ഇലന്തൂര്‍ നരബലിക്കേസ്: കൊല്ലപ്പെട്ടത് പത്മം തന്നെ, ഡി.എന്‍.എ ഫലം വന്നു
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഡി.എന്‍.എ പരിശോധനക്കയച്ച 56 സാമ്പിളുകളില്‍ ഒന്നിന്റെ ഫലമാണ് പുറത്തുവന്നത്. ഇലന്തൂരില്‍ നിന്ന് ലഭിച്ച ശരീര ഭാഗം പത്മത്തിന്റേത് തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഡി.എന്‍.എ റിപ്പോര്‍ട്ട്. ഇതോടെ പത്മം കൊല്ലപ്പെട്ടു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമാവുകയാണ്. ഫലം പൂര്‍ണമായി വന്നാല്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതെ സമയം പത്മത്തിന്റെ മൃതദേഹം വിട്ടുനല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കുടുംബം രംഗത്തുവന്നിരുന്നു. പത്മയുടെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും കിട്ടുന്നില്ലെന്നും ഒരു ഫോണ്‍കോള്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പത്മയുടെ മകന്‍ സെല്‍വരാജ് പറഞ്ഞു.
ഇരട്ട നരബലിക്കേസില്‍ മൂന്ന് പ്രതികളേയും കഴിഞ്ഞ ദിവസം ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ റോസ്‌ലിനെ കൊല്ലാന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ വീട്ടിലെ അടുക്കളയില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇലന്തൂര്‍ ജംക്ഷനിലെ പണമിടപാട് സ്ഥാപനത്തില്‍ പ്രതികളിലൊരാളായ ഭഗവല്‍ സിംഗ് പണയം വെച്ച റോസ്‌ലിന്റെ മോതിരവും കണ്ടെടുത്തു. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവല്‍ സിംഗ് ഇവിടെ പണയം വെച്ചിരുന്നത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനകത്തും പരിശോധന നടന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."