മഹ്‌സ അമീനിയുടെ മരണം: പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്രിട്ടീഷ്-ഇറാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഇറാന്‍ സൈന്യത്തിന്റെ വധഭീഷണി
ലണ്ടന്‍: ഒരു സ്വതന്ത്ര ഫാര്‍സി ഭാഷാ ചാനലിനായി യു.കെയില്‍ ജോലി ചെയ്യുന്ന രണ്ട് ബ്രിട്ടീഷ്-ഇറാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഇറാന്റെ സുരക്ഷാ സേനയില്‍ നിന്ന് 'വിശ്വസനീയമായ' വധഭീഷണി ലഭിച്ചതായി ചാനല്‍ ആരോപിച്ചു. ഇറാന്‍ ഇന്റര്‍നാഷണല്‍ ടിവി ചാനലിന്റെ ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രോഡ്കാസ്റ്ററായ വോളന്റ് മീഡിയ വധഭീഷണിക്കെതിരേ പ്രസ്താവന പുറപ്പെടുവിച്ചു. തങ്ങളുടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡില്‍ നിന്ന് വധഭീഷണി ലഭിച്ചു. ഇത് സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ അപകടകരമായ വര്‍ധനവാണ് കാണിക്കുന്നത്. യു.കെയില്‍ ഒരു സ്വതന്ത്ര മാധ്യമത്തെ നിശബ്ദമാക്കാന്‍ റവല്യൂഷണറി ഗാര്‍ഡുകളെ അനുവദിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മഹ്‌സ അമീനി മൂന്നാം ദിവസം ആശുപത്രിയില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇറാനില്‍ നടന്നുവരുന്ന ഭരണ വിരുദ്ധ പ്രതിഷേധങ്ങള്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. പ്രക്ഷോഭത്തില്‍ ഇതുവരെ 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ അമീനിയുടെ ജന്മനാടായ സക്കസില്‍ നിന്നുള്ള ടെഹ്‌റാന്‍ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകയായ നാസില മറൂഫിയനെ ഞായറാഴ്ച ഇറാന്‍ പൊലിസ് അറസ്റ്റ് ചെയ്തതായി നോര്‍വേ ആസ്ഥാനമായുള്ള ഹെന്‍ഗാവ് മനുഷ്യാവകാശ സംഘടന അറിയിച്ചു. ടെഹ്‌റാനിലെ ബന്ധുക്കളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് അവരെ അറസ്റ്റ് ചെയ്ത് തലസ്ഥാനത്തെ എവിന്‍ ജയിലിലേക്ക് മാറ്റി. റുയ്ദാദ് 24 വാര്‍ത്താ സൈറ്റില്‍ ജോലി ചെയ്യുന്ന മറൂഫിയാന്‍, അമീനിയുടെ പിതാവ് അംജദുമായുള്ള അഭിമുഖം ഒക്‌ടോബര്‍ 19ന് മോസ്റ്റാഗെല്‍ ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
MAHSA AMINI- PROTEST CONTINUES IN IRAN
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."