ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാന്‍ രാഷ്ട്രീയക്കാര്‍ക്കു കഴിയണം: ചെന്നിത്തല
കോഴിക്കോട്: ജനങ്ങളുടെ പിന്തുണയും അംഗീകാരവും നേടിയെടുക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനങ്ങളും പദവികളും സ്ഥിരമല്ല. എന്നാല്‍ ജനങ്ങളുടെ അംഗീകാരം എക്കാലവും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ രാജ്യസഭാംഗവും മുസ്ലിം ലീഗ് നേതാവുമായിരുന്ന ബി.വി അബ്ദുല്ലക്കോയയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ബി.വി ഫൗണ്ടേഷന് അവാര്‍ഡുകള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.വി ഗംഗാധരന് എന്നിവര്‍ക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ബി.വി അബ്ദുല്ലക്കോയക്ക് സാധിച്ചിട്ടുണ്ട്. പൊതുജീവിതത്തില്‍ വിശ്വാസ്യത കാത്തുസൂക്ഷിച്ചതുകൊണ്ടാണ് ബി.വിയെ ഇന്നും ജനം ഓര്‍മിക്കുന്നത്. ബഹുമുഖ കഴിവുകളുള്ള നേതാവായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുറ്റ നേതൃത്വം കൊടുക്കുമ്പോള്‍ തന്നെ യു.ഡി.എഫിനെ കെട്ടുറപ്പുള്ളതാക്കി മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ധീരമായ നേതൃപാടവത്തിന് ഉടമയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ മറ്റു അംഗങ്ങളുടെ ആദരവു പിടിച്ചുപറ്റാന്‍ ബി.വിക്ക് സാധിച്ചിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിന്റെ മതേതര മുഖം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ബി.വി അബ്ദുല്ലക്കോയ വലിയ പങ്കുവഹിച്ചെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാധാരണക്കാര്‍ക്കുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതാവാണ് അദ്ദേഹം. പറഞ്ഞ വാക്ക് അദ്ദേഹം മാറ്റില്ല. സമൂഹത്തില്‍ 'ഫാക്ടര്‍' ആകാന്‍ കഴിഞ്ഞാലേ യഥാര്‍ഥ നേതാവാകൂ. അത്തരത്തില്‍ യഥാര്‍ഥ നേതാവാകാന്‍ ബി.വിക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുജീവിതത്തില്‍ മാതൃകയായ അദ്ദേഹത്തില്‍നിന്നു പുതുതലമുറയ്ക്ക് ഒട്ടേറെ പഠിക്കാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ബി.വി ഫൗണ്ടേഷന് ചെയര്മാന് ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. എം.സി മായിന്‍ഹാജി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. ടി.വി ഇബ്രാഹിം എം.എല്‍.എ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ മംഗളപത്രം സമര്‍പ്പിച്ചു. അബ്ദുല്‍ജലീല്‍ ഒറ്റപ്പാലം ഉപഹാരം സമര്‍പ്പിച്ചു.
എ.വി കുഞ്ഞാമു അവാര്‍ഡ് ജേതാക്കളെ പൊന്നാട അണിയിച്ചു. മുന്‍ മേയര്‍ സി.ജെ റോബിന്, അഡ്വ.എം. രാജന്, പി. ഇസ്മാഈല്‍, നവാസ് പൂനൂര്, എ. സജീവന്, പാലത്തായി മൊയ്തുഹാജി, കെ.സി അബു, എന്‍. സുബ്രഹ്മണ്യന്, അഡ്വ.എസ്.വി ഉസ്മാന് കോയ എന്നിവര്‍ സംസാരിച്ചു.
അവാര്‍ഡ് ജേതാക്കളായ അബ്ബാസലി ശിഹാബ് തങ്ങളും
പി.വി ഗംഗാധരനും മറുപടി പ്രസംഗം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട് ഖിറാഅത്ത് നടത്തി. ബി.വി ഫൗണ്ടേഷന് ജനറല്‍ കണ്‍വീനര്‍ കെ. മൊയ്തീന്‍കോയ സ്വാഗതവും കണ്‍വീനര്‍ സി.പി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."