ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തെ ചൊല്ലി കോണ്‍ഗ്രസും സി.പി.എമ്മും ഏറ്റുമുട്ടി
കാക്കനാട്: വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തെ ചൊല്ലി കോണ്‍ഗ്രസും സി.പി.എമ്മും ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും പരസ്പരം പോരടിച്ചതോടെ പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിന്റെ ആദ്യഘട്ടം നഗരസഭയിലെ 15ാം ഡിവിഷനിലെ അത്താണിയില്‍ കാഞ്ഞരക്കാട്ട് വീട്ടില്‍ കെ.കെ ബാലന് നല്‍കിയാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ നീനു ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത് സി.പി.എം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കെ.ബി ദാസന്റെ പിതാവാണ്.
ഇദ്ദേഹത്തിന് ഷെന്‍ഷന്‍ നല്കുന്ന നേരത്താണ് വാര്‍ഡ് കൗണ്സിലര്കൂടിയ സ്മിത സണ്ണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്.
ദാസിന്റെ വീട്ടില്‍ വിളിച്ചു വരുത്തിമറ്റുള്ളവര്ക്ക് കൂടി പെന്ഷന് നല്കാന് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പരിപാടി സി.പി.എം നേതാവിന്റെ വീട്ടിലാക്കിയത് ശരിയായില്ലെന്നും പറഞ്ഞുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.സി മനൂപ്, റാഷിദ് ഉള്ളംപ്പിള്ളിയും ബഹളംവച്ചു.
ഇതിനെ പ്രതിരോധിച്ചുകൊണ്ട് അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഇ ഹസൈനാരും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി എല്‍ദോയും രംഗത്തെത്തി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് അര്‍ഹരായവര്‍ക്ക് വീട്ടില്‍ നേരിട്ടെത്തി ഇതു നല്‍കുന്നത്. ദാസിന്റെ പിതാവിന് പെന്ഷന് അനുവദിച്ചുകൊണ്ടാണ് വീട്ടെത്തി നല്‍കിയതെന്നും അവര്‍ തിരിച്ചടിച്ചു. ഇവരുടെ വീട്ടില്‍ പിന്നെന്തിനാണ് പെന്ഷന് അനുവദിച്ചിട്ടുള്ള മറ്റുള്ളവരെ വിളിച്ചുവരുത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിച്ചു.
എന്നാല്‍ കേട്ടറിഞ്ഞ് വന്നവരാണെന്നും അവര്‍ക്ക് താല്പര്യമുണ്ടെങ്കില് അവിടെ വച്ച് തന്നെ പെന്ഷന് നല്കാന് തയ്യാറാണെന്നും സി.പി.എം നേതാക്കള്‍ തിരിച്ചടിച്ചു.
ഇതേ ചൊല്ലി ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ കെ.കെ നീനു ഇടപെട്ട് രംഗം ശാന്തമാക്കി. വരും ദിവസങ്ങളില്‍ തൃക്കാക്കരയിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്ഷന് വീടുകളില്‍ എത്തിക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."