ദോഹ കരാറിന്റെ കാണാപ്പുറങ്ങള്‍
എ. റശീദുദ്ദീന്‍
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്താണ് അഫ്ഗാനിസ്ഥാനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അമേരിക്ക അന്തിമമായി തീരുമാനിച്ചത്. അതിനുമുമ്പ് ഒബാമയുടെ കാലം മുതല്‍ക്കുള്ള എത്രയോ പെന്റഗണ്‍ യോഗങ്ങളില്‍ അഫ്ഗാനിലെ യുദ്ധം ജയിക്കാന്‍ പോകുന്നില്ലെന്ന് അമേരിക്ക വിലയിരുത്തിയതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തിനു വേണ്ടി 2.6 ട്രില്യണ്‍ ചെലവഴിച്ച ശേഷവും ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിച്ചുനിന്ന അമേരിക്ക കൊവിഡിനു മുമ്പുള്ള കാലത്ത് രൂപപ്പെട്ടുകൊണ്ടിരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഒരുപക്ഷേ പിന്‍വാങ്ങാനുള്ള തീരുമാനമെടുത്തത്. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍ഗുണ പരബ്രഹ്മവും വിടുവായനുമായിരുന്ന ട്രംപ് ചെയ്ത ഒരേയൊരു നല്ല കാര്യമായിരുന്നു അത്. എന്നാല്‍ അമേരിക്കയും ലോകരാജ്യങ്ങളും ഭയപ്പെട്ട സാമ്പത്തികമാന്ദ്യം കൊവിഡിന്റെ ആഗമനത്തോടെ മറ്റൊരു രൂപത്തിലേക്കു വഴിമാറുകയാണ് പിന്നീട് സംഭവിച്ചത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ മരണമണി അഫ്ഗാനില്‍നിന്ന് മുഴങ്ങിക്കഴിഞ്ഞു. കൊറോണയ്ക്കു ശേഷം ചൈനയും ഏഷ്യന്‍ രാജ്യങ്ങളും റഷ്യയും ചേര്‍ന്ന് സ്ഥാപിച്ചെടുക്കുന്ന ഈ സാമ്പത്തിക അധീശത്വം മുന്‍കൂട്ടി ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ, കാബൂളില്‍നിന്ന് ഇപ്പോഴത്തെ തിരിച്ചുപോക്ക് ഉണ്ടാകുമായിരുന്നില്ല.
ട്രംപിനു ശേഷമുള്ള കാലത്തെ ഈ വീണ്ടുവിചാരം രണ്ടുരീതിയിലാണ് പ്രകടമാവുന്നത്. ഒന്ന്, അഫ്ഗാനിസ്ഥാന്റെ മുന്നോട്ടുള്ള യാത്രയില്‍ അമേരിക്ക ഗുണപരമായി ഇടപെടുമെന്ന് പ്രതീക്ഷ നല്‍കിക്കൊണ്ടാണത്. ദോഹ കരാറിലെ വിശദാംശങ്ങളില്‍ യുദ്ധാനന്തരം അഫ്ഗാനില്‍ അമേരിക്ക വഹിക്കാന്‍ പോകുന്ന പങ്കിനെ കുറിച്ച് പ്രഖ്യാപനങ്ങള്‍ വേണ്ടുവോളമുണ്ട്. പക്ഷേ, ഈ കരാറിലൂടെ അഫ്ഗാനിസ്ഥാനില്‍ ഇനിയുള്ള കാലത്തും അമേരിക്കയുടെ ഇടപെടലുകള്‍ ഉറപ്പുവരുത്താന്‍ കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. രണ്ട്, അമേരിക്ക ഒരു വിട്ടുവീഴ്ചയുടെ ഭാഗമായി താലിബാന് അധികാരം കൈമാറുന്നതിനെ തുടര്‍ന്നല്ല, മറിച്ച് പിടിച്ചുനില്‍ക്കാനാവാതെ പിന്‍മാറുന്നതിന്റെ ഭാഗമായാണ് ദോഹ കരാര്‍ രൂപംകൊണ്ടത്. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന് അംഗീകാരം നല്‍കാന്‍ അമേരിക്ക ശ്രമിക്കുമെന്ന ഒരു വാഗ്ദാനം മാത്രമാണ് താലിബാനെ ആകര്‍ഷിച്ചേക്കാവുന്ന ഒരേയൊരു ഘടകം.
അമേരിക്ക സ്വന്തം സൈനികരെ സുരക്ഷിതമായി പിന്‍വലിക്കുന്നതിനു വേണ്ടി മുന്നോട്ടുവയ്ക്കുന്ന ഉപാധികളാണ് കരാറില്‍ കൂടുതലുമുള്ളത്. അമേരിക്കന്‍ അധിനിവേശം ലോകത്തുടനീളം എന്താണ് പൊതുവെ ബാക്കിവയ്ക്കാറുള്ളതെന്ന് ഗൃഹപാഠം ചെയ്തതു പോലെയാണ് ഈ വാഗ്ദാനങ്ങളുടെ കാര്യത്തില്‍ താലിബാന്‍ പുലര്‍ത്തുന്ന ബുദ്ധിപരമായ മൗനം. രണ്ടു കാര്യങ്ങളാണ് അതില്‍നിന്ന് വായിച്ചെടുക്കേണ്ടത്. ഒന്ന്, അമേരിക്ക ദോഹയില്‍ നടത്തിയ ചര്‍ച്ചകള്‍ അമേരിക്കയുടെ മുഖം രക്ഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങളായിരുന്നു. രണ്ട്, അമേരിക്കയ്ക്ക് യുദ്ധകാലത്തോ അതിനുശേഷമോ അഫ്ഗാന്റെ ഘടനയില്‍ വിശേഷിച്ചൊരു പങ്കും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. അമേരിക്ക എതിര്‍ത്തുനിന്നാല്‍ പോലും വരാനിരിക്കുന്ന കാലത്ത് താലിബാന് ലോകരാഷ്ട്രങ്ങള്‍ അംഗീകാരം നല്‍കുന്ന സാഹചര്യം രൂപപ്പെടാനാണ് കൂടുതല്‍ സാധ്യത. അത് അമേരിക്കയ്ക്കു തന്നെയും അറിയുന്നതുകൊണ്ടാണ് കാബൂളില്‍ സമാധാനപരമായ അധികാരക്കൈമാറ്റം നടക്കുമ്പോഴും ജോ ബൈഡന്‍ അഫ്ഗാനികളോട് യുദ്ധം തുടരാന്‍ ആവശ്യപ്പെട്ടത്. കരാറില്‍ അമേരിക്ക തന്നെ അക്കമിട്ട് നിരത്തിയ സമാധാന ഉടമ്പടികളെ ഫലത്തില്‍ തള്ളിപ്പറയുന്നതിനു തുല്യമായിരുന്നു അത്.
ദോഹ കരാറില്‍ വാക്കു കൊടുത്തതനുസരിച്ച് ഓഗസ്റ്റ് 27നു താലിബാനെതിരേയുള്ള നിരോധനം പിന്‍വലിക്കുകയും പടിപടിയായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനെ ഐക്യരാഷ്ട്രസഭയിലടക്കം അംഗീകരിക്കുകയും മറ്റുള്ളവരെ കൊണ്ട് അംഗീകരിപ്പിക്കുകയുമാണ് അമേരിക്ക ചെയ്യേണ്ടത്. വിശ്വാസ്യത നഷ്ടപ്പെട്ടതാണ് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. യുദ്ധങ്ങളും ഡിസ്റ്റബിലൈസേഷന്‍ അജണ്ടകളുമാണ് ഇത്രയുംകാലം അവരുടെ നയങ്ങളായി നിലകൊണ്ടത്. അതുകൊണ്ടുതന്നെ അമേരിക്കയുമായി നിലപാടെടുക്കുന്ന കാര്യത്തില്‍ തുരുപ്പുചീട്ട് അടക്കിപ്പിടിച്ചാണ് താലിബാന്‍ മുന്നോട്ടുപോകുന്നത്. ആഭ്യന്തരഛിദ്രത ഒഴിവാക്കാന്‍ എല്ലാ വിഭാഗം എതിര്‍ശബ്ദങ്ങളോടും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് താലിബാന്‍ സംയമനം പാലിക്കുന്നത്. മറുഭാഗത്ത് അതിവേഗത്തിലാണ് ചൈനയുമായി അവര്‍ അടുക്കുന്നത്. അഫ്ഗാനിസ്ഥാന്റെ സര്‍ക്കാര്‍ സൈനികരും അമേരിക്കയും സഖ്യരാജ്യങ്ങളും പോറ്റിവളര്‍ത്തിയ ഏജന്റുമാരും കടുത്ത ഭീതിയിലാണ്. പോരാട്ടവീര്യം ചോര്‍ന്നുപോയ വിവിധ ഗ്രൂപ്പുകളില്‍പെട്ട പഴയ അമേരിക്കന്‍ കൂലിപ്പടയാളികളും ഒരക്ഷരം മിണ്ടുന്നില്ല. അല്‍ഖാഇദയും ഐസിസും ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക് ഫോഴ്‌സുമൊക്കെ കാബൂളിനു ചുറ്റും ബാക്കിവച്ചാണ് അമേരിക്ക നാടുവിട്ടതെങ്കിലും ഈ ഗ്രൂപ്പുകളൊക്കെ ഏതോ രീതിയില്‍ താലിബാനുമായി വെടിനിര്‍ത്തലിലേക്കാണ് എത്തിച്ചേരുന്നത്.
വടക്കന്‍ പ്രവിശ്യയിലെ പഞ്ച്ശീര്‍ താഴ്‌വരയിലെ താജിക്കുകളില്‍നിന്ന് മാത്രമേ വിമതശബ്ദങ്ങള്‍ കേള്‍ക്കാനുള്ളൂ. അമേരിക്ക പോറ്റിവളര്‍ത്തിയ വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹ്മദ് മസൂദും അംറുല്ലാ സാലിഹും നയിക്കുന്ന ഈ പോരാട്ടം ഏറിയാല്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി ഒതുങ്ങാനാണു സാധ്യത. വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ അഹ്മദ് മസൂദ് അമേരിക്കയോട് ആവശ്യപ്പെടുന്നത് ആയുധം നല്‍കി സഹായിക്കാനാണെന്നത് ശ്രദ്ധിക്കുക. അതായത്, താജിക്കുകള്‍ ഇനി യുദ്ധം തുടരുകയാണെങ്കില്‍ സ്വാഭാവികമായും അമേരിക്കയുടെ ഇരട്ടത്താപ്പ് ആരോപിച്ച് താലിബാന്‍ ദോഹ കരാറിനെ തള്ളിപ്പറയുകയാണുണ്ടാവുക. മേഖലയിലെ അമേരിക്കയുടെ അവസാനത്തെ പിടിവള്ളി മസൂദും സാലിഹും മാത്രമായതുകൊണ്ട് അവരെ സഹായിക്കുകയല്ലാതെ അമേരിക്കയ്ക്ക് നിവൃത്തിയുമില്ല. സഖ്യരാഷ്ട്രങ്ങളില്‍ പലരും മുറുമുറുക്കുന്ന സാഹചര്യത്തില്‍ ദോഹ കരാറിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരുതരം നിര്‍ബന്ധിതാവസ്ഥ ബൈഡനു മുന്നില്‍ രൂപപ്പെടുന്നുമുണ്ട്.
കായികമായി മാത്രമല്ല, നയതന്ത്രപരമായും അമേരിക്ക അഫ്ഗാനില്‍ പരാജയപ്പെടാനാണു പോകുന്നത്. ചൈനക്കും ഇറാനുമിടയില്‍ ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള ഒരു മേഖലയില്‍ അമേരിക്ക സൃഷ്ടിച്ചുണ്ടാക്കാന്‍ നോക്കിയ ലോകത്തെ ഏറ്റവും സംഘര്‍ഷഭരിതമായ ഒരു യുദ്ധമാണ് ഇല്ലാതാവുന്നത്. ഈ ലക്ഷ്യം സാധിച്ചെടുക്കാനായി രണ്ടുലക്ഷത്തിലധികം അഫ്ഗാനികളെയാണ് അമേരിക്ക കൊന്നുതള്ളിയത്. മറുഭാഗത്ത് 2,448 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 20,000ത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അവിടെ ജനാധിപത്യം ശക്തിപ്പെടുത്തുന്നത് പോകട്ടെ, സുശക്തമായ ഒരു സൈന്യത്തെ വളര്‍ത്തിയെടുക്കാന്‍ പോലും അമേരിക്കയ്ക്കു കഴിഞ്ഞില്ല. ഏതൊന്നിനെ എതിര്‍ക്കുന്നുവെന്നാണോ ഇത്രയുംകാലം പെരുമ്പറയടിച്ചു നടന്നത് അതേ താലിബാനെ അധികാരത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഒടുവില്‍ അവര്‍ക്ക് മടങ്ങിപ്പോകേണ്ടി വരുന്നതും. അമേരിക്കയുടെ 'ഐതിഹാസിക'മായ ഈ പരാജയത്തെ യൂറോപ്യന്‍ യൂനിയനും സഖ്യകക്ഷികളുമൊക്കെ നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചതിനു പല കാരണങ്ങളുണ്ട്. ഇക്കാലമത്രയും അമേരിക്കയോടൊപ്പം നിന്നതിന് ഇനി പിഴയൊടുക്കേണ്ടി വരിക ഈ രാജ്യങ്ങളാണ്. ബ്രിട്ടനില്‍ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ ജോ ബൈഡനെതിരേ രൂക്ഷമായി പ്രതികരിച്ചത് ഉദാഹരണം. അമേരിക്കയ്ക്കു വേണ്ടി പണിയെടുത്തവരും കാബൂളിലെ പാവസര്‍ക്കാരുകളുടെ ഭാഗമായി നിന്നവരും സഖ്യരാജ്യങ്ങളില്‍ നിന്നെത്തി അഫ്ഗാനിസ്ഥാനില്‍ വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തവരുമൊക്കെ സ്വാഭാവികമായും വലിയ ഭീതിയിലാണ് നാളുകള്‍ തള്ളിനീക്കുന്നത്. അക്കൂട്ടത്തിലെ പ്രമുഖര്‍ പലരും നാടുവിട്ടെങ്കിലും വരുംനാളുകളില്‍ ശക്തിപ്പെടാന്‍ പോകുന്ന ഈ അഭയാര്‍ഥി പ്രവാഹം അമേരിക്ക സൃഷ്ടിച്ച കെടുതിയായാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ വിലയിരുത്തുന്നത്.
കാബൂളിനെ ചുറ്റിപ്പറ്റി എന്താണു രൂപംകൊള്ളുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. താലിബാന്‍ മടങ്ങിയെത്തിയതിനോട് ലോകരാജ്യങ്ങള്‍ ആദ്യദിവസങ്ങളില്‍ പ്രതികരിച്ച രീതിയില്‍ പൊതുവെ തന്നെ ഈ ആശങ്ക കാണാനുണ്ട്. ചൈന പോലും ഇത്രയും വേഗത്തില്‍ കാബൂള്‍ കീഴടങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ആദ്യഘട്ടത്തില്‍ താലിബാനെതിരേയും പിന്നീട് അമേരിക്കയ്‌ക്കെതിരേയുമാണ് ചൈനയുടെ പ്രതികരണങ്ങള്‍ പുറത്തുവന്നത്. അമേരിക്ക അഫ്ഗാനില്‍ ഒരിക്കലും അവിടുത്തെ ജനതയെ അല്ല സംരക്ഷിക്കാന്‍ ശ്രമിച്ചതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്‌യി നേര്‍ക്കുനേരെ കുറ്റംപറഞ്ഞു. മറ്റു രാജ്യങ്ങള്‍ എംബസികളടച്ച് രാജ്യം വിട്ടോടിയപ്പോള്‍ താലിബാനെ വിലയിരുത്താന്‍ കുറച്ചുകൂടി സമയം ആവശ്യപ്പെടുകയാണ് ചൈന ചെയ്തത്. ഒറ്റനോട്ടത്തില്‍ ചൈന താലിബാനൊപ്പമല്ലെന്ന് തോന്നുമെങ്കില്‍കൂടിയും അണിയറയില്‍ വളരെ സജീവമായിരുന്നു നീക്കങ്ങള്‍. വാങ്‌യിയും മുല്ലാ അബ്ദുല്‍ ഗനി ബിറാദറും ജൂലൈയില്‍ ടിയാന്‍ജിനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും വിശാലമായ ധാരണകളിലേക്ക് എത്തിയിട്ടുണ്ട്. ഉയ്ഗൂര്‍ പ്രശ്‌നത്തില്‍ ഇടപെടാതിരിക്കാന്‍ താലിബാന് വമ്പിച്ച സഹായ പദ്ധതികള്‍ ചൈന വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 60 രാജ്യങ്ങളിലെ തുറമുഖങ്ങളെയും എയര്‍പോര്‍ട്ടുകളെയും ലക്ഷ്യംവയ്ക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന ചൈനയുടെ പടുകൂറ്റന്‍ വാണിജ്യ ഇടനാഴി പദ്ധതിയില്‍ അഫ്ഗാനെ ഉള്‍പ്പെടുത്തിയതിനു പുറമെ സീപെക് പദ്ധതിയുടെ ഭാഗമായി കാബൂളില്‍നിന്ന് പേഷാവറിലേക്ക് റോഡുണ്ടാക്കാനും ചൈന തയാറായിട്ടുണ്ട്. അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള ബന്ധങ്ങളിലും പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളിലുമൊക്കെ വലിയ മാറ്റങ്ങള്‍ക്കാണ് ഇതു വഴിയൊരുക്കാന്‍ പോകുന്നത്. റഷ്യ-ചൈന അച്ചുതണ്ടിനൊപ്പം നില്‍ക്കുന്നതിനേക്കാളും നേട്ടമൊന്നും മേഖലയിലെ മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ചേരിയില്‍നിന്ന് ഇനിയുള്ള കാലം പ്രതീക്ഷിക്കാനും പോകുന്നില്ല.
സ്വന്തം രാജ്യത്തെ ഹിന്ദു-മുസ്‌ലിം വേര്‍തിരിവില്‍ കൂടുതല്‍ ആഴങ്ങള്‍ തേടുന്നത് കൊണ്ടുമാത്രം പാകിസ്താനുമായുള്ള ബന്ധം വഷളാക്കുന്നത് ഒരു നയമാക്കി മാറ്റിയെടുത്ത മോദി സര്‍ക്കാര്‍ ഇന്ത്യക്കു ചുറ്റുമായി രൂപംകൊള്ളുന്ന ഈ പുതിയ ശാക്തികചേരിയോട് എന്തു സമീപനം സ്വീകരിക്കുമെന്നതാണ് മില്യണ്‍ ഡോളര്‍ വിലയുള്ള ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."