സിക്കിമിലെ പ്രളയം;സൈനികരുൾപ്പെടെ 17 മരണം, നൂറോളം പേരെ കാണാനില്ല
ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ആറ് സൈനികര്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു. സൈനികരടക്കം നൂറോളം പേരെ കാണാതായി. കാണാതായ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രളയത്തില്‍ ഒലിച്ചുപോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സിക്കിമിലേക്ക് അയച്ചു.
ഒക്ടോബര്‍ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കന്‍ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതിനിലയവും തകര്‍ത്തെറിയുകയായിരുന്നു. ടീസ്റ്റ നദിക്കരയില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. മിന്നല്‍ പ്രളയം സംഹാരതാണ്ഡവമാടിയ സിക്കിമില്‍ 11 പാലങ്ങളും 277 വീടുകളും ഒലിച്ചുപോയിട്ടുണ്ട്.
സിക്കിമിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പലയിടങ്ങളിലും ഒലിച്ചുപോയതോടെ, സംസ്ഥാനവുമായി കരമാര്‍ഗമുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു. ഗാങ്‌ടോക്കില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഇന്ദ്രേനി പാലം അടക്കം 14 പാലങ്ങളും തകര്‍ന്നു.
Content Highlights:army personnel missing flash floods sikkim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."