കര്‍ശനമല്ലാത്തത് രോഗവ്യാപനംകൂട്ടി. അതിനാല്‍ പ്രാദേശിക ലോക്ഡൗണ്‍ കര്‍ശനമാക്കണം. ആരോഗ്യരംഗത്ത് ശക്തമായ അടിസ്ഥാനസൗകര്യമുണ്ടായിരുന്നിട്ടും കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിവരുന്നത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധസമിതിയെ കുഴക്കിയിട്ടുണ്ട്. ആഴ്ചകളായി രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യുന്ന മൊത്തം കേസിന്റെ പകുതിയിലേറെയും കേരളത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."