ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ജിദ്ദ: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ രാവിലെ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അദ്ദേഹം സദസ്സിനെ വായിച്ചു കേൾപ്പിച്ചു.
ഇന്ത്യൻ കോൺസുലേറ്റിന്റെ സാമൂഹ്യ സുരക്ഷ പരിപാടിയുടെ ഭാഗമായുള്ള മൊബൈൽ ആപ്പ്, ഓൺലൈൻ അപ്പോയ്ന്റ്മെന്റ്, കമ്മ്യൂണിറ്റി വെൽഫെയർ ടൂർ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ സമൂഹത്തിനും ഇന്ത്യൻ കോൺസുലേറ്റിനും നൽകി വരുന്ന സഹകരണം അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ - സഊദി സൗഹൃദം ഇപ്പോൾ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
'ആസാദീ കാ അമൃത് മഹോത്സവ്' ലോഗോ ചടങ്ങിൽ വെച്ച് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പ്രകാശനം ചെയ്തു. തുടർന്ന് കോൺസുലേറ്റ് ഹാളിൽ ഒരുക്കിയ ചരിത്ര - കലാ പ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനികൾ ദേശ ഭക്തി ഗാനങ്ങൾ ആലപിച്ചു.
കോൺസൽമാരായ വൈ. സാബിർ, ഹംന മറിയം, കോൺസുലേറ്റിലെ മറ്റു ഉദ്യോഗസ്ഥർ, സ്വദേശികളടക്കം പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."