വിന്‍ഡീസിനോട് കണക്കുതീര്‍ക്കാന്‍ ഇന്ത്യ
ലോഡെര്‍ഹില്‍: പുതിയ കോച്ചിന് കീഴില്‍ ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച ടീം ഇന്ത്യ ഇനി ടി20യുടെ ആവേശത്തിലേക്ക്. അമേരിക്കയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യനല്‍ പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റിന്റെ പ്രചാരണത്തിന് പുതുവഴികള്‍ തേടുന്ന ഐ.സി.സി അമേരിക്കയെ വേദിയായി തെരഞ്ഞെടുത്തതും പ്രതീക്ഷ നല്‍കുന്നതാണ്. കോച്ച് അനില്‍ കുംബ്ലെയ്ക്ക് കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ടി20 മത്സരമാണിത്. രണ്ടു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതേസമയം കുംബ്ലെയ്ക്ക് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന മത്സരവുമാണിത്. നേരത്തെ ടി20 ടലോകകപ്പിന്റെ സെമി ഫൈനലില്‍ വിന്‍ഡീസിനോടേറ്റ തോല്‍വിക്ക് കണക്കു തീര്‍ക്കാന്‍ പരമ്പര നേടേണ്ടത് ടീമിന് അത്യാവശ്യമാണ്.
നിലവിലെ ഇന്ത്യന്‍ നിര മികച്ച ഫോമിലാണ്. ഏറ്റവും പ്രധാനമായി പറയേണ്ടത് ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ്. സമീപകാലത്തെ പ്രകടനം വിലയിരുത്തിയാല്‍ മാച്ച് വിന്നര്‍ എന്ന പദത്തിലേക്ക് കോഹ്‌ലിക്ക് ഉയര്‍ന്നു കഴിഞ്ഞു. ഏതു സാഹചര്യത്തിലും അനായാസം റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നുവെന്നതാണ് താരത്തിന്റെ പ്രത്യേകത. ടി20 ലോകകപ്പില്‍ ഇന്ത്യ സെമി വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കോഹ്‌ലിയുടെ ഇന്നിങ്‌സുകളാണ്.
എന്നാല്‍ കോഹ്‌ലിയെ മാത്രം ആശ്രയിച്ചാല്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കില്ല. മറുവശത്ത് ക്രിസ് ഗെയ്ല്‍ എന്ന വമ്പനടിക്കാരന്‍ വിന്‍ഡീസിന് കരുത്തായുണ്ട്. ലെന്‍ഡല്‍ സിമ്മണ്‍സ് ഗെയ്‌ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത് സിമ്മണ്‍സിന്റെ ഇന്നിങ്‌സായിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ നാലു സിക്‌സറുകള്‍ പറത്തി വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ച കാര്‍ലോസ് ബ്രാത്ത്‌വൈറ്റും മികച്ച ഫോമിലാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസിനായി തിളങ്ങിയ താരങ്ങളിലൊരാള്‍ ബ്രാത്ത്‌വൈറ്റായിരുന്നു.
ടെസ്റ്റ് പരമ്പരയിലെ ദൗര്‍ബല്യത കണ്ട് ഇന്ത്യ വിന്‍ഡീസിനെ നേരിടുകയാണെങ്കില്‍ വമ്പന്‍ തോല്‍വിയായിരിക്കും ഫലം. ഓപണിങ് കൂട്ടുകെട്ട് ടീമിന് ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഹിത് ശര്‍മ വമ്പന്‍ ഇന്നിങ്‌സ് കളിക്കാന്‍ പ്രാപ്തനാണെങ്കിലും സ്ഥിരതയില്ലായ്മ പ്രശ്‌നമാണ്. ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ കളിച്ചിട്ടും കാര്യമായിട്ടുള്ള പ്രകടനം രോഹിത്തില്‍ നിന്നുണ്ടായിട്ടില്ല. ശിഖര്‍ ധവാനാണ് മറ്റൊരു താരം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ധവാന്‍ പിന്നീട് നിറം മങ്ങി പോയി. ധവാനില്‍ നിന്ന് മികച്ചൊരു പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്. ധവാന് പകരം ലോകേഷ് രാഹുല്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി താരത്തെ ഉള്‍പ്പെടുത്താന്‍ ധോണി തയ്യാറായേക്കില്ല. സ്‌പെഷ്യലിസ്റ്റ് ഓള്‍ റൗണ്ടറായി സ്റ്റ്യുവര്‍ട്ട് ബിന്നിയോ രവീന്ദ്ര ജഡേജയോ ടീമില്‍ ഇടംപിടിച്ചേക്കും. നിലവിലെ ഫോം പരിശോധിച്ചാല്‍ ജഡേജയ്ക്കാണ് സാധ്യത. ജസ്പ്രീത ബുമ്‌റ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ബൗളിങ് നിരയെ നയിക്കും.
വിന്‍ഡീസിനെതിരേ തോറ്റാല്‍ റാങ്കിങില്‍ തിരിച്ചടി നേരിടും എന്നതാണ് ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യം. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പരമ്പര തോല്‍ക്കുകയാണെങ്കില്‍ നാലാം സ്ഥാനത്തേക്ക് വീഴും. അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യക്ക് ജയിക്കാനായിട്ടുണ്ട്. വിന്‍ഡീസ് നാലെണ്ണത്തില്‍ ജയിച്ചിട്ടുണ്ട്. സുനില്‍ നരെയ്ന്‍, കരണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ജേസന്‍ ഹോള്‍ഡര്‍ എന്നീ കരുത്തര്‍ ഉള്ള ടീമിനെ മറികടക്കണമെങ്കില്‍ ഇന്ത്യ ലോകോത്തര താരങ്ങളുടെ മികവിലേക്കുയരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."