HOME
DETAILS

ചരിത്രത്തെ വക്രീകരിക്കുന്നവരെ എന്തിനു പിന്തുണക്കണം?

  
backup
August 26 2021 | 19:08 PM

96954325163-2

 

അബ്ദുസ്സമദ് പൂക്കോട്ടൂര്‍


മലബാര്‍ സംഘര്‍ഷംകൊണ്ട് ജ്വലിച്ചുനില്‍ക്കുന്ന വിവരം മദ്രാസിലെത്തി. കോസ്‌മോസ് എന്ന യുദ്ധക്കപ്പല്‍ ഇംഗ്ലണ്ടില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ബംഗളൂരുവില്‍നിന്ന് മലബാറിലേക്ക് സൈന്യം നീങ്ങിത്തുടങ്ങി. ഇന്ത്യയിലെ മൊത്തം ബ്രിട്ടീഷ് പട്ടാളത്തിന്റെ നാലില്‍ ഒന്ന് കുറ്റിപ്പുറം, ഫറോക്ക് പാലങ്ങള്‍ക്കിടയില്‍ താവളമുറപ്പിച്ചു. ലെയ്സ്റ്റണ്‍ റെജിമെന്റിലെ 100 പേരും സ്‌പെഷല്‍ സേനയിലെ 70 പേരും ക്യാപ്റ്റന്‍ മെക്കന്‍ റോയിയുടെ നേതൃത്വത്തില്‍ പുറപ്പെട്ടു. ബ്രിട്ടീഷ് റോയല്‍ ആര്‍മി ഓഫിസര്‍ ഗുഡ് ഹര്‍ട്ട് ബക്‌സണ്‍ ലങ്കാസ്റ്റര്‍ ഈ സൈന്യത്തിന് ഊര്‍ജം പകര്‍ന്നു കൂടെയുണ്ടായിരുന്നു. 22 ലോറികളിലും 25 സൈക്കിളുകളിലുമായി പുറപ്പെട്ട സംഘം 25നു രാവിലെ ആറ് മണിക്ക് കോഴിക്കോട് വിടുമ്പോള്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും പാലം കെട്ടാനുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. സംഘം പുറപ്പെട്ട വിവരമറിഞ്ഞ് പൂക്കോട്ടൂര്‍ ഖിലാഫത്ത് നേതാക്കള്‍ യോഗം ചേര്‍ന്ന് അവരെ നേരിടാന്‍ തീരുമാനിച്ചു. പട്ടാളം പ്രയാസമില്ലാതെ കൊണ്ടോട്ടി വരെ എത്തി. 22ാം മൈലില്‍ പാലം തകര്‍ത്തിരുന്നു. അന്നു രാത്രി സംഘം കൊണ്ടോട്ടിയില്‍ തങ്ങി. 26 ന് യാത്ര പുനരാരംഭിച്ചു. 1921 ഓഗസ്റ്റ് 25 ന് അറവങ്കരയിലെത്തി. പപ്പാട്ടുങ്ങല്‍ പള്ളിക്കടുത്ത് ഖിലാഫത്ത് പോരാളികള്‍ ഓവുപാലം തകര്‍ത്തിരുന്നു. പള്ളി നിര്‍മാണത്തിനു കൊണ്ടുവന്ന മരങ്ങള്‍ ഉപയോഗിച്ച് പാലം പണിത് പട്ടാളം വഴിയൊരുക്കി. 26 ന് വെള്ളിയാഴ്ച മുന്‍ നിശ്ചയപ്രകാരം പൂക്കോട്ടൂര്‍ പിലാക്കല്‍ വയലിലും തോട്ടിലുമായി മൂവ്വായിരത്തിലധികം മാപ്പിളമാര്‍ നാടന്‍ ആയുധങ്ങളുമായി കാവലിരുന്നു. പട്ടാളത്തിന്റെ മുന്‍നിര പിലാക്കല്‍ എത്തിക്കഴിഞ്ഞാല്‍ മുന്നിലെ ലോറിയുടെ ടയറില്‍ വെടിവയ്ക്കാനും നാലുഭാഗത്തുനിന്നും വളയാനുമായിരുന്നു തീരുമാനം. നേരത്തെ ആസൂത്രണയോഗത്തില്‍ എത്താതിരുന്ന പറാഞ്ചീരി കുഞ്ഞാറമുട്ടി, ഉള്ളാട്ട് അയമു എന്നിവര്‍ രണ്ടോ മൂന്നോ ലോറി എത്തിയപ്പോഴേക്കും വെടിവച്ചു. പട്ടാളം വണ്ടികള്‍ പിന്നോട്ടെടുത്ത് പൂക്കോട്ടൂരില്‍ നിര്‍ത്തി. അവര്‍ ഇറങ്ങി പുക ബോംബെറിഞ്ഞു. പുകയുടെ മറവില്‍ യന്ത്രത്തോക്കുകള്‍ ഫിറ്റ് ചെയ്ത് സജ്ജരായി. പുകയടങ്ങിയതും മാപ്പിളമാര്‍ ഇരച്ചുകയറി. നാല് മണിക്കൂര്‍ നീണ്ട സംഘട്ടനത്തില്‍ നാനൂറോളം പോരാളികള്‍ മരണമടഞ്ഞു. (മരണപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാന്‍ വ്യക്തമായ രേഖകളില്ല) മൂന്നൂറിനും നാനൂറിനും ഇടയില്‍ ആളുകള്‍ മരണപ്പെട്ടുവെന്നത് വസ്തുതയാണ്.


ബ്രിട്ടീഷ് സൈന്യത്തില്‍ നിരവധി പേര്‍ മരിച്ചെങ്കിലും 9 ബ്രിട്ടീഷുകാരും 8 പട്ടാളക്കാരും എന്ന ബ്രിട്ടീഷ് രേഖയിലെ എണ്ണം കൃത്യമാവാനിടയില്ല. മരണപ്പെട്ട 60 പേരെ ചെറുകാവില്‍ മൂസക്കുട്ടിയുടെ വീട്ടില്‍ കൂട്ടിയിട്ട് പട്ടാളക്കാര്‍ കത്തിച്ചു. 258 പേരെ പൂക്കോട്ടൂരും പിലാക്കലുമായി മറവു ചെയ്തു. ഇവരുടെ മഖ്ബറകള്‍ പിലാക്കലും പരിസരത്തുമായി കാണാവുന്നതാണ്. ഹിന്ദു-മുസ്‌ലിം മൈത്രീബന്ധത്തിന് കോട്ടംതട്ടാതെ എം.പി നാരായണ മേനോന്‍, കട്ടിലശേരി മൗലവി, ചെമ്പ്രശേരി തങ്ങള്‍ തുടങ്ങിയവര്‍ ജാതിമത ഭേദമില്ലാതെ കൈകോര്‍ത്തു നടത്തിയ സമരത്തെ വര്‍ഗീയമാക്കുന്നവര്‍ ചരിത്രത്തോട് കടുത്ത നീതികേടാണ് കാണിക്കുന്നത്. 1921 ഓഗസ്റ്റ് 26 ന് നടന്ന സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈ സുവര്‍ണാധ്യായം ഒരിക്കലും തമസ്‌കരിക്കപ്പെടാതിരിക്കാന്‍ പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തുകയും ഉചിതമായ സ്മാരകം ഉയരുകയും വേണം. ഇതിനായി മലപ്പുറം ജില്ലാ പഞ്ചായത് ആരംഭിച്ച നീക്കം ശ്ലാഘനീയമാണ്.


മലബാര്‍ സമരത്തെ വിവിധ രീതിയില്‍ ചരിത്രകാരന്മാര്‍ അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക ലഹള, ബ്രിട്ടീഷ് വിരുദ്ധ സമരം, ജന്മിത്വവിരുദ്ധ പ്രക്ഷോഭം, വര്‍ഗീയ കലാപം എന്നീ രീതികളില്‍ ഈ സംഭവം അവതരിപ്പിക്കപ്പെട്ടുവരുന്നു. വര്‍ഗീയ ധ്രുവീകരണത്തിന് ചരിത്രം വക്രീകരിച്ചവതരിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക്കല്‍ റിസേര്‍ച്ചും മിനിസ്ട്രി ഓഫ് കള്‍ച്ചറും ചേര്‍ന്ന് 2008 ല്‍ പ്രസിദ്ധീകരിച്ച ഡിക്ഷണറി ഓഫ് മര്‍ടിയേഴ്‌സില്‍നിന്ന് (1857 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തില്‍ മരണമടഞ്ഞവരുടെ പട്ടിക) 387 പേരുകള്‍ വെട്ടിമാറ്റാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. മലബാര്‍ സമരം സ്വാതന്ത്ര്യസമരമല്ലെന്നും മതംമാറ്റത്തില്‍ കേന്ദ്രീകൃതമായ മതമൗലവികവാദികളുടെ കലാപമായിരുന്നുവെന്നുമാണ് മൂന്നംഗസമിതിയുടെ കണ്ടെത്തല്‍. ഇവര്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും വര്‍ഗീയ ധ്രുവീകരണത്തിന് കാരണക്കാരായവരല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ച് സമരത്തെ ലഹളയാക്കിയത് ബ്രിട്ടീഷ് ചരിത്രകാരന്മാരാണ്. വിദേശികള്‍ നമ്മെ തമ്മിലകറ്റാന്‍ മെനഞ്ഞ ചരിത്രം നാം അതേപടി വിഴുങ്ങണോ?


ഒറ്റപ്പെട്ട അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, ഖിലാഫത്ത് നേതൃത്വം അറിഞ്ഞോ സമ്മതിച്ചോ ആയിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട പിന്നോക്ക ജാതിയില്‍പെട്ടവര്‍ അനുഭവിച്ചിരുന്ന അയിത്തം, തീണ്ടല്‍, ചൂഷണം മുതലായവ അവരില്‍ മതംമാറ്റ പ്രേരണയുണ്ടാക്കി. അവര്‍ സ്വയം മതം മാറിയത് നിര്‍ബന്ധ മതപരിവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടു. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രമനുസരിച്ച് ഒരാള്‍ മനസാല്‍ അംഗീകരിക്കാതെ മുസ്‌ലിമാവുക സാധ്യമല്ല. ഭയമോ പ്രീണനമോ മൂലം ഒരാള്‍ ഞാന്‍ മുസ്‌ലിമാകുന്നു എന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം അയാള്‍ മുസ്‌ലിമാകുന്നില്ല. അതിനാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാംമതത്തിലേക്ക് അസാധ്യമാണ്.


വഴിനടക്കാന്‍ സ്വാതന്ത്ര്യം നല്‍കാതെ മനുഷ്യരായി ഗണിക്കാതെ ദലിതുകളെ അകറ്റിനിര്‍ത്തിയ ജന്മിമാര്‍ കീഴാളര്‍ക്ക് അര്‍ഹതപ്പെട്ട കൂലി നല്‍കിയില്ല. അവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും ലൈംഗികമായി ചൂഷണം ചെയ്തു. ഇവര്‍ക്ക് തിരിച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. കുടിയാന്‍ ഖിലാഫത്ത് സമരം വന്നതോടെ ഇവര്‍ തങ്ങളെ നേരത്തെ പീഡിപ്പിച്ചവര്‍ക്കെതിരേ അവസരം മുതലാക്കി ചില പ്രതികാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് ഖിലാഫത്ത് നേതാക്കളുടെ അംഗീകാരത്തോടെയായിരുന്നില്ല. ഇത്തരക്കാര്‍ക്ക് താക്കീതായി മഞ്ചേരിയില്‍ വാരിയന്‍കുന്നത്ത് നടത്തിയ പ്രസംഗം റോളന്റ് ഇ മില്ലര്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്; 'ഹിന്ദുക്കളെ അക്രമിക്കരുത്. സമരം ബ്രിട്ടീഷുകാര്‍ക്കെതിരേയാണ്. അവരെ സഹായിക്കുന്നവര്‍ ആരായാലും നാം ശിക്ഷിക്കും. ഈ രാജ്യം ഇസ്‌ലാമിക പ്രദേശമാക്കല്‍ നമ്മുടെ ഉദ്ദേശ്യമല്ല'(Mappila Muslims of kerala. Page 143). വര്‍ഗീയവല്‍ക്കരണ വാര്‍ത്തകള്‍ക്കെതിരേ വാരിയന്‍ കുന്നത്ത് ഹിന്ദു ദിനപത്രത്തിന് കത്തെഴുതി(1921). ഈ കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.


തുവ്വൂരില്‍ 34 ഹൈന്ദവരുടെ തല വെട്ടി കിണറ്റിലിട്ടു എന്ന് ഹിച്ച്‌കോക്ക് രേഖപ്പെടുത്തി. ചില ചരിത്രകാരന്‍മാര്‍ അത് പകര്‍ത്തി. എന്നാല്‍ പശ്ചാത്തലം പലരും വിവരിച്ചില്ല. ഇത് കുഞ്ഞഹമ്മദ് ഹാജിക്ക് മേല്‍ ചാര്‍ത്തുകയും ചെയ്തു. കെ. മാധവന്‍ നായര്‍ പശ്ചാത്തലം വിവരിച്ചിട്ടുണ്ട്. പട്ടാളം വന്ന് മാപ്പിള വീടുകള്‍ തീവച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി. നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിവച്ച ഈ പ്രവര്‍ത്തനത്തിന് ചില ഹിന്ദുക്കളും മുസ്‌ലിംകളും ബ്രിട്ടീഷുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു. പട്ടാളം പിന്‍വാങ്ങിയതോടെ ഇത്തരം ഒറ്റുകാരെ വിചാരണ ചെയ്ത് ഖിലാഫത്ത് കുടിയാന്‍ നേതാക്കള്‍ തലവെട്ടി കിണറ്റിലിട്ടു. 34 ഹിന്ദുക്കളെയും രണ്ടു മുസ്‌ലിംകളെയുമാണ് വധിച്ചത്. 1976 ല്‍ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ എ.കെ കോഡൂര്‍ കുഞ്ഞഹമ്മദ് ഹാജിയുടെ സൈനിക ക്യാംപ് ചുമതലക്കാരനായിരുന്ന മഞ്ചി അയമുട്ടിയുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു; ബ്രിട്ടീഷ് പട്ടാളത്തെ സഹായിക്കുകയും പുരുഷന്മാരെ കെട്ടിയിട്ട് അഞ്ച് മുസ്‌ലിം സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊല്ലുകയും ചെയ്തവരെയും അക്രമത്തിനു ചൂട്ടുപിടിച്ചവരെയുമാണ് സമരക്കാര്‍ കൊന്നത്. കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശേരി തങ്ങളും വിവരമറിഞ്ഞത് പ്രതികാര നടപടിക്ക് ശേഷമാണ്. ഉടന്‍തന്നെ കൃത്യം നടത്തിയവരെ വെട്ടിക്കാട്ടിരി ക്യാംപില്‍ ഹാജരാക്കി വിചാരണ ചെയ്തു. പുല്ലാടന്‍ കുഞ്ഞികമ്മുവടക്കം ഏഴ് പേര്‍ക്ക് 25 അടിവീതം നല്‍കി ശിക്ഷ നടപ്പാക്കി'. ഖിലാഫത്ത് നേതൃത്വത്തിന്റെ സമ്മതമില്ലാതെ ചെയ്ത ഈ നടപടിയെ നേതൃത്വം അംഗീകരിച്ചില്ല എന്നതിന് ഇതിലപ്പുറം തെളിവ് എന്തുവേണം? ഹിച്ച്‌കോക്ക് നമ്മെ അകറ്റാന്‍ എഴുതിയ ചരിത്രം വേദവാക്യമാക്കുന്നവര്‍ അകല്‍ച്ച നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്.
മലബാര്‍ സമരത്തില്‍ നാട്ടുകക്ഷിയും രാജകക്ഷിയും എന്ന രണ്ടു വിഭാഗമാണുണ്ടായിരുന്നത്. ഇന്ത്യയെ സ്‌നേഹിക്കുന്നവരും ബ്രിട്ടനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു സമരം. ഇരുപക്ഷത്തും ഹിന്ദുക്കളും മുസ്‌ലിംകളും ഉണ്ടായിരുന്നു. വര്‍ഗീയമായിരുന്നുവെങ്കില്‍ എം.പി നാരായണ മേനോന്‍ ഖിലാഫത്ത് പക്ഷത്ത് നില്‍ക്കുമായിരുന്നോ? ചേക്കുട്ടിയും കൊണ്ടോട്ടി തങ്ങളും ചില മുസ്‌ലിം ജന്മിമാരും ബ്രിട്ടീഷ് പക്ഷത്ത് നില്‍ക്കുമായിരുന്നോ? കോട്ടക്കല്‍ പി.എസ് വാര്യര്‍ ഖിലാഫത്ത് സമരക്കാര്‍ക്ക് സംരക്ഷണവും ഭക്ഷണവും നല്‍കിയത് ചരിത്രരേഖയല്ലേ? ഒടായിപ്പുറത്ത് ചേക്കുട്ടിയുടെ നേതൃത്വത്തില്‍ വാര്യറുടെ കോട്ടക്കല്‍ കോവിലകത്തിന് മാപ്പിളമാര്‍ കാവല്‍ നിന്നത് സൗഹൃദത്തിന്റെ മകുടോദാഹരണമല്ലേ? ചരിത്രം തിരുത്തി രാജ്യദ്രോഹം ചെയ്യുന്നവര്‍ തലമുറയെ വഴി തെറ്റിക്കുകയാണ്. ഇതിനെതിരേ ജാതി, മത ഭേദമില്ലാതെ ഉണര്‍ന്നു ചിന്തിക്കണം. നമ്മെ ഭിന്നിപ്പിച്ചു ഭരിച്ചവര്‍ നാം ഒന്നിച്ചപ്പോള്‍ പുറത്തായി. ഇനിയും നാം ഭിന്നിക്കണോ? രാജ്യസ്‌നേഹികള്‍ തീരുമാനിക്കട്ടെ- ജയ്ഹിന്ദ്.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago