കാബൂള്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി; കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സേനാംഗങ്ങള്‍
കാബൂള്‍: രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സേനാംഗങ്ങളും ഉള്‍പെടുന്നു. 140 ലേറെ പേര്‍ക്ക് പരുക്കേറ്റു.
വ്യാഴാഴ്ച വൈകീട്ട് വിമാനത്താവള കവാടത്തിനരികിലാണ് സ്‌ഫോടനം. 60 സ്വദേശികളും 11 യു.എസ് മറീനുകളും ഒരു നേവി മെഡിക്കല്‍ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. 15 ഓളം സേനാംഗങ്ങള്‍ക്കു പരിക്കേറ്റതായും പെന്റഗണ്‍ പറയുന്നു.
സ്‌ഫോടനത്തിനുപിന്നില്‍ ഐ.എസ് ആണെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി ബി.ബി.സിയും റിപ്പോര്‍ട്ടു ചെയ്തു.
യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ തിരക്കിനിടയില്‍ ഭീകരാക്രമണമുണ്ടാവുമെന്നും ആളുകള്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും ബ്രിട്ടന്റെയും യു.എസിന്റെയും മുന്നറിയിപ്പു വന്ന് മണിക്കൂറുകള്‍ക്കകമാണ്, ചാവേര്‍ ആക്രമണമെന്ന് സംശയിക്കുന്ന ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്.
അഫ്ഗാനികള്‍ക്കു പുറമെ ഏതൊക്കെ രാജ്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. താലിബാന്‍ സേനാംഗങ്ങള്‍ക്കും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. വിമാനത്താവളം അമേരിക്കന്‍ സേനയും പുറത്ത് താലിബാനുമാണ് നിയന്ത്രിക്കുന്നത്.
ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറെസ്, അഫ്ഗാനിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതാണ് സ്‌ഫോടനമെന്ന് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ ഇന്ത്യയും അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."