മുട്ടില്‍ മരംമുറി കേസ്: പ്രതികളും സാജനും തമ്മില്‍ 86 തവണ സംസാരിച്ചു, ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പുറത്ത്
തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ നിര്‍ണായക തെളിവ് പുറത്ത്. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനും തമ്മിലുള്ള ഫോണ്‍ സംഭാഷ ണത്തിന്റെ രേഖകള്‍ പുറത്ത്. പ്രതികളും സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് APCCF രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
വനംവകുപ്പിന്റെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ഫോണ്‍സംഭാഷണം. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഗൂഡാലോചന അടിവരയിടുന്നതാണ് ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങള്‍.
മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേര്‍ന്ന് സാജന്‍ സമീറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഫെബ്രുവരി 15ന്. 15ന് സാജനും ആന്റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഫെബ്രുവരി 14 നും മെയ് 26 നും ഇടയിലെ ആകെ സംസാരം 86 തവണ. സാജന്റെ ഔദ്യോഗിക നമ്പറിലും പേഴസ്ണല്‍ നമ്പറിലുമായിട്ടായിരുന്നു ആന്റോയുമായുള്ള സംസാരം.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഫെബ്രുവരി 8ന് രജിസ്റ്റര്‍ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപക് ധര്‍മ്മടവും പ്രതികളായ ആന്റോ സഹോദരങ്ങളും തമ്മില്‍ ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിനും ദീപകും തമ്മില്‍ സംസാരിച്ചത് അഞ്ച് തവണ.
ആന്റോ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സാജന്‍ മണിക്കുന്ന് മലയിലെത്തിയത്. മരം മുറി അട്ടിമറിക്കാനുള്ള ഗൂഡാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടുണ്ടായിട്ടും സാജനെതിരെ സ്വീകരിച്ചത് സ്വാഭാവിക സ്ഥലംമാറ്റം മാത്രം. മരംമുറി അട്ടിമറിയില്‍ പ്രതിപക്ഷനേതാവ് ആരോപിച്ച ധര്‍മ്മടം ബന്ധം സര്‍ക്കാറും സിപിഎമ്മും തള്ളുമ്പോഴാണ് ഫോണ്‍രേഖ പുറത്താകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."