സൈബര്‍സുരക്ഷാ സമ്മേളനം; ഡിവൈ.എസ്.പിക്കെതിരേ കേസ്
കൊല്ലം: കൊല്ലത്തുനടന്ന പൊലിസ് സൈബര്‍ സുരക്ഷാ സെമിനാറിനിടെ അവതാരകയായ ജേണലിസം വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡിവൈ.എസ്.പി വിനയകുമാരന്‍ നായര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ലൈംഗിക ചുവയോടെയുള്ള സംസാരം (ഐ.പി.സി 354 എ(10), സ്ത്രീകളോടു സൗഹൃദം സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ അവരെ സമീപിക്കുകയും ഇഷ്ടമില്ലാത്ത തരത്തില്‍ ശല്യംചെയ്യുക (ഐ.പി.സി 354 ഡി(2)) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ, വിനയകുമാരന്‍ നായരെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇയാള്‍ക്കെതിരേ കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം റിപ്പോര്‍ട്ട് നല്‍കുകയും കൊല്ലം അഞ്ചാലുംമൂട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണിത്. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കും. നടപടിയുടെ കാര്യത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നിലപാട് കടുപ്പിച്ചതോടെയാണ് സസ്‌പെന്‍ഷനുള്ള വഴിതുറക്കുന്നത്. വിദ്യാര്‍ഥിനിയെ അനുനയിപ്പിക്കാന്‍ അണിയറയില്‍ ശ്രമം നടന്നിരുന്നെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി പരാതി നല്‍കില്ലെന്നും വിനയകുമാരന്‍ നായര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. പൊലിസ് കേസെടുത്തതോടെ ഈ വാദം പൊളിയുകയും ചെയ്തു.
വിനയകുമാരന്‍ നായര്‍ക്കെതിരേ കഴിഞ്ഞയാഴ്ചതന്നെ വകുപ്പുതല നടപടി എടുത്തിരുന്നു. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഹൈടെക് സെല്‍ അസി. കമാന്‍ഡന്റായ വിനയകുമാരന്‍ നായരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗവും പെണ്‍കുട്ടിയില്‍ നിന്നു മൊഴിരേഖപ്പെടുത്തിയിരുന്നു.
വിനയകുമാരന്‍നായര്‍ക്കെതിരേ പൊലിസ് നിലപാട് കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊക്കൂണ്‍ സമ്മേളനത്തിനെതിരേ പൊലിസിലെ ചില കേന്ദ്രങ്ങള്‍ അഴിമതി ആരോപണവും ഉയര്‍ത്തിയിരുന്നു. ഈ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യത വളരെ കുറവായതിനാല്‍ വിനയകുമാരന്‍ നായരെ പൊലിസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."