രണ്ടു ദിവസത്തിനകം മരുന്ന് കമ്പനിയുമായി കരാറിലെത്തണം: കുഞ്ഞ് ഖാസിമിന് വേണം 3.65 കോടി രൂപ കൂടി
നടുവില്‍ (ആലക്കോട്): എസ്.എം.എ രോഗം ബാധിച്ച ചപ്പാരപ്പടവിലെ കുഞ്ഞു ഖാസിമിന്റ ചികിത്സയ്ക്ക് ഇനി 3.65 കോടിരൂപ കൂടി വേണം. മാട്ടൂലിലെ മുഹമ്മദ് ചികിത്സാ കമ്മറ്റി നല്‍കുവാന്‍ തീരുമാനിച്ച 8.5 കോടി ഉള്‍പ്പെടെ 14.37 (14,37,25,397.51) കോടി രൂപയാണ് ചികിത്സ അക്കൗണ്ടില്‍ ഉള്ളത്.
ഖാസിമിന് സെപ്റ്റംബര്‍ 26ന് രണ്ടു വയസ് പൂര്‍ത്തിയാകും. ഇതിനുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മരുന്നിന് ഓര്‍ഡര്‍ നല്‍കി ഇത് എത്തുവാന്‍ രണ്ടാഴ്ചയിലേറെ സമയമെടുക്കും. രണ്ടുദിവസത്തിനകം മരുന്ന് കമ്പനിയുമായുള്ള കരാറില്‍ ഏര്‍പ്പെടണം. ചികിത്സിക്കുന്ന ഡോക്ടറും ഖാസിമിന്റെ ബന്ധുവും സംയുക്തമായാണ് കരാറില്‍ ഒപ്പ് വയ്ക്കുക. വരുന്ന മാസം ആദ്യം മരുന്നിനുള്ള പണവും അടക്കേണ്ടതുണ്ട്.
സോള്‍ജെന്‍സമ ജീന്‍ തെറാപ്പിയുടെ അനുബന്ധ ചികിത്സ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കേണ്ടതുണ്ട്. രണ്ടു വയസ് പൂര്‍ത്തിയാകുന്ന 26നുള്ളില്‍ ചികിത്സ പൂര്‍ത്തിയാക്കുകയും വേണം. ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ വച്ചാണ് ചികിത്സ നടത്തുന്നത്. ചികിത്സ ആരംഭിക്കുന്നതിന് മുന്‍പുള്ള പരിശോധനകള്‍ രണ്ടുതവണ നടത്തി. അക്കൗണ്ട് മുഖാന്തരം കാര്യമായ പണം എത്താത്തത് ചികിത്സാ കമ്മിറ്റിയെ ആശങ്കയിലാക്കുന്നു. വിവിധ സംഘടനകളും മറ്റും ജനകീയ കലക്ഷനില്‍ ഇറങ്ങിയതോടെയാണ് ചികിത്സാ ഫണ്ടില്‍ വര്‍ധനവുണ്ടായത്.
ഫണ്ട് ശേഖരണത്തിനായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജനകീയ കലക്ഷന്‍ നടത്തുകയാണ് ഇപ്പോള്‍. സെപ്റ്റംബര്‍ രണ്ടിന് കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 15 ബസുകള്‍ ഇതിനായി മുന്നോട്ടുവന്നുകഴിഞ്ഞു. സമയപരിധിക്കകം ചികിത്സ ആരംഭിക്കുക എന്നതാണ് ചികിത്സാ കമ്മിറ്റിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
കുഞ്ഞു ഖാസിമിന്റെ ചിരി നിലനിര്‍ത്തുവാന്‍ വരും നാളുകളില്‍ കരുണ വറ്റാത്തവര്‍ കൈമെയ്മറന്ന് സഹായിക്കുമെന്ന പ്രതീക്ഷയാണ് ചികിത്സാ കമ്മിറ്റിക്കുള്ളത്. മരുന്നിന് നികുതി ഒഴിവാക്കി ലഭിക്കുന്നതിനുള്ള അപേക്ഷ കെ. സുധാകരന്‍ എം.പി മുഖാന്തരം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ തീരുമാനം വന്നിട്ടുമില്ല.
മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ അക്കൗണ്ടില്‍ എത്തിയ അധിക തുകയില്‍ നിന്ന് 8.5 കോടി മരുന്ന് കമ്പനിക്ക് നേരിട്ട് കൈമാറാനാണ് ധാരണ. മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെ തീരുമാനം വന്നതിനുശേഷമാണ് ഖാസിമിന് സഹായം ലഭിച്ചുതുടങ്ങിയതും. മുഹമ്മദിന്റെ അക്കൗണ്ടില്‍ എത്തിയ അധിക തുക ചികിത്സയ്ക്കായി എടുക്കണമെന്ന ആവശ്യം തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശക്തമായതാണ് ഖാസിമിന് സഹായം ലഭിക്കുന്നതിന് പ്രധാന വിലങ്ങുതടിയായത്. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ശനിയാഴ്ച വൈകിട്ട് ഖാസിമിനെ വീട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."