HOME
DETAILS

ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന വിവാദങ്ങൾ

  
backup
October 26 2022 | 01:10 AM

higher-education-2022-2


കേരള സർക്കാരിനോടും ബഹുമാനപ്പെട്ട ഗവർണറോടും വിനീതമായ അഭ്യർഥനയുണ്ട്. നടുവൊടിഞ്ഞു കിടക്കുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ നിങ്ങൾ രണ്ടുപേരും കൂടി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തരുത്. ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസരംഗം, പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസരംഗം ഇന്ന് നിലവാരത്തകർച്ചയാലും രാഷ്ട്രീയവൽക്കരണത്താലും തകർന്ന് തരിപ്പണമായിരിക്കയാണ്. സ്വാതന്ത്ര്യം നേടുന്ന കാലത്തും തുടർന്നുള്ള നിരവധി പതിറ്റാണ്ടുകളിലും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക ഗുണനിലവാരത്തിൽ ഇന്ത്യയുടെ ദേശീയ ശരാശരിയെക്കാൾ എത്രയോ ഉയർന്നതും എല്ലാവർക്കും മാതൃകയായിരുന്നു. ഏറെ കൊട്ടിഘോഷിക്കുന്ന കേരള വികസന മാതൃകയുടെ അടിത്തറ തന്നെ നമ്മൾ വിദ്യാഭ്യാസമേഖലയിൽ കൈവരിച്ച നേട്ടങ്ങളായിരുന്നു. എന്നാൽ കോപ്പിയടി, മാർക്ക് ദാനം, ഗവർണർ-സർക്കാർ പോര് തുടങ്ങി തുടർച്ചയായ വിവാദങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെട്ട് മൃതാവസ്ഥയിൽ എത്തിയിരിക്കുകയാണ്.


വിദ്യാർഥികൾ കേരളത്തിന്
പുറത്തേക്ക് ഒഴുകുന്നു


ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർച്ച കാരണം കേരളത്തിലെ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. ഏതെങ്കിലും തരത്തിൽ നിർവാഹമുള്ള വിദ്യാർഥികളെല്ലാം ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി കേരളം വിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിനു പുറത്തും ആഗോളതലത്തിലും വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് കഴിയുന്നില്ല. സർക്കാരിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ കാരണം സർവകലാശാലകളിൽ ഇപ്പോൾ മുന്നോട്ടു നിൽക്കുന്നത് വിവാദങ്ങൾ മാത്രമാണ്. പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ യാതൊരുവിധ താൽപര്യങ്ങളും സർക്കാരിനോ അല്ലെങ്കിൽ സർവകലാശാലകളെ നിയന്ത്രിക്കുന്ന വിവിധ അക്കാദമി ബോഡികൾക്കോ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.


കേരളത്തിലെ വിദ്യാഥികളിൽ 19% മാത്രമാണ് ഇവിടെ ഉന്നതവിദ്യാഭ്യാസം നേടുന്നത് എന്നാണ് ധനകാര്യ മന്ത്രിയുടെ 2022 ലെ ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. ഈ അധ്യയന വർഷം കേരളത്തിലെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രോഗ്രാമുകൾക്ക് ആവശ്യമായ വിദ്യാർഥികളെ ലഭിക്കാത്ത സാഹചര്യം പല കോളജുകളിലും ഉണ്ട്. മുൻ വർഷങ്ങളിൽ മാനവിക വിഷയങ്ങൾക്ക് വിദ്യാർഥികളെ ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ ഇത്തരം വിഷയങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. എല്ലാകാലവും ഏറ്റവുമധികം ആവശ്യക്കാർ ഉണ്ടായിരുന്നത് കൊമേഴ്‌സ് വിഷയങ്ങൾക്കായിരുന്നെങ്കിൽ ഇപ്പോൾ അതിനും ആവശ്യകത കുറഞ്ഞു വരികയാണ്. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് കേരളത്തിന് പുറത്ത് ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കൂടിവരുന്നു എന്നതാണ്.


കേരളത്തിലെ വിദ്യാർഥികളുടെ പുറത്തോട്ടുള്ള ഒഴുക്ക് മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞവർഷം ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയ മലയാളി വിദ്യാർഥികളുടെ എണ്ണം മാത്രം പരിശോധിച്ചാൽ മതി. ഏകദേശം പതിനായിരത്തിനടുത്ത് വിദ്യാർഥികൾ കേരളത്തിൽ നിന്ന് ഡൽഹി സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളിൽ പ്രവേശനം നേടിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റു പ്രശസ്ത സർവകലാശാലകളായ ജെ.എൻ.യു, ഹൈദരാബാദ്, പോണ്ടിച്ചേരി, ബനാറസ്, അലിഗഡ് തുടങ്ങിയവയിലെ പ്രവേശനവും പരിശോധിച്ചാൽ മലയാളി വിദ്യാർഥികളുടെ വലിയ തള്ളിക്കയറ്റം കാണുവാൻ സാധിക്കും. കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനുള്ള അഖിലേന്ത്യ മത്സരപരീക്ഷയായ കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് ഈ വർഷം അപേക്ഷ നൽകിയ വിദ്യാർഥികളുടെ എണ്ണം 20 ലക്ഷം കവിയും. ഇതിൽ നല്ല ശതമാനം കേരളത്തിൽ നിന്നുള്ള വിദ്യാർഥികളാണ്.


പ്രവേശന പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് അതോറിറ്റിയുടെ (NTA) കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിയറുപതിനായിരത്തിൽപരം വിദ്യാർഥികളാണ് കേരളത്തിൽനിന്ന് ഈ വർഷം പരീക്ഷ എഴുതിയത്. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ മലയാളി വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി പെരുകുന്ന പശ്ചാത്തലത്തിലാണ് ഈ വർഷം മുതൽ അഖിലേന്ത്യാതലത്തിൽ മത്സര പരീക്ഷ നടത്തുവാൻ യു.ജി.സി തീരുമാനിച്ചത്. സി.യു.ഇ.ടി പരീക്ഷകൂടി വന്നതോടെ വരും വർഷങ്ങളിൽ കേരളത്തിൽനിന്ന് പുറത്തോട്ട് ഒഴുകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകാനാണ് സാധ്യത. കൂടാതെ, കേരളത്തിന് പുറത്ത് നിരവധി സ്വകാര്യ സർവകലാശാലകളും ഇപ്പോൾ വലിയ അളവിൽ മലയാളി വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്. നമ്മുടെ വിദ്യാർഥികൾ ഇപ്പോൾ ആഗോളതലത്തിൽ ചിന്തിക്കുമ്പോൾ അതിനൊപ്പമുയരുവാൻ ഭരണാധികാരികൾക്കും നയരൂപകർത്താക്കൾക്കും കഴിയുന്നില്ലെന്നത് വളരെ സങ്കടകരമാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ സർവകലാശാലകളെ വിവാദങ്ങൾ ചൂഴ്ന്നുനിൽക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത കുത്തനെ തകരുന്നതിന് മാത്രമേ സഹായകരമാവുകയുള്ളൂ.


രാഷ്ട്രീയ അതിപ്രസരം
സർവകലാശാലകളെ തകർക്കുന്നു


ഇടതുഭരണത്തിൽ അതിരുകവിഞ്ഞ രാഷ്ട്രീയ അതിപ്രസരമാണ് സർവകലാശാലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടി ഫ്രാക്ഷൻ ഭരണമാണ് ഇന്ന് അവിടങ്ങളിൽ നടക്കുന്നത്. താക്കോൽ സ്ഥാനങ്ങളിൽ എല്ലാം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും പാർശ്വവർത്തികളെയും തിരുകികേറ്റാനുള്ള നിരന്തരമായ ജാഗ്രത മാത്രമാണ് സർക്കാരിനുള്ളത്. വൈസ് ചാൻസലർ നിയമനങ്ങളിൽ കാണുന്നത് അക്കാദമിക മികവിനെക്കാൾ രാഷ്ട്രീയ ഇടപെടലുകളും താൽപര്യങ്ങളുമാണ്. അധ്യാപക നിയമങ്ങളിൽപോലും മെറിറ്റ് അട്ടിമറിക്കപ്പെടുകയാണ്.


ഗവർണറുടെ നിലപാടുകളും ന്യായീകരിക്കാൻ കഴിയുന്നതല്ല. വൈസ് ചാൻസലർമാരെ നിയമിക്കുമ്പോൾ യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഗവർണർ ബാധ്യസ്ഥനാണ്. കണ്ണൂർ വി.സി നിയമനത്തിൽ തനിക്ക് വീഴ്ചയുണ്ടായതായി ഗവർണർ പിന്നീട് സമ്മതിക്കുകയുണ്ടായി. ആദ്യകാലത്ത് നിശബ്ദത പുലർത്തിയ ഗവർണർ ഇപ്പോൾ സുപ്രിംകോടതിയുടെ വിധിയെ മറയാക്കിക്കൊണ്ട് നീതി നടപ്പിലാക്കാനെന്ന പേരിൽ ഇറങ്ങിയിരിക്കുകയാണ്.
അട്ടിമറിക്കുന്ന യു.ജി.സി ചട്ടങ്ങൾ
കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത സ്വയംഭരണ സ്ഥാപനങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന നിയമസഭയോ കേന്ദ്ര പാർലമെന്റോ നിർമിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിൽ വരുന്നത്. ഈ നിയമങ്ങളും ചട്ടങ്ങളും കാലാകാലങ്ങളിൽ സർവകലാശാലയുടെ ഗുണനിലവാരവും കാലോചിത പ്രവർത്തനവും സുഗമമാക്കാനും മേൽനോട്ടം വഹിക്കാനുമായി രൂപീകൃതമായ യു.ജി.സിയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കുമെന്നും വിഭാവനം ചെയ്യുന്നു. സംസ്ഥാന സർക്കാരുകൾ ആരംഭിക്കുന്ന സർവകലാശാലകൾക്ക് യു.ജി.സിയുടെ നിയമങ്ങൾ ലംഘിക്കാൻ അധികാരമില്ലെന്ന് ഗുജറാത്ത് സർദാർ പട്ടേൽ യൂനിവേഴ്‌സിറ്റി വി.സി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.


2018ൽ പരിഷ്‌കരിച്ച യു.ജി.സി ചട്ട പ്രകാരം ചാൻസലർ നിയോഗിക്കുന്ന മൂന്നു മുതൽ അഞ്ചു വരെ അംഗങ്ങളുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിക്ക് വലിയ പ്രാധാന്യമുണ്ട്. അവരാണ് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലൂടെ അർഹരായവരെ കണ്ടെത്തി പട്ടിക തയാറാക്കി ചാൻസലർക്ക് നൽകുന്നത്. അതിൽ നിന്ന് ഗവർണർക്ക് ഒരാളെ വൈസ് ചാൻസലറായി നിയോഗിക്കാം. മുമ്പ് കേരള ഗവർണറായിരുന്ന ജസ്റ്റിസ് സദാശിവം യു.ജി.സി ചട്ടം കൃത്യമായി പാലിച്ചിരുന്നു. അതുകൊണ്ടാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വി.സിയായി ഡോ. ജെ. ലതയും സമുദ്ര മത്സ്യ സർവകലാശാല വിസിയായി ഡോ. ആലപ്പാട്ട് രാമചന്ദ്രനും അക്കാലത്ത് നിയോഗിക്കപ്പെട്ടത്.
സെർച്ച് കമ്മിറ്റിയിലെ ആദ്യത്തെ രണ്ടു പേരുകാരെ ഒഴിവാക്കി, ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു. കാലടി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിലും ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്നു.


വിശ്വാസ്യത തിരികെപിടിക്കണം


ഇടതു സർക്കാരിന്റെ കാലത്തുണ്ടായ കോപ്പിയടി വിവാദവും മാർക്ക് ദാനവും നമ്മുടെ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യതക്ക് വലിയ കളങ്കമായിരുന്നു. സ്വാധീനമുള്ളവർക്ക് സർവകലാശാല പ്രവേശനങ്ങളിലും നിയമനങ്ങളിലും പരീക്ഷകളിലും എന്തുമാകാമെന്ന സന്ദേശമാണ് സാധാരണ ജനങ്ങൾക്ക് ഇതിലൂടെ നൽകിയത്. വിശ്വാസ്യത നഷ്ടപ്പെട്ട ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വയം ഹോമിക്കുവാൻ ഭാവിയെക്കുറിച്ച് വലിയ സ്വപ്നം കാണുന്ന ഒരാളും തയാറാവുകയില്ല. അതുകൊണ്ട് വിവാദങ്ങൾ അവസാനിപ്പിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും ലക്ഷകണക്കിന് വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാനും ബന്ധപ്പെട്ടവർ തയാറാകണം .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  22 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago