ആശിക്കും ഭൂമി ആദിവാസികള്‍ക്ക് 'പദ്ധതിയില്‍ അഴിമതി ആദിവാസി േനതാക്കള്‍ അഴിമതി നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന്
'
കല്‍പ്പറ്റ: ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന 'ആശിക്കും ഭൂമി ആദിവാസികള്‍ക്ക് ' പദ്ധതിയില്‍ അഴിമതി നടത്തി ജില്ലയിലെ ആദിവാസി സംഘടനാ നേതാക്കള്‍ കോടികള്‍ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിവിധ ആദിവാസി സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുസമൂഹത്തിനു മുന്‍പില്‍ ആദിവാസികളെയും സംഘടനാ നേതാക്കളെയും മോശമായി ചിത്രീകരിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ആദിവാസി ഭൂമിയിടപാടുകളില്‍ അഴിമതി നടന്നതിനാല്‍ അഴിമതി ഒഴിവാക്കാനായി ഭൂമി വാങ്ങുന്നതിനുള്ള പര്‍ച്ചേയ്‌സ് കമ്മിറ്റിയില്‍ ആദിവാസി സംഘടനാ നേതാക്കളെ കൂടി ഉള്‍പ്പെടുത്തിയാണ് മുന്‍ ജില്ലാ കലക്ടര്‍ പര്‍ച്ചേയ്‌സ് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി നിലവില്‍ വന്നതിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഭൂ ഉടമയില്‍ നിന്നും ഭൂമി വില്‍പ്പനയ്ക്കുള്ള അപേക്ഷ നേരിട്ട് ക്ഷണിച്ചു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനുശേഷം ഭൂമി ആദിവാസികള്‍ക്ക് വാസയോഗ്യമാണോ അല്ലയോ എന്ന് പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് നല്‍കുക മാത്രമാണ് നേതാക്കളുടെ ചുമതല. പിന്നീട് കലക്ടര്‍ അന്തിമതീരുമാനമെടുത്ത ശേഷം പര്‍ച്ചേയ്‌സ് കമ്മിറ്റി തീയതി തീരുമാനിച്ച് ബന്ധപ്പെട്ട ഭൂ ഉടമയെ അറിയിക്കുകയും അറിയിപ്പ് ലഭിച്ച ഉടമ പര്‍ച്ചേയ്‌സ് കമ്മിറ്റിയില്‍ വിലപേശല്‍ നടത്തുകയും ചെയ്യും. ഭൂമിയുടെ വില കലക്ടറാണ് നിശ്ചയിക്കുക.
എന്നിരിക്കെ ആദിവാസി നേതാക്കള്‍ കോടികളുടെ അഴിമതി നടത്തി എന്ന ആരോപണത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും, സംഘടനാ നേതാക്കളെ കള്ള പ്രചാരണത്തിലൂടെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി രാമന്‍, ബി.വി ബോളന്‍, വി.ആര്‍ ബാലന്‍, നാഷനല്‍ ആദിവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എടക്കല്‍ മോഹനന്‍, ആദിവാസി മഹാസഭ പ്രസിഡന്റ് ടി. മണി, വി. ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."