മേയറുടെ കത്തിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടല്‍; 295 താല്‍ക്കാലിക തസ്തികകളില്‍ നിയമനം എംബ്ലോയ്മെന്റ് എക്ചേഞ്ച് വഴി
തിരുവനന്തപുരം; തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തായതിന് പിന്നാലെ ഇടപെടലുമായി സര്‍ക്കാര്‍. കോര്‍പറേഷന്റെ നിയമനാധികാരം സര്‍ക്കാര്‍ റദ്ദാക്കി. കോര്‍പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം എംബ്ലോയ്മെന്റ് എക്ചേഞ്ച് വഴിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു.സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കംആവശ്യപ്പെട്ട് കൊണ്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന് ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതി ഈ മാസം ഒന്നിന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദമായത്. കത്ത് പുറത്തായതിന് പിന്നാലെ മേയറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു.കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോള്‍ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."