HOME
DETAILS
MAL
പാവനാടകങ്ങളുമായി കുഞ്ഞിരാമന്‍ മാഷ് ബഹറൈനിലെത്തി
backup
November 03 2022 | 13:11 PM
ദുബൈ: പാവകളുമായി ആയഞ്ചേരിയിലെ കുഞ്ഞിരാമന്‍ മാഷും സംഘവും മനാമയില്‍. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പാവകളിക്കായി ആലയം പണിത കുഞ്ഞിരാമന്‍ മാഷാണ് ബഹറൈന്‍ പര്യാടനത്തിനെത്തിയത്.
പാവകളി മേഖലയിലെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് ആയഞ്ചേരിയിലെ ടി.പി. കുഞ്ഞിരാമന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു ദിവസം ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ പരിപാടി അവതരിപ്പിക്കുന്നത്. പ്രതിഭ അറബ്,കേരള സാംസ്‌കാരികോത്സവത്തിലാണ് പാവകളി അവതരിപ്പിക്കുന്നത്. കെ. ഷൈജു, ഷര്‍മിഷ് ലാല്‍ എന്നിവരാണ് ഇദ്ദേഹത്തോടൊപ്പം പാവകളിയുടെ രസച്ചരടുമായി കാണികള്‍ക്കു മുന്നിലേക്കെത്തിയത്.
വേളം ഹൈസ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു ടി.പി. കുഞ്ഞിരാമന്‍. ന്യൂഡല്‍ഹിയിലെ അധ്യാപക പരിശീലന സ്ഥാപനമായ സി.സി.ആര്‍.ടിയില്‍നിന്ന് 1993ലാണ് പാവ കളി അഭ്യസിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളികളിലൂടെ അറിവ് പറഞ്ഞുനല്‍കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് സി.സി.ആര്‍.ടി ശില്‍പശാല സംഘടിപ്പിച്ചത്. പാവകളിയുടെ പാഠങ്ങള്‍ അഭ്യസിച്ച ഇദ്ദേഹം നാട്ടിലെത്തിയശേഷം ഈ രംഗത്ത് സജീവമാകുകയായിരുന്നു. ആയഞ്ചേരിയില്‍ ഒരു സമന്വയ എന്ന സങ്കേതവും ഇതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്നു.
ഇതിനകം നൂറുകണക്കിന് വേദികളില്‍ ഇദ്ദേഹവും സംഘവും പാവനാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായി അവതരിപ്പിച്ച 'പടച്ചോന്റെ ചോറ്' എന്ന പാവനാടകം ആയിരത്തിലധികം വേദികളില്‍ അരങ്ങേറി. ബീര്‍ബലിന്റെ സ്വര്‍ഗയാത്ര എന്ന നാടകം ദൂരദര്‍ശനിലും സംപ്രേഷണം ചെയ്തു. ചരടുകൊണ്ട് പാവകളെ നിയന്ത്രിച്ചാണ് ഇവര്‍ വേദിയില്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. ഭൂമിയുടെ അവകാശികള്‍, വടക്കന്‍പാട്ട് തുടങ്ങി നിരവധി നാടകങ്ങളും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. മൃഗങ്ങള്‍ മാത്രം കഥാപാത്രങ്ങളായ പഞ്ചതന്ത്രം എന്ന പാവനാടകവും അവതരിപ്പിച്ചു.
കൈയുറപ്പാവ, വടിപ്പാവ, നിഴല്‍പ്പാവ, നൂല്‍പ്പാവ എന്നിങ്ങനെ നാലുതരം പാവനാടകങ്ങളാണുള്ളത്. നിഴല്‍പ്പാവ കളി കേരളത്തില്‍ തോല്‍പ്പാവക്കൂത്ത് എന്നാണറിയപ്പെടുന്നത്. പാവകളിയിലെ മികവ് പരിഗണിച്ച് 2002ല്‍ സി.സി.ആര്‍.ടി ടീച്ചേഴ്‌സ് അവാര്‍ഡ്, കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് എന്നിവയും കുഞ്ഞിരാമനെ തേടിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."