സുധാകരനെതിരേ പടയൊരുക്കവുമായി ഗ്രൂപ്പുകള്‍
ഇ.പി മുഹമ്മദ്
കോഴിക്കോട്: സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ ഗ്രൂപ്പ് നേതാക്കള്‍ അമര്‍ഷത്തില്‍. ഡി.സി.സി അധ്യക്ഷ നിയമന ചര്‍ച്ചയില്‍ പ്രതിഷേധമുയര്‍ത്തിയ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ അവഗണിച്ച് വേഗത്തില്‍ പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഹൈക്കമാന്‍ഡുമായി നേരിട്ട് ഏറ്റുമുട്ടുന്നത് അപകടമാണെന്ന തിരിച്ചറിവില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരേയാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. കേരളത്തിലെ പ്രബല ഗ്രൂപ്പുകളെ നയിക്കുന്ന തങ്ങളോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പരാതി.
കെ.പി.സി.സി മുന്‍ അധ്യക്ഷരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഇതേ വികാരമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ നേതാക്കളുമായി കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുന്നത് പട്ടിക വൈകിപ്പിക്കുമെന്ന നിലപാടാണ് സുധാകരന്. ഗ്രൂപ്പുകള്‍ക്ക് പരിഗണന നല്‍കാത്തതിലുള്ള അമര്‍ഷം അണികളുടെ സമൂഹ മാധ്യമ പ്രതിഷേധത്തിലൂടെയും പുറത്തുവരുന്നുണ്ട്. നേതാക്കള്‍ എതിര്‍ത്താലും പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയില്‍ കലാപം അനുവദിക്കില്ലെന്നും സമ്മര്‍ദം ചെലുത്തി കാര്യം നേടുന്ന കാലം കഴിഞ്ഞെന്നുമുള്ള സന്ദേശമാണ് ദേശീയ നേതൃത്വം നല്‍കുന്നത്.
മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ വിശാല ചര്‍ച്ച പൂര്‍ത്തിയാക്കിയാണ് പുനഃസംഘടനാ നടപടികള്‍ നടത്തുന്നതെന്നാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്കുന്ന സുധാകരന്റെയും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെയും നിലപാട്. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പുകളെ അവഗണിച്ചു മുന്നോട്ടുപോകാനാവില്ലെന്ന നലപാടിലാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍.
ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനെന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് സുധാകരന് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഡല്‍ഹിക്കു തിരിച്ച സതീശനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ ടി. സിദ്ദിഖ്, പി.ടി തോമസ് എന്നിവരെക്കൂടി വിളിച്ചത് ഗ്രൂപ്പുകള്‍ക്ക് ക്ഷീണമായി. ഇവര്‍ക്കു നല്കുന്ന പരിഗണന ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ലഭിക്കുന്നില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
പരസ്യപ്രതിഷേധം ഉയര്‍ന്നാലും നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്നാണ് സുധാകരന് ഹൈക്കമാന്‍ഡ് നല്കിയ നിര്‍ദേശം. ചര്‍ച്ചയ്ക്കെന്ന പേരില്‍ കൂടുതല്‍പേരെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തരുതെന്നും സുധാകരനും സതീശനും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ വീതംവച്ചു പോന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഇത്തവണ ആരൊക്കെ വരുമെന്നറിയാത്തതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."