എം.എസ്.എഫ്-ഹരിത തര്‍ക്കങ്ങള്‍ പരിഹരിച്ചതായി മുസ്‌ലിം ലീഗ്
എം.എസ്.എഫ് ഭാരവാഹികള്‍ക്കെതിരേ നടപടിയില്ല; ഹരിത പരാതി പിന്‍വലിക്കും
സ്വന്തം ലേഖകന്‍
കോഴിക്കോട്: എം.എസ്.എഫ്, ഹരിത ഭാരവാഹികള്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചതായി മുസ്‌ലിം ലീഗ്. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച തീരുമാനം പിന്‍വലിക്കുമെന്നും എം.എസ്.എഫ് നേതാക്കള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ തുടര്‍നടപടിയുണ്ടാകില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഹരിത നേതാക്കള്‍ വനിതാ കമ്മിഷനു നല്‍കിയ പരാതി പിന്‍വലിക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്തായിരുന്നു. ഇക്കാര്യം അവര്‍ക്കു ബോധ്യപ്പെട്ടു. പരാമര്‍ശം അവര്‍ ദുരുദ്ദേശപരമായി നടത്തിയതല്ല. എങ്കിലും ഇതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയും അവര്‍ ഇക്കാര്യം അറിയിക്കും. എം.എസ്.എഫും ഹരിതയും കൂടുതല്‍ യോജിച്ചുപോകാനാവശ്യമായ ചര്‍ച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമായതിനാല്‍ പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ പ്രത്യേക സെല്‍ രൂപീകരിക്കും. ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുമെന്നും സലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."