മതേതര ചിന്തകള്‍ക്കായി ഗ്രാമങ്ങള്‍ കൈകോര്‍ക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: മതേതര ചിന്തകള്‍ക്കായി ഗ്രാമങ്ങള്‍ കൈകോര്‍ക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കലക്‌ട്രേറ്റിലെ എ.പി.ജെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബര പ്രഖ്യാപന ശതാബ്ദി ആഘോഷത്തിന്റെ സംഘാടക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തിനിടയില്‍ മതില്‍ക്കെട്ടുകളുയര്‍ത്തുന്ന ജാതിചിന്തകള്‍ വളരുകയാണ്. മാനവ സാഹോദര്യത്തിന് വിള്ളലേല്‍പ്പിക്കുന്ന വിധത്തില്‍ ഇതെല്ലാം മുറിവുകളുണ്ടാക്കുന്നു.
ശ്രീനാരയണ ഗുരു നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ത്തിയ മാനവീയ സന്ദേശത്തിന് കാലികമായി വളരെയേറെ പ്രസക്തിയുണ്ട്. ഈ സന്ദേശം കേരളത്തിന്റെ ഗ്രാമങ്ങള്‍ തോറും എത്തേണ്ടുതുണ്ട്. ഇതിനായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് 'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി ആഘോഷത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖന്‍, ടി.എസ് ദിലീപ് കുമാര്‍, ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി, സി.കെ സഹദേവന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മന്ത്രിമാര്‍ പങ്കെടുത്തുകൊണ്ടുള്ള ജില്ലാതല സെമിനാര്‍, ജില്ലാതല വിളംബര ജാഥ, ഗ്രന്ഥശാലാതലത്തില്‍ സെപ്തംബര്‍ 8 മുതല്‍ 14 വരെ വാരാചരണ പരിപാടികള്‍, താലൂക്ക് തലങ്ങളില്‍ സാംസ്‌കാരിക ജാഥ തുടങ്ങി വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
സ്വാഗത സംഘത്തില്‍ രക്ഷാധികാരികളായി എം.പി മാരായ എം.ഐ ഷാനവാസ്, എം.പി വീരേന്ദ്രകുമാര്‍, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ചെയര്‍പേഴ്‌സനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് ചെയര്‍മാന്‍മാന്‍മാരായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലിനെയും ജോയിന്റ് കണ്‍വീനര്‍മാരായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തിനെയും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി സുരേഷിനെയും തെരഞ്ഞെടുത്തു.
സംസ്ഥാന, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, പബ്ലിക് റിലേഷന്‍ വകുപ്പ്, സാംസ്‌കാരിക-വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍, ജില്ലയിലെ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാഹിത്യകാരന്‍മാര്‍ തുടങ്ങിയവരെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."