സാങ്കേതിക സര്‍വ്വകലാശാല വി.സിയെ എസ്.എഫ്.ഐ തടഞ്ഞു; ചുമതലയേറ്റത് പൊലിസ് കാവലില്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെതിരെ പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സിസയെ തടഞ്ഞു. തുടര്‍ന്ന് പൊലിസിന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫിസിലെത്തിയത്.
കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലിസ് വലയം തീര്‍ത്ത് കാറില്‍ നിന്നും കാല്‍നടയായിട്ടാണ് ക്യാമ്പസിലേക്ക് കയറിയത്.
പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ് പറഞ്ഞു. സര്‍വകലാശാല ജീവനക്കാരും തടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ട് പോകാനാവൂ. അധിക ചുമതലയാണ് തനിക്ക് നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും സിസി തോമസ് പറഞ്ഞു.
ഗവര്‍ണറുടെ ഉത്തരവ് പാലിക്കേണ്ടത് തന്റെ കടമയാണെന്ന് സിസി തോമസ് പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയില്‍ വിസി ഇല്ലാതിരിക്കുന്നത് നല്ലതല്ല. തന്റേത് താല്‍ക്കാലിക ചുമതലയാണ്. പുതിയ വിസി വരുന്നതുവരെയുള്ള അധികചുമതല മാത്രമാണുള്ളത്. പുതിയ വിസി വരുന്നതുവരെ പദവിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ തോമസ് പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ കെടിയു വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."