കൊവിഡ് താവളം വീട്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഏര്‍പ്പെടുത്തിയ ഹോം ക്വാറന്റൈന് സംവിധാനം സംസ്ഥാനത്ത് പരാജയം. വീടുകള്‍ കൊവിഡ് ക്ലസ്റ്ററുകളായി മാറി രോഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 35 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്ക്കും രോഗംവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഹോം ക്വാറന്റൈന് വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂവെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശവും ലംഘിക്കപ്പെടുന്നു.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് ബാധിതരെ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സര്‍ക്കാര്‍ കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുപരിധിവരെ രോഗത്തെ പിടിച്ചുകെട്ടിയിരുന്നു.
രോഗികളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിച്ചതില്‍ പാളിച്ചകളുണ്ടായതായി ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നു. വീടുകളില്‍ നിന്നുള്ള രോഗവ്യാപനം കുതിച്ചുയര്‍ന്നതായും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."