'അറുതിയില്ലാത്ത അറുകൊലകള്‍'
'അറുതിയില്ലാത്ത അറുകൊലകള്‍'
കോടാനുകോടി ജീവജാലങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍, ഏറ്റവും വില കല്‍പ്പിക്കപ്പെടുന്നത് മനുഷ്യജീവനുകള്‍ക്കാണ്. സുരക്ഷിത ബോധത്തോടെയും, മനഃസമാധാനത്തോടെയും ജീവിക്കാനുളള അവകാശമാണ് നമുക്കേറ്റവും പ്രധാനം.
അശാന്തിയും, അസ്വസ്ഥകളും നിറഞ്ഞൊരു കുടുംബാന്തരീക്ഷം ജീവിതത്തെ ദുസ്സഹമാക്കുന്നു.
ഓരോ വ്യക്തികളുടെയും മനസ്സിന്റെ അകത്തളങ്ങളില്‍ അലയടിക്കുന്ന വികാര വിചാരങ്ങളുടെ വേലിയേറ്റങ്ങള്‍ മനുഷ്യസഹചമാണ്. എങ്കിലും
അപരരെ മുറിവേല്‍പ്പിക്കാതെ എല്ലാ വികാരങ്ങളെയും സ്വയം നിയന്ത്രണ വിധേയമാക്കാന്‍ നമുക്കാകണം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും,
സ്‌നേഹവും അംഗീകാരവും,വൈകാരികമായ പിന്തുണയും കൊതിക്കാത്തവരായി ആരാണുള്ളത്.
ജീവിത യാത്രയില്‍ കുടുംബ ബന്ധങ്ങള്‍ക്കും, സ്‌നേഹ സൗഹൃദങ്ങള്‍ക്കുമെല്ലാം പവിത്രത കാത്തു സൂക്ഷിക്കുകയെന്നത്, ഊഷ്മളമായ ഒരു ജീവിതാന്തരീക്ഷം നമുക്ക് പ്രദാനം ചെയ്യുന്നു. എന്നാല്‍ ഇന്നിന്റെ സാമൂഹികാന്തരീക്ഷം ഏറെ മാറി കൊണ്ടിരിക്കുന്നു. ജന്മം തന്ന മാതാപിതാക്കളെ പോലും അറുകൊല ചെയ്യുന്ന മക്കള്‍, കാമുകന് വേണ്ടി ഭര്‍ത്താവിനെ ഇല്ലാതാക്കുന്ന ഭാര്യ, കാമുകിയോടൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം ഭാര്യയുടെ ജീവനെടുക്കുന്ന ഭര്‍ത്താവ്, സ്വത്ത് തര്‍ക്കങ്ങള്‍ക്കിടയില്‍ പരസ്പരം കൊലവിളി നടത്തുന്ന സഹോദരി സഹോദരന്‍മാര്‍, കടബാധ്യതയും മറ്റു പ്രതിസന്ധികളും
തരണം ചെയ്യാനാവാതെ സ്വന്തം മക്കളെ പോലും മരണത്തിലേക്ക് തള്ളിവിട്ട് , ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവര്‍, പരസ്പര വൈര്യത്തിന്റെയും, പ്രേമനൈരാശ്യത്തിന്റെയും പേരില്‍ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് അവിവേകം പ്രവര്‍ത്തിക്കുന്നവര്‍…എവിടെയാണ്
അവരുടെയെല്ലാം മനോനിലയുടെ താളം തെറ്റുന്നത്. എത്ര പേരുടെ ജീവിതത്തെയാണ് ഇത് പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക ആഘാതം എത്ര ഭയാനകമാണ്.
സാമൂഹിക, സാംസ്‌കാരിക പുരോഗതി കൈവരിച്ച നമ്മുടെ നാട്ടില്‍ ഒരു പിതാവ് തന്റെ മകനെയും കൊച്ചുമകനെയും റൂമില്‍ പൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നത് ഏറെ വേദനയോടെയാണ് നാം വായിച്ചറിഞ്ഞത്. വെറും 12 വയസ്സ് മാത്രം പ്രായമുളള ആ പൊന്നുമോന്‍ മരണ വെപ്രാളത്തില്‍ ചോദിച്ചത് ഇതൊരു സ്വപ്നമാണോ എന്നാണ്. വാത്സല്യം കോരിച്ചൊരിയേണ്ട സ്വന്തം മുത്തഛന്‍ സ്വന്തം പിതാവിന്റെയും തന്റെയും ജീവനെടുക്കുമെന്നത് ആ നിഷ്‌കളങ്ക മനസ്സിന് ഒരു സ്വപ്നമായല്ലേ സങ്കല്‍പ്പിക്കാനാവുകയുളളൂ. മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ജീവനോടെ കത്തിച്ച ഈ കൊടും ക്രൂരത ആ കുഞ്ഞു മനസ്സിന് എങ്ങിനെ ഉള്‍ക്കൊള്ളാനാകും.
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്ന ഇത്തരം പൈശാചികമായ കുറ്റകൃത്യങ്ങള്‍ നമ്മുടെയെല്ലാം പത്രവായനയിലെ കേവലം ഒരു ന്യൂസ് മാത്രമായി ഒതുങ്ങി പോകുന്നത് എന്തു കൊണ്ടാണ്? സാമൂഹിക ജീവിത ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങളെ വിശദമായി പഠിച്ച് ശാസ്ത്രീയവും, പ്രായോഗികവുമായ പ്രതിവിധികളുണ്ടാക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ട് മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ഏത് സമയത്തും സഹായാഭ്യര്‍ത്ഥന നടത്താന്‍ പറ്റുന്ന
രീതിയില്‍ പൊതു സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. കൃത്യ സമയത്ത് തന്നെ അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും,സുരക്ഷയും ഉറപ്പാക്കണം.
ക്യാന്‍സര്‍ മുതല്‍ ജീവിത ശൈലി രോഗങ്ങള്‍ക്കടക്കം ചികിത്സ തേടി പോകുന്ന നമ്മുടെ സമൂഹം, മാനസികമായ രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ചികിത്സ തേടുന്നത് വിരളമാണ്. വേണ്ടത്ര അവബോധമില്ലാത്തത് കൊണ്ടാണ് പലരും ചികിത്സക്ക് വിമുഖത കാട്ടുന്നത്. യഥാസമയംചികിത്സയും മറ്റു ഇടപെടലുകളും നടത്തിയിരുന്നെങ്കില്‍പല കൊലപാതകങ്ങളും, ആത്മഹത്യകളും ഒഴിവാക്കപ്പെടുമായിരുന്നു.
ഈഗോ വിട്ട് പരസ്പരം പറഞ്ഞു തീര്‍ക്കാവുന്ന ചെറിയ പ്രശ്‌നങ്ങളാണ് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നത്.
ഒരു ദുര്‍ബല നിമിഷത്തെ പ്രകോപനം മൂലം അനാഥമാകുന്ന ബാല്യങ്ങള്‍, വിധവകളാകുന്നവര്‍, ആയുസ്സ് മുഴുവന്‍ കാരാഗ്രഹങ്ങളിലകപ്പെടുന്നവര്‍..
യഥാര്‍ത്ഥത്തില്‍ ആരാണിവിടെ വിജയിക്കുന്നത്.
പൊരുത്തപ്പെടാനാവാത്ത സാഹചര്യങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളാനാവാത്ത വ്യക്തികളില്‍ നിന്നും ആരോഗ്യകരായ അകലം പാലിക്കുക. പരസ്പരം വൈരാഗ്യം വളര്‍ന്ന് ബന്ധങ്ങള്‍ കൂടുതല്‍ വഷളാവാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. കുടുംബത്തിലുളളവരും, സുഹൃത്തുക്കളും, അയല്‍വാസികളും അടങ്ങുന്ന സമൂഹത്തിനാകെ ഇതില്‍ വലിയൊരു പങ്കു വഹിക്കാനുണ്ട്.
സ്വപ്നങ്ങള്‍ക്കെല്ലാം തിരശ്ശീലയിട്ട് ഉറ്റവരുടെ കരങ്ങളാല്‍ കൊലചെയ്യപ്പെടുന്ന ഹതഭാഗ്യര്‍,
മരണ സമയത്ത് അവര്‍ അനുഭവിക്കുന്ന വേദനയുടെ തീവ്രത നമുക്കെങ്ങനെ നിര്‍ണ്ണയിക്കാനാവും. ജീവന്‍ വെടിയുന്നതിന് മുമ്പെ ഈ ലോകത്തോട് പറയാന്‍ അവര്‍ ബാക്കിവെച്ചത് എന്തായിരിക്കും?.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."