ഗുജറാത്തില്‍ ഏക സിവില്‍ കോഡിന് നീക്കം; പഠനം നടത്താന്‍ സമിതിയെ നിയോഗിക്കും
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഏക സിവില്‍ കോഡിന് നടപ്പാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ സമിതി രൂപീകരിച്ചേക്കുമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.
നേരത്തെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. വിജയിച്ച ശേഷം നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ഇപ്പോള്‍ ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കുന്നതിലൂടെ പണപ്പെരുപ്പം, മോശം സമ്പദ്‌വ്യവസ്ഥ, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ ആശങ്കകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കമാണിതെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടിന്നു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡിന് വേണ്ടി ഏതെങ്കിലും നിയമം രൂപീകരിക്കാനോ നിയമമാക്കാനോ പാര്‍ലമെന്റിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് കേന്ദ്രം ഈ മാസം ആദ്യം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയത്തിന്റെ കാര്യം തീരുമാനിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കാനാകില്ലെന്നും നിയമനീതി മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിയമനിര്‍മാണം നിയമനിര്‍മാണസഭയുടെ വിവേചനാധികാരമാണെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു.
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നത്. ഏകസിവില്‍ കോഡ് ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇത് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."