സര്‍ക്കാരിന്റെ നൂറുദിന ഭരണനേട്ടങ്ങള്‍ വിവരിച്ച മുഖ്യമന്ത്രിയുടെ കത്ത് വീട്ടിലെത്തും
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ നൂറുദിന ഭരണനേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കന്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് കത്തെഴുതും. ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ വിശദമായി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പി.ആര്‍.ഡിയില്‍ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരാണ് ഈ ആശയം വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. എല്ലാവര്‍ക്കും ഓണത്തിന് ആശംസാ രീതിയിലാണ് കത്ത്. പ്രിയ സുഹൃത്തേ എന്ന് അഭിസംബോധന ചെയ്തായിരിക്കും കത്ത് തുടങ്ങുക. വികസന നേട്ടങ്ങള്‍ അടങ്ങിയ കത്ത് തയാറാക്കുന്നതിന്റെ ചുമതല പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ്.
ഇത് മോണിറ്റര്‍ ചെയ്യാന്‍ പി.ആര്‍.ഡി ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവുമുണ്ടാകും. അടുത്തമാസം ഒന്നിനാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റിട്ട് നൂറു ദിവസം തികയുന്നത്. ഈ അവസരത്തിലാണ് നൂറുദിവസത്തെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രി കത്തെഴുതുന്നത്.
ഭരണ സുതാര്യത ഉയര്‍ത്തിക്കാട്ടുകയാണ് കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തപാല്‍വകുപ്പുമായി ചേര്‍ന്നാകും ഓരോ വീടുകളിലും കത്തുകള്‍ എത്തിക്കുക.അവരവരുടെ പരിധിയില്‍ വരുന്ന വീടുകളില്‍ അതാത് പോസ്റ്റ്മാന്‍മാര്‍ കത്തുകള്‍ എത്തിക്കും.
കത്തുകള്‍ എത്തിക്കുന്നതിന് തപാല്‍വകുപ്പ് നിശ്ചിത ഫീസ് ഈടാക്കും. പാര്‍ട്ടി ബ്രാഞ്ചുകളെ ഉപയോഗിച്ചും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ചും വിലാസങ്ങള്‍ ശേഖരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുകള്‍ വഴി കത്തയക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കാലതാമസമെടുക്കുമെന്നതിനാല്‍ ഓരോ പോസ്റ്റുമാന്റെ കീഴിലുള്ള എല്ലാ വീടുകളിലും എത്തിക്കാന്‍ പോസ്റ്റ് ഓഫിസുകളില്‍ സര്‍ക്കാര്‍ കത്തുകള്‍ എത്തിച്ചു നല്‍കും. പോസ്റ്റ്മാന്‍ ഇത് വിതരണം ചെയ്യണം. കത്ത് എല്ലാവര്‍ക്കും എത്തുന്നുണ്ടോ എന്നറിയാന്‍ അതാത് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ചുമതലപ്പെടുത്തും. തപാല്‍ വകുപ്പിന്റെ സഹകരണം ഉറപ്പാക്കുന്നതിനും അഭിപ്രായം അറിയുന്നതിനും തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പി.ആര്‍.ഡി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഇന്നലെ ചര്‍ച്ചനടത്തി. കത്തിന്റെ പൂര്‍ണ രൂപമായിട്ടില്ലെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. അമ്പാടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."