ചരിത്രം മറക്കരുത്
ജേക്കബ് ജോര്‍ജ്
ചരിത്രം കുറിച്ച വിജയം, ചരിത്രമെഴുതി, ചരിത്രം സൃഷ്ടിച്ചു എന്നിങ്ങനെ ചരിത്രം എന്ന പദത്തെ ചുറ്റിപ്പറ്റി മലയാളഭാഷയില്‍ പ്രയോഗങ്ങളേറെ. ഭാഷയില്‍ മാത്രമല്ല, മനുഷ്യസമൂഹത്തിലും ചരിത്രത്തിനു വളരെയധികം പ്രാധാന്യമുണ്ടെന്ന വസ്തുതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. മനുഷ്യനും സമൂഹത്തിനും രാജ്യത്തിനുമെല്ലാം ചരിത്രം പ്രധാനം തന്നെ. ചരിത്രം വസ്തുതയാണ്. വസ്തുതകളുടെ നേര്‍ചിത്രീകരണമാണ്. മനുഷ്യന്‍ വന്ന വഴികളുടെ നേര്‍ക്കാഴ്ചയാണ്. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം തന്നെ വളച്ചൊടിക്കാനുള്ള ശ്രമം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ എന്നേ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാവും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഭാരതത്തിലെ ആദ്യ സര്‍ക്കാരില്‍ കരുത്തനായ ആഭ്യന്തരമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രകടമായ തുടക്കം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേര് നേരത്തേ തന്നെ എഴുതപ്പെട്ടിട്ടുള്ളതാണ്. ശക്തനായ ഒരു സ്വാതന്ത്ര്യസമര സേനാനി മാത്രമായിരുന്നില്ല പട്ടേല്‍. ഒരു മുന്‍നിര കോണ്‍ഗ്രസ് നേതാവും ഇന്ത്യ എന്ന വലിയ രാജ്യത്തുണ്ടായിരുന്ന മുഴുവന്‍ നാട്ടുരാജ്യങ്ങളെയും ഒരു ചരടില്‍ കോര്‍ത്ത് ഇന്ത്യന്‍ യൂനിയനു കീഴില്‍ കൊണ്ടുവരാന്‍ സമര്‍ഥവും ധീരവുമായ നേതൃത്വം കൊടുത്ത ഭരണാധികാരിയുമായിരുന്നു അദ്ദേഹം. അതിനധികം അധികാരം പ്രയോഗിക്കേണ്ടി വന്നു അദ്ദേഹത്തിന്. കനത്ത സമ്മര്‍ദവും ബലപ്രയോഗവും വേണ്ടിവന്നു.
സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും അമേരിക്കന്‍ മോഡല്‍ ഭരണരീതിയും മുന്നോട്ടുവച്ച സര്‍ സി.പി രാമസ്വാമി അയ്യര്‍ക്കെതിരേ തിരുവിതാംകൂറില്‍ സമരം തുടങ്ങിയതും അക്കാലത്തായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ സഹായി വി.പി മേനോനാണ് ആ സമയത്ത് കൊച്ചി രാജാവിനെയും തിരുവിതാംകൂര്‍ രാജാവിനെയും കണ്ട് തിരു-കൊച്ചി സംയോജനത്തിനു കളമൊരുക്കിയത്. പക്ഷേ, അതിനു വളരെ മുമ്പുതന്നെ സി.പിക്ക് ഒരു അജ്ഞാതന്റെ വെട്ടേറ്റിരുന്നു. 1947 ജൂലൈ 25ാം തീയതിയായിരുന്നു അത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് സി.പിയെ വെട്ടിയത് ചരിത്രമായി.
ആ ചരിത്രകഥയിലെ വീരസാഹസികനായ കഥാപാത്രം കെ.സി.എസ് മണിയായിരുന്നു. മൂക്കിനും കഴുത്തിനും വെട്ടേറ്റ സി.പി ദിവസങ്ങള്‍ക്കുള്ളില്‍ തിരുവിതാംകൂര്‍ വിട്ടു. തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കുക എന്ന പട്ടേലിന്റെ ചരിത്രദൗത്യം നിര്‍വഹിക്കാനെത്തിയ വി.പി മേനോന് ജോലി എളുപ്പമായി. ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ പട്ടേലിനെ ഹിന്ദുത്വവാദിയായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഗുജറാത്തില്‍ അദ്ദേഹത്തിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടാനുള്ള കടുത്ത സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയെ ഹിന്ദുത്വവാദിയായിരുന്ന ഗോഡ്‌സെ വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആര്‍.എസ്.എസിനെ നിരോധിച്ച സാക്ഷാല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ. അന്ന് പട്ടേല്‍ നെഹ്‌റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നുവെന്നോര്‍ക്കുക.
ഇപ്പോഴിതാ, മലബാര്‍ സമരത്തിനു നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെ 387 പേരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) തീരുമാനിച്ചിരിക്കുന്നു. ചരിത്ര ഗവേഷണ സ്ഥാപനം തയാറാക്കിയ രക്തസാക്ഷി പട്ടികയില്‍നിന്ന് 1921ലെ മലബാര്‍ സമരത്തിന്റെ നേതാക്കളെ ഒഴിവാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1921ലെ മലബാര്‍ സമരത്തെപ്പറ്റി കെ. മാധവന്‍ നായരാണ് 'മലബാര്‍ കലാപം' എന്ന പേരില്‍ അതിവിശദമായ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഇന്നത്തെ മലപ്പുറം ജില്ലയിലെ ഏറനാട്ടുകാരനായിരുന്നു മാധവന്‍ നായര്‍. ഏറനാട്ടു പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലവും ജനങ്ങളുടെ ജീവിതരീതിയും വിശ്വാസങ്ങളും നന്നായി അറിയാവുന്ന ആളുമായിരുന്നു അദ്ദേഹം. സമരസമയത്ത്, അതായത് സമരം തുടങ്ങുന്ന 1921 ഓഗസ്റ്റ് 20 മുതല്‍ തന്നെ മാധവന്‍ നായര്‍ ഏറനാട്ടിലുണ്ടായിരുന്നു. പല സംഭവങ്ങളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്. മാതൃഭൂമി ദിനപ്പത്രത്തിന്റെ സ്ഥാപക മാനേജിങ് ഡയരക്ടറും ആ കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്നു അദ്ദേഹം. ഏറനാട്ടിലെ ജനങ്ങള്‍ ദീര്‍ഘകാലമായി അനുഭവിച്ചു വന്നിരുന്ന കഷ്ടതകളെപ്പറ്റിയും അന്നു നിലനിന്നിരുന്ന ഭൂനിയമങ്ങളെപ്പറ്റിയുമെല്ലാം നന്നായി ബോധ്യമുണ്ടായിരുന്ന ആളുമായിരുന്നു അദ്ദേഹം. ജന്മിമാരും കുടിയാന്മാരും തമ്മിലുണ്ടായിരുന്ന ചേരിതിരിവ് അദ്ദേഹം വളരെ അടുത്തുനിന്ന് കണ്ട് മനസിലാക്കിയിരുന്നു.
ഇന്ത്യയില്‍ മുഹമ്മദീയര്‍ ആദ്യമായി കാലുകുത്തിയത് മലബാറിലാണെന്നതും ഇവിടുത്തെ ഹിന്ദുരാജാക്കന്മാര്‍ അവരെ ആദരവോടെ സ്വീകരിച്ച് താമസത്തിനും കച്ചവടത്തിനും മറ്റും കഴിയുന്ന ഒത്താശകള്‍ ചെയ്തുകൊടുത്തുവെന്നതും ചരിത്രപ്രസിദ്ധമായ സംഗതികളാണെന്ന് കെ. മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാധവന്‍ നായര്‍ മലബാറിലെ ഹിന്ദു-മുസ്‌ലിം സമുദായ മൈത്രിയെ വിവരിക്കുന്നതിങ്ങനെ: 'മലബാറിലെ ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയ്ക്ക് പറയത്തക്കതായ യാതൊരു ഭംഗവും അക്കാലങ്ങളിലുണ്ടായതായി കേട്ടിട്ടില്ല. അവര്‍ തമ്മില്‍ വളരെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും വര്‍ത്തിച്ചിരുന്നുവെന്നു മാത്രമല്ല, സാമൂതിരി രാജാവിന്റെ കീഴില്‍ ഉയര്‍ന്ന പല ഉദ്യോഗങ്ങളും മാപ്പിളമാരില്‍ പലരും വഹിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു'. (മലബാര്‍ കലാപം: കെ. മാധവന്‍ നായര്‍, പുറം: 2, പ്രസിദ്ധീകരണം: മാതൃഭൂമി ബുക്‌സ്).
കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രപരമായ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങളിലും പുസ്തകങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും മുസ്‌ലിംകള്‍ ആദ്യകാലം മുതല്‍തന്നെ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് ഇ.എം.എസ് 'കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 'മലബാര്‍ മുസ്‌ലിംകളായ കൃഷിക്കാരില്‍ ഭൂരിഭാഗം പേരും ഹിന്ദുക്കളായ ജന്മിമാരുടെ കീഴില്‍ അസ്വസ്ഥരായി കഴിയേണ്ടിവന്ന പാട്ടക്കുടിയാന്മാരായിരുന്നു.
യുദ്ധക്കെടുതികളുടെയും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ജനജീവിതം ദുരിതമായിരുന്നു. ബ്രിട്ടീഷ് ഭരണം ജന്മിമാര്‍ക്ക് അനുകൂലമായി നിന്നു. ജന്മിമാര്‍ കര്‍ക്കശമായ രീതിയില്‍ പാട്ടവും മറ്റു തീരുവകളും പിരിച്ചതും ദുരിതങ്ങള്‍ വര്‍ധിപ്പിച്ചു. ബ്രിട്ടീഷുകാരെ പിന്തുണച്ച് ജന്മിമാരും നിലകൊണ്ടു. ഈ സാഹചര്യത്തിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്. മുസ്‌ലിം ജനത ഖിലാഫത്ത് പ്രസ്ഥാനത്തെ ബ്രിട്ടീഷ് ഭരണകൂടത്തിനും ജന്മിമാര്‍ക്കുമെതിരായ പോരാട്ടമായാണ് കണ്ടത്. പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള ഭരണാധികാരികളുടെ മര്‍ദന നയങ്ങളോടുള്ള പ്രതിഷേധമാണ് മലബാര്‍ കലാപമായി ആളിപ്പടര്‍ന്നത് '. മലബാര്‍ സമരത്തിന്റെ തുടക്കത്തെ കുറിച്ച് ഇ.എം.എസ് വിവരിച്ചുതുടങ്ങുന്നത് ഇങ്ങനെയാണ്. (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം. ഭാഗം: ഒന്ന് - ഇ.എം.എസ് നമ്പൂതിരിപ്പാട്, പ്രസിദ്ധീകരണം: ചിന്ത പബ്ലിഷേഴ്‌സ്. പുറം: 166).
ഏലംകുളത്ത് മനയെന്ന വലിയ സമ്പന്നമായ തറവാട്ടില്‍ ജനിച്ചു വളര്‍ന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരു ജന്മികുടുംബത്തില്‍ അക്കാലത്തു ലഭ്യമായിരുന്ന എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയതും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരേ പ്രവര്‍ത്തിച്ചതും. ആ കാലഘട്ടങ്ങളില്‍ മലബാര്‍ പ്രദേശം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്ന ഇ.എം.എസ് കുടിയാന്മാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും അന്നത്തെ ജന്മി-കുടിയാന്‍ ബന്ധങ്ങളെക്കുറിച്ചും ധാരാളം പഠിക്കുകയും അതേപ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. 1921ലെ മലബാര്‍ സമരം പാവപ്പെട്ടവരും ദരിദ്രരുമായ മുസ്‌ലിം കര്‍ഷകരുടെ വലിയൊരു മുന്നേറ്റമായിരുന്നുവെന്നാണ് ഇ.എം.എസ് എപ്പോഴും പറഞ്ഞിരുന്നത്.
മലബാര്‍ സമരത്തിന്റെ വിവിധ വശങ്ങള്‍ അന്നുതന്നെ ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. കൃത്യം ഒരു നൂറ്റാണ്ടാവുമ്പോള്‍ അന്നു രക്തസാക്ഷിത്വം വരിച്ചവരുടെ ചരിത്രം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നു തുടങ്ങി അനേകംപേര്‍ പങ്കെടുത്തതാണ്. ഇവരുടെയൊക്കെ ത്യാഗോജ്ജ്വലമായ ജീവിതവും സമരങ്ങളുമാണ് ഇന്ത്യയെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നു മോചിപ്പിച്ചത്. അന്നും ഹിന്ദുത്വവാദവും ഹിന്ദുത്വനേതാക്കളും സമൂഹത്തില്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ അവരുടെയൊന്നും പേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാണാനേയില്ല. ജയിലില്‍നിന്നു മോചനം കിട്ടാന്‍ ബ്രിട്ടീഷുകാര്‍ക്ക് സന്ധി ചെയ്ത് മാപ്പെഴുതിയ ഹിന്ദുത്വനേതാക്കള്‍ ഇന്നും ഹിന്ദുത്വ ചരിത്രത്തിലുണ്ടുതാനും. ആ ക്ഷീണം തീര്‍ക്കാന്‍ യഥാര്‍ഥ രക്തസാക്ഷികളുടെ പേര് ചരിത്രത്തില്‍നിന്ന് നീക്കുന്നത് തീരെ ശരിയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."