HOME
DETAILS

'ഏക സിവില്‍ കോഡ് മുസ്‌ലിം വിരുദ്ധ നീക്കം മാത്രമല്ല; ഭൂരിപക്ഷ നിയമവുമായി ന്യൂന പക്ഷത്തെ സന്ധി ചെയ്യിക്കുന്ന, രാഷ്ട്ര ശരീരത്തെ തകര്‍ക്കുന്ന അസംബന്ധം' സത്യദീപം എഡിറ്റോറിയല്‍  

  
Web Desk
March 24 2024 | 06:03 AM

sthydeepam editorial against uniform civil code

തൃശൂര്‍: ഏകവ്യക്തിനിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭാപത്രമായ 'സത്യദീപം' മുഖപ്രസംഗം. ഏകവ്യക്തിനിയമം മുസ്‌ലിംവിരുദ്ധ നീക്കം മാത്രമല്ലെന്ന് 'ഏകത്വമോ ഏകാധിപത്യമോ' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ പറയുന്നു. ആദിവാസിഗോത്ര വിഭാഗങ്ങള്‍, ദലിതര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമം. ഭരണഘടനാമൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും അതിന്റെ ബഹുസ്വരസഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാനാവിധമാകും. രാഷ്ട്രശരീരത്തെ വികലമാക്കുന്ന അസംബന്ധമാണ് ഏകവ്യക്തിനിയമമെന്നും സത്യദീപം വിമര്‍ശിക്കുന്നു.

മതാധിഷ്ഠിത ദേശീയത അപകടകരമാംവിധം പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിധാനത്തില്‍ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ അപകടത്തിലാക്കുകയാണ്- എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതിന്റെ ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി രാജ്യത്തിന്റെ വ്യത്യസ്തതയെ വ്യക്തമായും റദ്ദ് ചെയ്തുകൊണ്ടാണ് സംസാരിച്ചതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

എഡിറ്റോറിയലിന്റെ പൂര്‍ണരൂപം 
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏകവ്യക്തി നിയമബില്‍ ഉത്തരാഖണ്ഡ് നിയമസഭ ഈയിടെ പാസ്സാക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു അന്തിമാംഗീകാരം നല്കിയതോടെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള രാജ്യത്തിന്റെ ഭയാശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് ഉറപ്പായി.

നേരത്തെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതിന്റെ ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി രാജ്യത്തിന്റെ വ്യത്യസ്തതയെ വ്യക്തമായും റദ്ദ് ചെയ്തുകൊണ്ടാണ് സംസാരിച്ചത്. ''ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത നിയമങ്ങളുണ്ടെങ്കില്‍ ആ കുടുംബത്തിന് നല്ല രീതിയില്‍ മുന്നോട്ട് പോകാനാകുമോ? അങ്ങനെയെങ്കില്‍ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടു പോവാനാകും? നമ്മുടെ ഭരണഘടനയും പൗരന്മാര്‍ക്ക് തുല്യ അവകാശമാണ് ഉറപ്പു നല്കുന്നത്. സുപ്രിം കോടതി പോലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടു ചിലര്‍ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.''

മതാധിഷ്ഠിത ദേശീയത അപകടകരമാംവിധം പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിധാനത്തില്‍ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ അപകടത്തിലാക്കുകയാണ്.

സാംസ്‌കാരികവും പ്രാദേശികവുമായ എല്ലാ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും നിരാകരിച്ച് ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് 'ഇപ്പോള്‍ത്തന്നെ യാഥാര്‍ത്ഥ്യമായ രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവര്‍ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോള്‍ അത് സത്യമായും ഭാരതത്തിന്റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്.

പലപ്പോഴായി പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഇത് മുസ്ലീം വിരുദ്ധ നീക്കം മാത്രമല്ലെന്ന് ഇതിന്റെ പ്രയോഗവൈപുല്യം നമ്മെ ബോധ്യപ്പെടുത്തും. ആദിവാസിഗോത്ര വിഭാഗങ്ങള്‍, ദളിതര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമം. കൂടാതെ ഭരണഘടനാമൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും അതിന്റെ ബഹുസ്വരസഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാനാവിധമാകും.

ഇന്ത്യന്‍ ഭരണഘടനയുടെ സുദീര്‍ഘമായ രൂപീകരണ ചര്‍ച്ചാവേളകളില്‍ വൈവിധ്യവും ഏകത്വവും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നതാണ് ചരിത്രം. ഭരണഘടനയുടെ 44ാം അനുഛേദത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഏകവ്യക്തിനിയമത്തെക്കുറിച്ചുള്ള നിര്‍ദേശം ഇതാണ്, ''ഇന്ത്യന്‍ ഭൂപ്രദേശത്തുടനീളം ഒരു ഏകീകൃത സിവില്‍ നിയമം ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കണം.'' ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും അതു നിഷ്‌ക്കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാനും രാജ്യത്തെ പൗരന്മാര്‍ക്ക് അധികാരം നല്കുന്ന മൗലികാവകാശത്തിന്മേലുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വെല്ലുവിളിയായി 44ാം നിര്‍ദേശം മാറിത്തീരാതിരിക്കാന്‍ ''പൊതു സിവില്‍ നിയമം നിയമപരമായ ബാധ്യതയോ, ഉടനടി നടപ്പാക്കേണ്ട ഒന്നോ അല്ലെന്നും, പടിപടിയായി എത്തിച്ചേരേണ്ട ഭരണഘടനാ മൂല്യമായി സ്വീകരിക്കണമെന്നുമാണ്'' ഭരണഘടനാ ശില്പിയായ അംബേദ്ക്കര്‍ പോലും അതിനെ വീക്ഷിച്ചത്.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനല്‍ ചട്ടം ആകാമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് നിരാകരിക്കണം എന്ന ചോദ്യമുണ്ട്. എന്നാല്‍ ഭരണഘനാ നിര്‍മ്മാണ സമിതി ഏകീകൃതമായ ക്രിമിനല്‍ നിയമങ്ങള്‍ക്കല്ല അനുമതി നല്കിയത് എന്നാണതിനുള്ള മറുപടി. ജാതിയുടെയും ലിംഗ പദവിയുടെയും അടിസ്ഥാനത്തില്‍ കടുത്തവിവേചനം നില്‍ക്കുന്ന രാജ്യത്ത്, ക്രിമിനല്‍ നിയമത്തിനകത്ത് മര്‍ദിത ചൂഷിത വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്കുന്ന വകുപ്പുകള്‍ മനഃപൂര്‍വം ചേര്‍ത്തു. അതനുസരിച്ച് ലിംഗ ജാതി വ്യത്യാസാടിസ്ഥാനത്തില്‍ ശിക്ഷകളെയും പലതാക്കി.

ഇന്ത്യന്‍ ഭരണഘടന വ്യക്തികേന്ദ്രീകൃതമായിരിക്കുമ്പോള്‍ തന്നെ അവരുടെ സാമുദായികാസ്ഥിത്വവും അംഗീകരിച്ചുകൊണ്ടു തന്നെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വ്യക്തിനിയമങ്ങളെ സാമാന്യവത്ക്കരിച്ച് ഏകീകരിക്കാതെ കാലോചിതമായി പരിഷ്‌ക്കരിച്ച് മുഖ്യ സാമൂഹ്യധാരയോട് ഉള്‍ച്ചേര്‍ക്കുകയാണ് കരണീയം. അതിന്റെ ഏറ്റവും നല്ല തെളിവാണ് മുത്തലാഖ് നിരോധന നിയമം. അനന്തരസ്വത്ത് അവകാശത്തിലും ബഹുഭാര്യത്വം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിലും മുസ്ലീം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഭരണഘടനയുടെ അനുഛേദം 14 ന്റെ ലംഘനവും, അനുഛേദം 27 നല്കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കയ്യേറ്റവുമാണ് ഇതെന്നിരിക്കെ, പക്ഷേ പരിഹാരം പൊതു സിവില്‍ കോഡല്ല, പ്രസ്തുത പ്രശ്‌നങ്ങളില്‍ കോടതിയുടെ അനുകൂലവിധി കാത്ത് ദീര്‍ഘനാളായി തുടരുന്നവര്‍ക്ക് അതിവേഗം നീതി നടത്തിക്കൊടുക്കലാണ്.

ഏകവ്യക്തിനിയമം നേരത്തെ നടപ്പിലായ സംസ്ഥാനമായ ഗോവയും അത് നടപ്പാക്കുക നിയമപരമായി അസാധ്യമായ മേഘാലയ, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളും, അവയുടെ പ്രയോഗത്തിലും പ്രയോജനത്തിലും വലിയ വൈരുദ്ധ്യങ്ങള്‍ കൊണ്ട് വികലവുമാണ്. 1867ല്‍ കൊളോണിയല്‍ മാതൃകയില്‍ രൂപംകൊണ്ട ഗോവന്‍ രീതിയെ ആധുനിക ഭാരതം അനുഗമിക്കണോ? തനതു സംസ്‌കാര സംരക്ഷണത്തിന്റെ ആറാം പട്ടികയിലുള്‍പ്പെട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 244(2), 275(1) അനുഛേദങ്ങളുടെ പിന്‍ബലമുണ്ടെന്നിരിക്കെ ഏകവ്യക്തിനിയമം ഇന്ത്യ മുഴുവന്‍ പ്രാബല്യത്തിലാക്കുന്നതെങ്ങനെയാണ്? ഭരണഘടനയുടെ 14 നിര്‍ദേശകതത്വങ്ങളില്‍ ഒന്നു മാത്രമായ ഏകവ്യക്തി നിയമം ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളിലും നടപ്പാക്കാനുദ്യമിക്കുമ്പോള്‍, അത് രാഷ്ട്രീയ പ്രേരിതമെന്ന് വിശ്വസിക്കാന്‍ പ്രധാനകാരണം പൊതുതിരഞ്ഞെടുപ്പൊരുക്കം തന്നെയാണ്. രാജ്യത്തുടനീളം തുല്യവേതനം, സാര്‍വത്രിക വിദ്യാഭ്യാസം, തൊഴിലുറപ്പ് പോലുള്ള മനുഷ്യാവകാശ സ്വഭാവമുള്ള മറ്റ് നിര്‍ദേശങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ സമത്വത്തെ അതിഗാഢമാകും വിധം നിര്‍ണ്ണയിക്കുന്നവയായിരിക്കുമ്പോള്‍ തന്നെയാണ് ഏകീകൃത സിവില്‍ കോഡിന്റെ മാത്രം തിരഞ്ഞെടുപ്പെന്നത് മറക്കരുത്.

ഏകീകൃത സിവില്‍ കോഡിന്‍മേല്‍ 2018ല്‍ നിയമ കമ്മീഷന്‍ നല്കിയ റിപ്പോര്‍ട്ടില്‍ 'സാംസ്‌കാരിക വൈവിധ്യത്തെ ബലികഴിക്കുന്ന നിയമ നിര്‍ദേശം അനുചിതവും അനാവശ്യവുമെന്നാണ്' അഭിപ്രായപ്പെട്ടത്, വിവിധ മത, ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുള്ള ആചാരങ്ങളും അവയ്ക്കുള്ള നിയമ സംരക്ഷണവും കമ്മീഷന്‍ എടുത്ത് പറഞ്ഞു.

പ്രായോഗികമായി അനവധി പ്രയാസങ്ങളും സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും അനിവാര്യമെന്നുറപ്പുള്ള ഏകീകൃത നിയമ നീക്കം അടിസ്ഥാനപരമായി അനീതിപരമാണ്. സാംസ്‌കാരിക ഏകീകരണത്തിലൂടെ രാഷ്ട്രീയ ഏകീകരണത്തെ ലക്ഷ്യമാക്കിയപ്പോള്‍ സംഭവിച്ചതാണ് നാസിസവും ഫാസിസവും. ഒരു ഭാഷ, ഒരു മതം ഒരു തിരഞ്ഞെടുപ്പ് എന്നീ ഏകീകരണ വഴിയിലേക്ക് ഏകവ്യക്തിനിയമം എന്ന പുതിയ അസംബന്ധം കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഫെഡറല്‍ സ്വഭാവ സവിശേഷതയാര്‍ന്ന രാഷ്ട്രശരീരത്തെയാണ് ഒരുപോലെയാക്കാന്‍ വികലമാക്കുന്നത് എന്നത് മറക്കരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago