ദേശീയപാത വിജിലന്‍സ് അന്വേഷണം: ആരിഫിനെ തള്ളി സി.പി.എമ്മും മന്ത്രിമാരും
സ്വന്തം ലേഖകന്‍
ആലപ്പുഴ: അരൂര്‍ മുതല്‍ ചേര്‍ത്തല വരെ ദേശീയപാത പുനര്നിര്മിച്ചതിലുള്ള അപാകത സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം വേണമെന്ന എ.എം ആരിഫ് എം.പിയുടെ ആവശ്യം തള്ളി പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മന്ത്രിമാരും.
മന്ത്രിക്ക് കത്തുനല്‍കുന്നത് സംബന്ധിച്ച് ആരിഫ് തന്നോട് സംസാരിച്ചിട്ടില്ലെന്നും പാര്‍ട്ടിയുമായി ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യമാണെന്നും ജില്ലാസെക്രട്ടറി ആര്.നാസര്‍ പറഞ്ഞു.
പരാതി നേരത്തെ തന്നെ സര്‍ക്കാര്‍ അന്വേഷിച്ചുതള്ളിയതാണെന്നും നാസര്‍ പറഞ്ഞു. സുധാകരനെ പിന്തുണച്ചും ആരിഫിനെ തള്ളിയും മന്ത്രിമാരായ സജി ചെറിയാനും മുഹമ്മദ് റിയാസും രംഗത്തെത്തി. ജി.സുധാകരന് മന്ത്രിയായിരിക്കെ നടന്ന നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കിയത് വിവാദമായതോടെയാണ് നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ആരിഫിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിജിലന്‍സ് അന്വേഷണം നടക്കുകയില്ലെന്നും അതും സര്‍ക്കാരാണ് തിരുമാനിക്കുന്നതെന്നും മന്ത്രി സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ഇക്കാര്യത്തില്‍ ആരിഫിന് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിച്ചു പരിഹരിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
ജി.സുധാകരന്റെ കാലത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം തള്ളി. സുധാകരന് നടപ്പിലാക്കിയത് എല്‍.ഡി.എഫ് നയമാണെന്നും മറ്റെന്തെങ്കിലും അന്വേഷിക്കണോയെന്ന് പരിശോധിക്കണമെന്നും റിയാസ് പറഞ്ഞു. ഇതിനിടയില്‍ കഴിഞ്ഞ സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ അന്വേഷണറിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."