മുസ്‌ലിം വ്യക്തിനിയമം: കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ചോദ്യംചെയ്ത് കൊല്‍ക്കത്താ സ്വദേശിനിയായ ഇശ്‌റത്ത് ജഹാന്‍ (28) സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും സുപ്രിം കോടതി നോട്ടിസയച്ചു.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. മുത്വലാഖ് (മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലല്‍), ബഹുഭാര്യാത്വം എന്നിവ സ്ത്രീകള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നു ഹരജിയില്‍ ആരോപിച്ചിരുന്നു.
തന്റെ ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കുന്നതില്‍നിന്നു തടയണമെന്നും ജഹാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. നിലവില്‍ ഒരു ഭാര്യയുണ്ടായിരിക്കേ അവരെ മൊഴിചൊല്ലാതെ തന്നെ മുസ്‌ലിം പുരുഷനു മറ്റൊരു വിവാഹം കഴിക്കുന്നതിനു നിയമതടസമില്ലെന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരിയെ ഓര്‍മിപ്പിച്ചു.
അടുത്തമാസം ആറിനു ഹരജി വീണ്ടും പരിഗണിക്കും. അതിനു മുന്‍പ് വിഷയത്തില്‍ മറുപടി അറിയിക്കണമെന്ന് ന്യൂനപക്ഷമന്ത്രാലയത്തോടും വ്യക്തിനിയമ ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു.
മുത്വലാഖ്, ബഹുഭാര്യാത്വം, അനന്തരാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നു ഹരജികളാണ് സുപിം കോടതി മുന്‍പാകെയുള്ളത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ശയറാബാനു, മറ്റൊരു മുസ്‌ലിം സ്ത്രീ, രാഷ്ട്രവാദി മുസ്‌ലിം മഹിളാ സംഘ് അധ്യക്ഷ ഫറഹ് ഫൈസ് എന്നിവരാണ് ഈ വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ കോടതി സ്വമേധയാ എടുത്ത കേസ് ഇതിനു പുറമെയാണ്. ഈ കേസുകളിലെല്ലാം കേന്ദ്രസര്‍ക്കാരിനും വ്യക്തിനിയമ ബോര്‍ഡിനും സുപ്രിം കോടതി നോട്ടിസയക്കുകയും അവര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകളെല്ലാം ഒന്നിച്ചായിരിക്കും പരിഗണിക്കുക. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."