HOME
DETAILS

'ഇൻഡ്യ' മുന്നോട്ടുവയ്ക്കുന്നജാതി സെൻസസ് രാഷ്ട്രീയം

  
backup
October 10 2023 | 18:10 PM

indias-proposed-caste-census-politics

പ്രൊ.റോണി.കെ.ബേബി

കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന ചരിത്രപരമായ തീരുമാനം കഴിഞ്ഞ ദിവസം കൂടിയ പ്രവര്‍ത്തക സമിതി എടുത്തിരിക്കുകയാണ്. 'ജാതി സെൻസസ് രാജ്യത്തിന്റെ പുതിയ മാതൃകയ്ക്കും വികസനത്തിനും ആവശ്യമായ 'എക്‌സ്-റേ'യാണ്. ജനസംഖ്യയിലെ പ്രാതിനിധ്യവും വിഹിതവും തമ്മിലുള്ള അസമത്വം സാമൂഹിക നീതിക്ക് തടസമാണ്. വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങളില്ലാതെ അതു നടപ്പാക്കാനാകില്ല'.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയം പറയുന്നു. 'ജാതിയുടെയോ മതത്തിന്റെയോ പരിഗണനയിലല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ടവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയുള്ളതാണ് ജാതി സെൻസസ് എന്നതാണ് പാർട്ടിയുടെ നിലപാട് എന്ന് പ്രവർത്തകസമിതി യോഗത്തിനുശേഷമുള്ള പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി കൂട്ടിച്ചേർക്കുമ്പോൾ സാമൂഹിക നീതിക്കുവേണ്ടിയുള്ള വലിയ പോരാട്ടത്തിനാണ് പാർട്ടി ഒരുങ്ങുന്നതെന്ന സന്ദേശം അർഥശങ്കക്ക് ഇടയില്ലാത്തവിധം കോൺഗ്രസ് വ്യക്തമാക്കുകയാണ്.


2024ലെ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൻഡ്യാ മുന്നണി തങ്ങളുടെ പ്രധാന മുദ്രാവാക്യമായി 'സാമൂഹിക നീതി' എന്ന ആവശ്യം ഉയർത്തുകയാണ്. സുപ്രിംകോടതിയുടെ അംഗീകാരത്തോടെ ബിഹാറിൽ ജാതി സർവേ നടത്തി റിപ്പോർട്ട് പുറത്തുവിടുകവഴി ഇൻഡ്യ മുന്നണി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇതിന് തുടക്കം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നടത്തിയ ജാതിയടിസ്ഥാനമാക്കിയുള്ള സർവേ ഫലം ഗാന്ധി ജയന്തി ദിനമാണ് ബിഹാർ സർക്കാർ പുറത്തുവിട്ടത്. ബിഹാറിലെ ജനസംഖ്യയുടെ 63 ശതമാനവും മറ്റ് പിന്നോക്ക ജാതിക്കാരാണെന്ന് (ഒ.ബി.സി) ബിഹാർ ചീഫ് സെക്രട്ടറി പുറത്തുവിട്ട സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.


ബിഹാർ മോഡൽ ജാതി സെൻസസ്‌ വേണമെന്ന ആവശ്യം മറ്റു സംസ്ഥാനങ്ങളിൽ ശക്തമായതോടെ ബി.ജെ.പി കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. ജാതി സെൻസസിന് ബി.ജെ.പി എതിരാണ്. അവർ മുന്നോട്ടുവയ്ക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയത്തിന് കടകവിരുദ്ധമാണ് ജാതിതിരിച്ചുള്ള കണക്കെടുപ്പും ചർച്ചകളും. 2021ൽ നടക്കാനിരുന്ന സെൻസസ് നീണ്ടുപോകുന്നതിന്റെ കാരണങ്ങളിലൊന്ന് ജാതി സെൻസസ് നടത്തേണ്ടിവരും എന്ന ബി.ജെ.പിയുടെ ഭയമാണ്. ജാതി തിരിച്ചുള്ള യഥാർഥ കണക്കുകൾ പുറത്തുവന്നാൽ ജനസംഖ്യാനുപാതികമായിട്ടല്ല

പിന്നോക്കവിഭാഗങ്ങൾക്കുള്ള സംവരണവും മറ്റ് ആനുകൂല്യങ്ങളും എന്ന ചർച്ചകൾ ഉയരുമെന്നും ഇത് തങ്ങളുടെ കോർ വോട്ടുബാങ്കായ മുന്നോക്ക സമുദായങ്ങളുടെ അപ്രീതിക്ക് കാരണമാകുമെന്നുമാണ് ബി.ജെ.പി ഭയക്കുന്നത്. ജനസംഖ്യ കണക്കെടുപ്പിനോടൊപ്പം പട്ടികവിഭാഗങ്ങൾ ഒഴികെയുള്ളവരുടെ വിവരങ്ങൾ നയപരമായ കാരണങ്ങളാൽ ശേഖരിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്.


ഉത്തർപ്രദേശിൽ ജാതി സെൻസസ്‌ നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സഖ്യകക്ഷികളായ സുഹേൽദേവ്‌ ഭാരതീയ സമാജ്‌വാദി പാർട്ടി, നിഷാദ്‌ പാർട്ടി, അപ്‌നാദൾ തുടങ്ങിയവർ രംഗത്തെത്തിയത് ബി.ജെ.പിയെ വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ട്. അതേസമയം, മറുഭാഗത്ത് ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ശക്തമാക്കുകയാണ്.
കോൺഗ്രസ്‌ അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ്‌ നടത്തുമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കമൽനാഥും വ്യക്തമാക്കി.

ജാതി സെൻസസുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന സർക്കാരിനു സമർപ്പിക്കാൻ പിന്നോക്ക വിഭാഗം കമ്മിഷനോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിരിക്കുകയാണ്. 2015ൽ എച്ച്. കാന്തരാജു പിന്നോക്ക വിഭാഗം ചെയർമാനായിരിക്കെ തയാറാക്കിയ റിപ്പോർട്ട് നടപ്പാക്കാനാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ആലോചിക്കുന്നത്.


ജാതി സെൻസസിന്റെ പ്രാധാന്യം
എണ്ണത്തിലും ശതമാനത്തിലും ഇന്ത്യയിലെ ജനസംഖ്യയെ ജാതിയടിസ്ഥാനത്തിൽ നടത്തുന്ന കണക്കെടുപ്പാണ് ജാതി സെൻസസ്. 1891ൽ ബ്രിട്ടിഷുകാർ ഇന്ത്യയിൽ സെൻസസ് ആരംഭിച്ചപ്പോൾ അതിൽ ജാതി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള കളങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽ അവസാനത്തെ ജാതി സെൻസസ് ബ്രിട്ടിഷ് ഭരണകാലത്ത് 1931ലാണ് നടത്തിയത്. 1951 മുതൽ 2011 വരെ പട്ടികജാതി പട്ടികവർഗക്കാരുടെ ജാതി വിവരങ്ങൾ മാത്രമായിരുന്നു സെൻസസ് റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ചിരുന്നത്. 1953ൽ രാജ്യത്ത് ആദ്യമായി പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച കാകാ കലേൽകർ കമ്മിഷന്റെ പ്രധാന നിർദേശങ്ങളിൽ ഒന്ന് 1961ലെ സെൻസസിൽ ജാതി കണക്കെടുക്കണം എന്നായിരുന്നു.


കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ 2011ൽ സാമൂഹ്യ-സാമ്പത്തിക-ജാതി സെൻസസ് (എസ്.ഇ.സി.സി) വിവരങ്ങൾ സമാഹരിച്ചിരുന്നു. എന്നാൽ 2014ൽ അധികാരത്തിൽവന്ന ബി.ജെ.പി സർക്കാർ അതിലെ ജാതിവിവരങ്ങൾ ഒഴികെയുള്ള റിപ്പോർട്ടുകളാണ് 2015ൽ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ പിന്നോക്ക വിഭാഗങ്ങൾ ഏതൊക്കെയാണെന്നും അതിന്റെ ആധികാരിക കണക്കുകളെ സംബന്ധിച്ചുള്ള അവ്യക്തതയുമാണ് ജാതി സെൻസസ് എന്ന ആവശ്യം ശക്തമാകുന്നതിനുള്ള കാരണം. 1970കളില്‍ ബിഹാറിൽ മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറായിരുന്നു രാജ്യത്ത് ആദ്യമായി ജാതിസംവരണം ഏര്‍പ്പെടുത്തിയത്.

തുടർന്ന് ബി.പി മണ്ഡലിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കിക്കൊണ്ട് 1990 ഓഗസ്റ്റില്‍ അന്നത്തെ പ്രധാനമന്ത്രി വി.പി സിങ്ങാണ് ദേശീയതലത്തിൽ പിന്നോക്ക വിഭാഗത്തിനായി 27 ശതമാനം സംവരണം പ്രഖ്യാപിച്ചത്.


കമണ്ഡല്‍ രാഷ്ട്രീയത്തിനെതിരേ മണ്ഡൽ രാഷ്ട്രീയം
തൊണ്ണൂറുകളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വഴിമാറ്റം സൃഷ്ടിച്ച മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് സമാനമായി ബിഹാറിലെ ജാതിസര്‍വേ ഫലം പുറത്തുവന്നത്തോടെ വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയം ജാതിയെന്ന യാഥാർഥ്യത്തിലേക്ക് ഒരിക്കൽകൂടി തിരിയുകയാണ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജൻഡയാണ് ജാതി സെൻസസ്. ബി.ജെ.പിയുടെ കമണ്ഡല്‍ രാഷ്ട്രീയത്തിനെതിരേ മണ്ഡൽ രാഷ്ട്രീയം പരീക്ഷിക്കാനാണ് ഇൻഡ്യ മുന്നണിയുടെ തീരുമാനം.

പിന്നോക്കവിഭാഗങ്ങളെയെല്ലാം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കുടക്കീഴിൽ കൊണ്ടുവരുവാനുള്ള ബി.ജെ.പിയുടെ തന്ത്രത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ആയുധമാണ് മണ്ഡൽ രാഷ്ട്രീയം. 1990ൽ രാമക്ഷേത്രനിര്‍മാണം ആഹ്വാനംചെയ്ത് എൽ.കെ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് തടയിടാനായിരുന്നു വി.പി സിങ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയത്. അന്നു മുതൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധം മണ്ഡൽ രാഷ്ട്രീയമാണ്. അതാണ് ഇപ്പോൾ പ്രതിപക്ഷം പൊടിതട്ടിയെടുത്തിരിക്കുന്നത്.

രാഷ്ട്രീയമായി ബി.ജെ.പി ജാതി സെൻസസിനെ എതിർക്കുകയാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ഹിന്ദുത്വ പ്രചാരണത്തിന് ജാതി സർവേ വെല്ലുവിളിയാകുമെന്ന് ബി.ജെ.പി ഭയപ്പെടുന്നു.
മുന്നോക്കക്കാരുടെ വോട്ടുകൊണ്ടുമാത്രം രാഷ്ട്രീയ അധീശത്വം സ്ഥാപിക്കാൻ കഴിയില്ല എന്ന് ബി.ജെ.പിക്ക് അറിയാം. അതുകൊണ്ട് ഒ.ബി.സി വിഭാഗങ്ങളുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് 2014 മുതല്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെന്ന് പറയേണ്ടിയിരിക്കുന്നു.

അതിന്റെ ഫലവും ഉണ്ടാകുന്നുണ്ട്. 2009 ലെ തെരഞ്ഞെടുപ്പില്‍ 23 ശതമാനമായിരുന്നു ബി.ജെ.പിയുടെ ഒ.ബി.സി പിന്തുണയെങ്കില്‍ 10 വര്‍ഷംകൊണ്ട് അത് 44 ശതമാനമായി വര്‍ധിച്ചു. 2014ൽ മോദി ആദ്യമായി പ്രധാനമന്ത്രി കസേരയിൽ എത്തിയതുതന്നെ ഈ ഒ.ബി.സി കാർഡിലാണ്. ഇന്ന് ബി.ജെ.പിയുടെ 29 ശതമാനം എം.പിമാര്‍ പിന്നോക്കവിഭാഗമാണ്. 2019ൽ 29 മന്ത്രിമാരെയാണ് ഒ.ബി.സി വിഭാഗത്തില്‍നിന്ന് ബി.ജെ.പി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് മണ്ഡല്‍ രാഷ്ട്രീയം വീണ്ടും ചർച്ചയാക്കി, ഒ.ബി.സി വോട്ടുബാങ്കിൽ ബി.ജെ.പിക്കുള്ള സ്വാധീനം മറികടക്കുക എന്നതാണ് പ്രതിപക്ഷ മുന്നണിയുടെ ലക്ഷ്യം. രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ഇൻഡ്യാ മുന്നോട്ടുവയ്ക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്.

Content Highlights:India's proposed caste census politics



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago