'ചവച്ചുതുപ്പിയ' സ്യൂട്ട്‌കേസിന്റെ ചിത്രം വൈറല്‍; വിമാനം ലാന്റ് ചെയ്‌തോയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ
വിമാനയാത്രികരുടെ പ്രധാന ആശങ്കകളിലൊന്ന് എല്ലായ്‌പ്പോഴും ലഗേജായിരിക്കും. വിമാനമിറങ്ങുമ്പോള്‍ ലഗേജ് സമയത്തിന് ലഭിക്കുമോ, ബാഗിന് കോടുപാടുകള്‍ സംഭവിക്കുമോ, സാധനങ്ങളെല്ലാം സുരക്ഷിതമാണോ, അമിത തൂക്കമുണ്ടോ, നിയന്ത്രണമോ നിരോധനമോ ഉള്ള വസ്തുക്കള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ... അങ്ങനെ പലവിധ ആശങ്കകള്‍. വിമാനയാത്രയ്ക്ക് ശേഷമുള്ള ഒരു ലഗേജിന്റെ ചിത്രം റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
'എന്റെ അമ്മാവന് വിമാനയാത്രയ്ക്ക് ശേഷം കിട്ടിയ സ്യൂട്ട്‌കേസ്' എന്ന കുറിപ്പോടെ ഒരാള്‍ പങ്കുവച്ച ചിത്രമാണിത്. സ്യൂട്ട്‌കേസിന്റെ മുന്‍വശം പൂര്‍ണമായി പൊളിഞ്ഞിട്ടുണ്ട്. മുന്‍വശത്തെ സിപ് ഒക്കെ തകര്‍ന്ന് പകുതി ഭാഗം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങള്‍ പുറത്തേക്കു കാണാം.
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. ഇത് ലാന്‍ഡ് ചെയ്ത വിമാനത്തിലെ ബാഗാണോ അതോ വിമാനത്തില്‍ നിന്ന് എടുത്ത് പുറത്തേക്ക് എറിഞ്ഞ ബാഗാണോ എന്നായിരുന്നു ഒരു രസികന്റെ ചോദ്യം.
അവര്‍ അതിന് തീ കൊളുത്തിയോ? ലഗേജിന് മുകളിലേക്ക് വിമാനം തകര്‍ന്നോ? ഒരു മഹാസര്‍പ്പം വിമാനത്തെ പിന്തുടരുകയായിരുന്നോ? എന്നിങ്ങനെ പോകുന്നു പരിഹാസ ചോദ്യങ്ങള്‍. ചവയ്ക്കാന്‍ പറ്റിയ കളിപ്പാട്ടമായി ആരോ ഉപയോഗിച്ചതാകാമെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
വിമാനത്തില്‍ നിന്ന് ലഗേജ് ചെറിയ വാഹനത്തിലേക്ക് മാറ്റിക്കയറ്റുന്ന സമയത്ത് വാഹനത്തിന്റെ അടിയില്‍പെട്ടതാകാമെന്നും റണ്‍വേയുടെ സമീപത്തെ റോഡിലൂടെ കുറച്ചുനേരം സഞ്ചരിക്കുമ്പോള്‍ അപൂര്‍വമായി ഇങ്ങനെ സംഭവിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലിചെയ്യുന്നയാളെന്ന് പരിചയപ്പെടുത്തി ഒരാള്‍ കമെന്റ് ചെയ്തു. ഇടയ്‌ക്കൊക്കെ ഇങ്ങനെ സംഭവിച്ചത് കണ്ടിട്ടുണ്ടെന്ന് എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയിലെ മറ്റൊരാളും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."