കുടിവെള്ള പൈപ്പ് പൊട്ടി; ട്രാന്‍സ്ഫോമര്‍ റോഡിലേക്ക് വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ.എസ്.ഇ.ബി ട്രാന്‍സ്ഫോമര്‍ റോഡിലേക്ക് വീണു. ഇതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദേശീയപാതാ വികസന പ്രവര്‍ത്തിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ പോസ്റ്റാണ് മറിഞ്ഞുവീണത്.
പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാന്‍ സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ പൊട്ടിയിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നു രാവിലെയോടെയാണ് ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടത്. വെള്ളം കടത്തിവിട്ടപ്പോള്‍ പൈപ്പ് പൊട്ടുകയും തുടര്‍ന്ന് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരുന്ന മണ്ണ് കുതിര്‍ന്ന് ട്രാന്‍സ്ഫോമര്‍ നിലംപതിക്കുകയുമായിരുന്നു. യാതൊരു ഉറപ്പുമില്ലാതെ പൂഴിമണ്ണില് സ്ഥാപിച്ച ട്രാന്‍സ്ഫോമറാണ് റോഡിലേക്ക് വീണത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴക്കൂട്ടം മുതല്‍ പള്ളിപ്പുറം വരെയുള്ള ഭാഗത്തെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ബസ്സുകളും മറ്റും വഴിതിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."