രാജ്യത്തിന്റെ മതേതര പാരമ്പര്യം ദുര്‍ബലപ്പെടുത്താനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കണം: ചെന്നിത്തല
നെടുമ്പാശ്ശേരി: രാജ്യത്തിന്റെ മതേതര പാരമ്പര്യം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാനുള്ള ബാധ്യത രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ ഭാരതീയര്‍ക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷം വര്‍ധിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ എല്ലാവിഭാഗം ജനങ്ങളും ഒന്നായി അണിനിരക്കണം. ഇന്ത്യ ബഹുസ്വരതയുള്ള ഒരു നാടാണെന്നും അത് തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രപശ്ചാത്തലം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യയുടെ ഭരണഘടനക്ക് രൂപംനല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല. 18 കോടി മുസ്‌ലിംകള്‍ ജീവിക്കുന്ന നാട്ടില്‍ അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ മുന്നോട്ടുനീങ്ങാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജിന് അനുവാദം നല്‍കരുതെന്ന വാദം അംഗീകരിക്കാനാവില്ല. ഓരോ തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുമ്പോഴും ദൈവത്തിലേക്ക് അടുക്കാനുള്ള മനുഷ്യന്റെ മാനസിക ശക്തിയാണ് വര്‍ധിക്കുന്നത്. മനസിനേയും ശരീരത്തേയും ഒരു പോലെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശുദ്ധ പ്രവര്‍ത്തിയാണ് ഹജ്ജ് കര്‍മമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. മുന്‍ മന്ത്രി കെ.ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുല്‍ മുത്തലിബ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി സ്‌പെഷ്യല്‍ ഓഫിസര്‍ യു.അബ്ദുല്‍ കരീം, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ഇ.സി മുഹമ്മദ്, ഷെരീഫ് മണിയാട്ടുകുടി, മുഹമ്മദ് ഷിയാസ്, വി.പി ജോര്‍ജ്, ദിലീപ് കപ്രശ്ശേരി, എം.ജെ ജോമി, പി.ബി സുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."